മലയിന്‍കീഴ്: വിളവൂര്‍ക്കലില്‍ വീണ്ടും ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ ആക്രമണം. ആര്‍എസ്എസ് പ്രവര്‍ത്തകനെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് വെട്ടിവീഴ്‌ത്തി. കൈകാലുകള്‍ക്ക് ഗുരുതര പരിക്കേറ്റ മലയിന്‍കീഴ് അയണിയോട് മേലേവീട്ടില്‍ (ജയാഭവന്‍) വിവേക് (27) നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു പുലര്‍ച്ചെ നാലിന് വിളവൂര്‍ക്കല്‍ പാറപ്പൊറ്റയില്‍ വച്ചാണ് ആക്രമണം നടന്നത്. ടിപ്പര്‍ ലോറി ഡ്രൈവറായ വിവേക് ഓട്ടത്തിനായി വണ്ടി എടുക്കാന്‍ പോകവെ റോഡരികില്‍ പതിയിരുന്ന നാലംഗ സംഘം വിവേക് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം വടിവാളുകൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ആക്രമണത്തില്‍ വിവേകിന്റെ വലതുകൈയുടെ പെരുവിരല്‍ അറ്റുവീണു. ഇരുകൈകളിലും കാലുകളിലും ആഴത്തില്‍ മുറിവേറ്റു. ഗുരുതര പരിക്കേറ്റ വിവേകിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ദിവസേന ഈ സമയത്ത് ടിപ്പര്‍ എടുക്കാന്‍ പോകുന്നത് സ്ഥിരം ഡ്രൈവറായ വിഷ്ണു (അച്ചു)വാണ്. ഇയാളുടെ അമ്മയ്‌ക്ക് സുഖമില്ലാതെ ആശുപത്രിയിലായതിനാല്‍ ഇന്നലെ വണ്ടി എടുക്കാന്‍ സുഹൃത്ത് വിവേകിനെ പകരക്കാരനായി അയയ്‌ക്കുകയായിരുന്നു. വിഷ്ണുവിനെ ആക്രമിക്കാന്‍ എത്തിയ സംഘമാണ് ആളുമാറി വിവേകിനെ വെട്ടിയത്. വിഷ്ണുവല്ല ആക്രമണത്തിന് ഇരയായതെന്ന് ബോധ്യപ്പെട്ട സംഘം വിവേകിനെ കൊല്ലാതെ ഉപേക്ഷിച്ച് പോവുകയായിരുന്നെന്ന് ആര്‍എസ്എസ് ആരോപിക്കുന്നു. വിഷ്ണു ആര്‍എസ്എസ് വിളവൂര്‍ക്കല്‍ മണ്ഡല്‍ കാര്യവാഹാണ്.
ഇക്കഴിഞ്ഞ ഏപ്രില്‍ 8 ന് രാത്രി വിളവൂര്‍ക്കലില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു. ഗര്‍ഭിണിയടക്കം ഏഴുപേര്‍ക്ക് അന്ന് മര്‍ദ്ദനമേറ്റു. രണ്ട് വീടുകള്‍ അടിച്ചു തകര്‍ത്തു. അന്നും അക്രമികള്‍ വിഷ്ണുവിനെ വകവരുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിഷ്ണുവിന്റെ ജീവനെടുക്കുമെന്ന് ആക്രാശിച്ചാണ് അന്ന് അക്രമികള്‍ മടങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് വിളവൂര്‍ക്കല്‍ പെരുകാവ് മേഖലയില്‍ നടന്ന വാക്കുതര്‍ക്കങ്ങളാണ് പിന്നിട് ആക്രമണത്തില്‍ കലാശിച്ചത്.
സംഭവത്തിന് ശേഷം മലയിന്‍കീഴ് പോലീസ് വിളിച്ചുകൂട്ടിയ യോഗത്തില്‍ ഇരു കക്ഷികളും ഇനിയൊരു സംഘര്‍ഷം ഉണ്ടാക്കില്ലെന്ന ധാരണണയിലാണ് പിരിഞ്ഞത്. എന്നാല്‍ ധാരണയുണ്ടാക്കി മൂന്നുമാസം പിന്നിട്ടപ്പോഴേക്കും മാര്‍ക്‌സിസ്റ്റു പാര്‍ട്ടി വടിവാള്‍ കൈയിലെടുക്കുകയായിരുന്നു.
ആക്രമണം ഡിവൈഎഫ്‌ഐ ആഹ്വാന പ്രകാരം: ബിജെപി
വിളവൂര്‍ക്കലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് നേരേയുണ്ടായ ആക്രമണം ഡിവൈഎഫ്‌ഐ ആഹ്വാന പ്രകാരമെന്ന് ബിജെപി ജില്ലാ മേഖലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു. ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവേകിനെ വെട്ടിവീഴ്‌ത്തുന്നതിന്റെ തലേന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് അഡ്വ.എ.എ റഹീം വിളവൂര്‍ക്കലില്‍ ഉണ്ടായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനകള്‍ തലേന്ന് നടന്നതായി സംശയിക്കുന്നു. ഭരണകക്ഷി നേതാക്കളെ പ്രീതിപ്പെടുത്താന്‍ കേസുകള്‍ അട്ടിമറിക്കുന്ന പോലീസ് ഇത്തരം കാര്യങ്ങള്‍ ഗൗരവമായി അന്വേഷിക്കമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രക്തം വീഴ്‌ത്തിയുള്ള രാഷ്‌ട്രീയം അവസാനിപ്പിക്കില്ലെന്ന് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ ഭയപ്പെടുത്തി വിളവൂര്‍ക്കലിനെ പാര്‍ട്ടി ഗ്രാമമാക്കാന്‍ ആരും മോഹിക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: