തൊടുപുഴ: കാരിക്കോട് ജില്ലാ ആശുപത്രിയില്‍ ഇനി ജീവവായു മുടങ്ങില്ല. പ്രധാനമന്ത്രി പിഎം കെയര്‍ ഫണ്ടില്‍ നിന്ന് ഓരോ മിനിറ്റിലും 1000 ലിറ്റര്‍ ഓക്സിജന്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ജനറേറ്റിങ് പ്ലാന്റെത്തി. 1.3 കോടി രൂപയോളം വിലയുള്ള പ്ലാന്റ് ജില്ലാ ആശുപത്രി അധികൃതര്‍ ഏറ്റുവാങ്ങി. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പ്ലാന്റ് വഹിച്ചുള്ള ലോറി തൊടുപുഴയിലെത്തിയത്.
ഒട്ടും കാലതാമസമില്ലാതെ പ്ലാന്റ് സ്ഥാപിക്കുമെന്ന് സൂപ്രണ്ട് ഡോ. ഉമാദേവി പറഞ്ഞു. അന്തരീക്ഷ വായുവില്‍ നിന്ന് 93% ശുദ്ധിയില്‍ ഓക്സിജന്‍ പ്ലാന്റില്‍ നിന്ന് ലഭ്യമാകും. കേന്ദ്രീകൃത പൈപ്പ് ലൈന്‍ വഴി ഇത് ആശുപത്രിയിലെ വിവിധ ചികിത്സ കേന്ദ്രങ്ങളിലെത്തിക്കും.
ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റ് ഓര്ഗനൈസേഷന്(ഡിആര്‍ഡിഒ) ആണ് പ്ലാന്റ് സ്ഥാപിക്കുന്നത്. നിലവില്‍ സിലിണ്ടറുകളില്‍ ഓക്സിജന്‍ ശേഖരിച്ച് എത്തിച്ചാണ് രോഗികള്‍ക്ക് വിതരണം നടത്തുന്നത്. യഥാസമയം സിലിണ്ടറുകള്‍ നിറച്ച് ഇവിടെ എത്തിക്കുന്നതിന് വരുന്ന കാലതാമസം അധികൃതരേയും രോഗികളെയും ഒരുപോലെ ബുദ്ധിമുട്ടിച്ചിരുന്നു പ്ലാന്റ് വരുന്നതോടെ ഓക്സിജന്‍ കൊണ്ടുവരുന്നതിനുള്ള കാലതാമസവും ചെലവും ഇല്ലാതാകും
അതേ സമയം പ്ലാന്റിനെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാതെ ആശുപത്രി അധികൃതര്‍. കേന്ദ്ര പദ്ധതി പ്രകാരം ലഭിച്ച പ്ലാന്റിന്റെ വിശാദാശംങ്ങള് ചില സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വഴങ്ങി ഒളിപ്പിച്ചുവെയ്ക്കുകയാണെന്ന പരാതിയുമായി ബിജെപി നേതാക്കളും രംഗത്തെത്തി. ഇതിന്റെ വിവരങ്ങള്‍ പുറത്ത് പറയുന്നതില്‍ നിന്ന് ആശുപത്രി സൂപ്രണ്ട് പിആര്‍ഒ അടക്കമുള്ള ജീവനക്കാരെ വിലക്കിയിരിക്കുകയാണ്.
മാധ്യമ പ്രവര്‍ത്തര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കേണ്ടെന്നും നിര്‍ദേശമുണ്ട്. പി.ജെ. ജോസഫ് എംഎല്‍എ അടക്കമുള്ളവര്‍ ഇത് തങ്ങളുടെ പ്രവര്‍ത്തന ഫലമായി കിട്ടിയതാണെന്ന വാദവുമായി നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. പതിവ് പോലെ കേന്ദ്രപദ്ധതികളെ സംസ്ഥാന പദ്ധതികളാക്കാനുള്ള നീക്കമാണ് ഇവിടേയും നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: