ആലപ്പുഴ: ബോട്ടുജെട്ടിയില്‍ നിന്ന് കാല്‍വഴുതി വെള്ളത്തില്‍ വീണ യാത്രക്കാരനെ രക്ഷിച്ച് ജലഗതാഗത വകുപ്പ് ജീവനക്കാരന്. സീ കുട്ടനാട് ബോട്ടിലെ ജീവനക്കാരായ സ്രാങ്ക് ആര്യാടന് രതീഷാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
തിങ്കളാഴ്ച രാത്രി 7.40ന് പുളിങ്കുന്ന് ബോട്ടില്‍ യാത്ര ചെയ്യുവാന്‍ എത്തിയ ചേന്നങ്കരി സ്വദേശി ഓട്ടോ ഡ്രൈവര്‍ ടോമിച്ചന് തലചുറ്റി ബോട്ടുജെട്ടിയുടെ കിഴക്കുഭാഗത്ത് വെള്ളത്തില്‍ വീഴുകയായിരുന്നു. സംഭവം ആര്യാടന് രതീഷിന്റെയും ലാസ്കര്‍ സുജിത്തന്റെയും ശ്രദ്ധയില്‍പ്പെട്ടു. ബോട്ടിലെ ജീവന്‍രക്ഷാ ഉപകരണമായ ലൈഫ്ബോയ ഇട്ടു കൊടുത്തെങ്കിലും, അവശനായ ടോമിച്ചന് ഇതില്‍ പിടിച്ച് രക്ഷപെടാന്‍ സാധിച്ചില്ല. തുടര്‍ന്ന് മലിനമായ തോട്ടില്‍ സ്വന്തം ശരീരം പോലും നോക്കാതെ രതിഷ് ചാടി രക്ഷപെടുത്തുകയായിരുന്നു. പ്രഥമ ശുശ്രൂഷ നല്കി ടോമിച്ചനെ യാത്രയയയ്ക്കുകയും ചെയ്തു.
യഥാസമയം യാത്രക്കാരനെ അവസരോചിതമായ ഇടപെടലിലൂടെ ജീവന് രക്ഷിച്ച ജീവനക്കാരെ ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി.നായര്‍ അഭിനന്ദിച്ചു. സ്രാങ്ക് അസോസിയേഷന് മുന്‍ സംസ്ഥാന പ്രസിഡന്റ് സി.റ്റി. ആദര്‍ശ്, ആലപ്പുഴ യൂണിറ്റ് പ്രസിഡന്റ് കെ. ആര്. വച എന്നിവര്‍ അനുമോദനമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: