അഭയം തേടി എത്തുന്നവര്‍ക്ക് തങ്ങളാലാവുംവിധം അതു നല്‍കുകയെന്നത് സജ്ജനങ്ങള്‍ക്ക് ജീവിതധര്‍മമാണ്. ശത്രുക്കള്‍ക്കു പോലും അഭയം നല്കുന്ന മഹത്തായ ഭാരതീയ പാരമ്പര്യത്തെ ഓര്‍മിപ്പിക്കുന്ന പല സന്ദര്‍ഭങ്ങളും രാമായണത്തിലുണ്ട്.
രാവണനെ പിരിഞ്ഞ് ശ്രീരാമസന്നിധിയിലെത്തുന്ന വിഭീഷണനെ സ്വീകരിക്കാന്‍ സുഗ്രീവനടക്കമുള്ളവര്‍ സമ്മതിക്കുന്നില്ല.
”അന്നേരമുത്ഥായ വന്ദിച്ചു മാരുതി
ചൊന്നാന്‍ വിഭീഷണനുത്തമനെത്രയും
വന്നു ശരണം ഗമിച്ചവന്‍ തന്നെ നാം
നന്നു രക്ഷിക്കുന്നതെന്നെന്നുടെ മതം”
വിഭീഷണന് അഭയം കൊടുക്കുക തന്നെയാണ് വേണ്ടതെന്ന് തികഞ്ഞ വിവേകത്തോടെ ഹനുമാന് സമര്‍ഥിക്കുന്നുണ്ട്. ശ്രീരാമന് നിറഞ്ഞ മനസ്സോടെ വിഭീഷണന് അഭയം നല്‍കുകയും ചെയ്യുന്നു.
”എന്നെശ്ശരണമെന്നോര്‍ത്തിങ്ങു വന്നവ
നെന്നുമഭയം കൊടുക്കുമതേയുള്ളൂ”
എന്നാണ് അപ്പോള്‍ ശ്രീരാമന് പറയുന്നത്.
മുനിയാകുന്നതിനു മുന്‍പ് വാല്മീകി, വനത്തിലെ ചോരനായിരുന്നു. സപ്തമുനിമാരുടെ അര്‍ഥവത്തായ ചോദ്യത്തെ തുടര്‍ന്ന് ചിന്താവിവശനായ അയാള്‍ ആശ്രയം തേടി വന്നപ്പോള്‍ അവരും പറയുന്നുണ്ട്:
”രക്ഷരക്ഷേതി ശരണം ഗമിച്ചവന്‍
രക്ഷണീയന്‍ പ്രയത്നേന ദുഷ്ടോപിവാ”
അഭയംതേടി വരുന്നവര്‍ ദുഷ്ടരാണെങ്കില്‍പ്പോലും കൈവെടിയരുതെന്ന അവരുടെ നിശ്ചയമാണ് ആ വനചോരന്‍ വാല്മീകിയായിത്തീരാന്‍ കാരണം.
തേടിയെത്തുന്നയാള്‍ക്ക് സമ്പൂര്‍ണ അഭയം നല്കാന് എപ്പോഴും എല്ലാവര്ക്കും കഴിഞ്ഞെന്നു വരില്ല. ആപത്ഘട്ടങ്ങളില്‍ ചെയ്തു കൊടുക്കുന്ന ചെറിയ സഹായം പോലും അഭയദാനമാണ്.
രാമായണത്തിലെ ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ നല്കുന്ന സന്ദേശം ഇന്നും പ്രസക്തമാണ്. എല്ലാ നിലയ്ക്കും വികസനത്തിന്റെ അത്യുന്നതങ്ങളില്‍ എത്തിയിരിക്കുന്ന ആധുനിക ലോകത്തും അഭയാര്‍ഥികള്‍ പെരുകുന്നു. പലരാജ്യങ്ങളില്‍ നിന്നും പലായനം ചെയ്യേണ്ടി വരുന്നവര്‍ ഒട്ടേറെയുണ്ട്. ഭരണാധികാരികളുടെ ദുര്‍നയങ്ങള്‍ കാരണം കെടുതികള്‍ അനുഭവിക്കേണ്ടി വരുന്ന നിസ്സഹായരാണിവര്‍. അഭയംതേടി ഇവര്‍ക്ക് രാജ്യം തോറും അലയേണ്ടി വരുന്നു. പലരും ഈ പലായനത്തിനിടയില്‍ മരിച്ചു വീഴുന്നു. അതി സമ്പന്നരാജ്യങ്ങള്‍ പോലും അഭയാര്‍ഥികളെ ആട്ടിയോടിക്കുന്നു. ശ്രീരാമനിലും സപ്തര്‍ഷികളിലും കണ്ട കാരുണ്യത്തിന്റെ നേരിയൊരംശം പോലും ഇന്നത്തെ പല ഭരണാധികാരികളിലും കാണുന്നില്ല.
മൂന്നു വര്‍ഷം മുമ്പ് കേരളത്തിലുണ്ടായ പ്രളയത്തിന്റെ ദിനങ്ങള്‍ അഭയദാനത്തിന്റെ പ്രാധാന്യം നമ്മെ അനുഭവിപ്പിക്കുകയുണ്ടായി. സംസാര സാഗരത്തിന്റെ പ്രതിരൂപം പലരും നേരില്‍കണ്ടു. ആരും അഭയാര്‍ഥിയായിത്തീരാമെന്ന് ഓര്‍മിപ്പിച്ച നാളുകള്‍.
അന്യരുടെ ദുരിതങ്ങള്‍ ഉള്‍ക്കൊള്ളാനും സഹായ മനസ്ഥിതി വളര്‍ത്താനും രാായണത്തിലെ അഭയസങ്കല്‍പം എല്ലാവര്ക്കും പ്രേരകമാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: