ഡാളസ്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക(കെഎച്ച്എന്‍എ)യുടെ ദേശിയ കണ്വന്ഷന് തുടക്കം കുറിച്ച നഗരത്തില്‍ പതിനൊന്നാമത് കണ്‍വന്‍ഷന്റെ ശുഭാരംഭത്തിനും മികച്ച തുടക്കം.ഡിസംബറില്‍ അരിസോണയില്‍ നടക്കുന്ന ആഗോള ഹൈന്ദവ സംഗമത്തിന്റെ ശുഭാരംഭം ഡാളസില്‍ നടന്നു. ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രാങ്കണത്തില്‍ നടന്ന പരിപാടിയില്‍ കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ.സതിഷ് അമ്പാടി മുഖ്യാതിഥിയായി പങ്കെടുത്തു.
സ്വാമി സത്യാനന്ദ സരസ്വതിയുടെ ആശീര്‍വാദത്തോടെ 2001ല്‍ പ്രഥമ കെഎച്ചഎന്‍എ കണ്വന്ഷന് നടന്ന ഡാളസില്‍, ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ നിന്ന് ഇത്തവണത്തെ കണ്‍വന്‍ഷന്റെ ശുഭാരംഭം പരിപാടികള്‍ ആരംഭിക്കാന്‍ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നതായി .സതിഷ് അമ്പാടി പറഞ്ഞു. കെഎച്ചഎന്‍എ കണ്വന്ഷന് രണ്ടു തവണ ആതിഥേയത്വം വഹിച്ച ഏക നഗരവും ഡാളസാണ്. ഇതുകൊണ്ടു തന്നെ സംഘടനയുടെ ശക്തി കേന്ദ്രവുമാണ്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലും മികച്ച ഒരുക്കങ്ങളാണ് അരിസോണയില്‍ കണ്‍വന്‍ഷനായി നടത്തിയിരിക്കുന്നത്. സതിഷ് അമ്പാടി പറഞ്ഞു.
കെഎച്ച്എന്‍എ സ്ഥാപകാംഗവും കേരള ഹിന്ദു സൊസൈറ്റി ഓഫ് നോര്‍ത്ത ടെക്സാസ് ചെയര്‍മാനുമായ ഗോപാലപിള്ള സ്വാഗതം പറഞ്ഞു
സ്ഥാപകാംഗങ്ങളായ ടി എന്‍ നായര്‍(മുന്‍ പ്രസിഡന്റ്), ഭാസി നായര്‍, രാമചന്ദ്രന് നായര്‍ കെഎച്ച്എന്‍എ ട്രസ്റ്റി ബോര്‍ഡ് വൈസ് ചെയര്മാന് രാജു പിള്ള, ഡയറക്ടര്‍ ബോര്‍ഡ് അംഗം കേശവന് നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി. കെഎച്ച്എന്‍എ കുടുംബാംഗങ്ങള്‍ക്കായി ക്ഷേത്രത്തില്‍ ഐക്യമത്യ സൂക്ത പുഷ്പാജ്ഞലി നടത്തികൊണ്ടായിരുന്നു പരിപാടി തുടങ്ങിയത്. പൂജാരി ഇളങ്ങള്ളൂര്‍ നാരായണന് നമ്പൂതിരി, ഭാഗവതവും പ്രസാദവും ഡോ.സതിഷ് അമ്പാടിക്ക് നല്കി. നിരവധി കുടുംബങ്ങള്‍ കണ്‍വന്‍ഷനിലേക്ക് രജിസ്ട്രഷന് നടത്തി.
2021 ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ അരിസോണ ഗ്രാന്റ് റിസോര്‍ട്ടിലാണ് കണ്വന്ഷന്.
പൊതുസമ്മേളനം, ആദ്ധ്യാത്മിക പ്രഭാഷണം, സാംസ്കാരിക സമ്മേളനങ്ങള്‍, സദ്സംഗങ്ങള്‍,സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രര്‍ ചെയ്യാനും www.namaha.org സന്ദര്‍ശിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക: