കാബൂള്‍: അഫ്ഗാനിസ്ഥാന് കൈപ്പിടിയിലൊതുക്കാന്‍ ചൈനയില്‍ നിന്നും എല്ലാവിധ സഹായവും തേടി താലിബാന്. താലിബാന് നേതാവ് മുല്ല ബറദാര്‍ അഖുണ്ഡിന്റെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘം ഈ ആവശ്യമുന്നയിച്ച് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയെ കണ്ടു. അതേ സമയം അഫ്ഗാനിസ്ഥാനെ മറ്റ് രാജ്യങ്ങളുടെ സുരക്ഷയ്ക്കെതിരായി ഉപയോഗിക്കില്ലെന്നും അവര്‍ ചൈനയ്ക്ക് ഉറപ്പ് നല്കി.
ഇതോടെ ഇന്ത്യ ഭയപ്പെടുന്ന ചൈന-താലിബാന്-പാകിസ്ഥാന് അച്ചുതണ്ട് രൂപപ്പെടാനുള്ള കളമൊരുങ്ങുകയാണ്. ഏകദേശം അഫ്ഗാനിസ്ഥാന്റെ ഗ്രാമപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന 85 ശതമാനത്തോളം താലിബാന് കയ്യടക്കിക്കഴിഞ്ഞു. ഇനി കാബുളും മറ്റ് രണ്ട് നഗരങ്ങളും കീഴടക്കിക്കഴിഞ്ഞാല്‍ അഫ്ഗാനിസ്ഥാന് ഭരണം താലിബാന്റെ കൈകളിലാവും. എന്നാല്‍ ഈ നഗരങ്ങളില്‍ നല്ല സൈനിക ശക്തിയുള്ള അഫ്ഗാന് സേന താലിബാന്റെ മുന്നേറ്റത്തെ ശക്തമായി ചെറുക്കുകയാണ്. ഇക്കാര്യത്തില്‍ യുഎസും ചെറിയ തോതില്‍ വ്യോമാക്രമണത്തിന് അഫ്ഗാനിസ്ഥാന് സര്‍ക്കാരിന് പിന്തുണ നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം നഗരത്തിന്റെ കടിഞ്ഞാണ്‍ കയ്യാളാന്‍ വേണ്ടി ആക്രമണം നടത്തിയ താലിബാന് സേനയുടെ 262 തീവ്രവാദികളെ അഫ്ഗാന് സേന വധിച്ചിരുന്നു. 176 താലിബാന് തീവ്രവാദികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാന് മണ്ണില്‍ നിന്നും യുഎസ് സേന പൂര്‍ണ്ണമായു പിന്‍വാങ്ങിയശേഷം ഇതാദ്യമായാണ് താലിബാന് തീവ്രവാദികള്‍ക്ക് ഇത്രയും വലിയ തിരിച്ചടി കിട്ടിയത്. ഈ പശ്ചാത്തലത്തിലാണ് അവശേഷിക്കുന്ന കാബൂള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ കൂടി കീഴടക്കാന്‍ താലിബാന് ചൈനയുടെ സഹായം തേടുന്നത്.
അതേ സമയം ജൂലായ് 27ന് നടന്ന യോഗത്തില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം ഉറപ്പിച്ചുകഴിഞ്ഞാല്‍ മറ്റൊരു രാജ്യത്തിന്റെയും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ താലിബാന് സര്‍ക്കാര്‍ തയ്യാറാവില്ലെന്ന് താലിബാന് നേതാവ് മുല്ല ബറദാര്‍ അഖുണ്ഡ് ചൈനക്ക് ഉറപ്പ് നല്കി. ഉയ്ഗുര് മുസ്ലിങ്ങളെ ശക്തമായി അടിച്ചമര്‍ത്തുകയാണ് ചൈന. അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരണം എത്തിയാല്‍ ഉയ്ഗുര് മുസ്ലിങ്ങളുടെ തീവ്രവാദ പ്രസ്ഥാനത്തിന് അഫ്ഗാനിസ്ഥാനില്‍ തണലൊരുങ്ങുമോ എന്ന ഭയം ചൈനയ്ക്കുണ്ട്. ചൈനയുടെ ഈ ഭയം നീക്കാനാണ് മൂന്നാമതൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ താലിബാന് അഫ്ഗാനിസ്ഥാന്റെ മണ്ണ് ഉപയോഗിക്കില്ലെന്ന ഉറപ്പ് ചൈനയ്ക്ക് നല്‍കിയത്.
രണ്ട് ദിവസമായി മുല്ല ബറദാറും സംഘവും ചൈനയില്‍ ഉന്നതതല സംഘങ്ങളുമായി കൂടിക്കാഴ്ചകള്‍ നടത്തുകയാണ്. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക രാഷ്ട്രീയ സുരക്ഷാ പ്രശ്നങ്ങള്‍ യോഗങ്ങളില്‍ ചര്‍ച്ച ചെയ്തെന്ന് താലിബാന് പ്രസ്താവനയില്‍ പറയുന്നു. ഇസ്ലാം മൗലികവാദത്തിന് എതിര് നില്ക്കുന്ന രാ,്ട്രങ്ങളെ ലക്ഷ്യംവെക്കാന്‍ അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ പരിശീലനക്യാമ്പ് തുറക്കാന്‍ സമ്മതിക്കില്ലെന്നും താലിബാന് ചൈനയ്ക്ക് ഉറപ്പ് നല്‍കിയതായി പറയുന്നു. അതായത് താലിബാന് അധികാരത്തില്‍ എത്തിയാല്‍ പാകിസ്ഥാന് കേന്ദ്രമായുള്ള തീവ്രവാദഗ്രൂപ്പുകളും അല്‍ക്വെയ്ദ പോലുള്ള ഇസ്ലാമിക ഗ്രൂപ്പകളും അഫ്ഗാനിസ്ഥാനില്‍ പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങുമെന്ന ആശങ്ക ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുണ്ട്.
1996 മുതല്‍ 2001 വരെ അഫ്ഗാനിസ്ഥാനില്‍ താലിബാന് ഭരിച്ചപ്പോള്‍ അല്‍ക്വെയ്ദ, ഹര്‍കത്ത് ഉല് അന്‍സര്‍, ഹുജി ബംഗ്ലദേശ് തുടങ്ങിയ തീവ്രവാദഗ്രൂപ്പുകള്‍ അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ പരിശീലന ക്യാമ്പ് തുറന്നിരുന്നു. പാകിസ്ഥാന് ആസ്ഥാനമായുള്ള ലഷ്കര്‍ ഇ ത്വയിബയും പരിശീലനകേന്ദ്രങ്ങള്‍ നടത്തിയിരുന്നു. ലോകമെമ്പാടുമുള്ള ആഗോള ജിഹാദിനെയും അന്ന് താലിബാന് ഭരണം സ്പോണ്സര് ചെയ്തിരുന്നു.
അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് പിന്തുണ നല്‍കിയതിന്, പ്രത്യേകിച്ചും കൊറോണ വൈറസിനെതിരായ യുദ്ധത്തില്‍ സഹായിച്ചതിന് താലിബാന് ചൈനയെ അഭിനന്ദിച്ചു. അതേ സമയം ചൈനയെ സംബന്ധിച്ചിടത്തോളം അവരുടെ ബെല്‍റ്റ് ആന്റ് റോഡ് അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ താലിബാന്റെ സഹായം ആവശ്യമാണ്. അതുവഴി ചൈനയ്ക്ക് മധ്യേഷ്യയിലേക്ക് പ്രവേശനം സുഗമമാകും. അതോടെ അഫ്ഗാനിസ്ഥാനുമായുള്ള ഉഭയവ്യാപാര ബന്ധം മെച്ചപ്പെടുത്താനും സാധിക്കും. കല്‍ക്കരി, ചെമ്പ്, ഇരുമ്പ് അയിരുകളുടെ ഖനിയാണ് അഫ്ഗാനിസ്ഥാനും മധ്യേഷ്യയും. താലിബാനെ സഹായിക്കുക വഴി ചൈന ഉറ്റുനോക്കുന്നത് ഇക്കാര്യങ്ങളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: