കൊല്ലം: ‘…..ധാരാളം കേസുകള്‍ ഉണ്ടായിരുന്ന കാലത്ത് വാടകയ്ക്കെടുത്ത ഓഫീസാണ്. ഇപ്പോള്‍ വാടക കൊടുത്തിട്ട് രണ്ടുമാസമായി വൈദ്യുതിബില്ലും മറ്റ് ചെലവുകളും കൊടുക്കാനുണ്ട്. സഹായത്തിനുള്ള ക്ലാര്‍ക്കുമാരുടെയും ഡിടിപി ഓപ്പറേറ്റര്‍മാരുടെയും അപേക്ഷ എഴുതുന്നവരുടെയും സ്ഥിതിയും വളരെ മോശമാണ് ‘… കൊല്ലം ബാറിലെ യുവ അഭിഭാഷകന് പറയുന്നു.
കോവിഡ് നിയന്ത്രണവും ലോക്ഡൗണും മറ്റേതുവിഭാഗത്തെയും പോലെ അഭിഭാഷകസമൂഹത്തെയും ബാധിച്ചു. കേസില്ല, ഫീസില്ല, ചെലവിന് കുറവുമില്ല. വരുമാനം കുറവും ചെലവ് കൂടുകയും ചെയ്യുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ‘സ്വന്തം വരുമാനം വിടുക. ഒരു ഓഫീസ്നടത്തികൊണ്ടുപോകണമെങ്കില് വാടകയും ക്ലാര്‍ക്കിന്റെ ശമ്പളവും വൈദ്യുതി ചാര്‍ജും എല്ലാ ചേര്‍ത്ത് മാസം ചുരുങ്ങിയത് 25000 രൂപ വേണം. ജൂനിയേഴ്സിന്റെ കാര്യവും നോക്കണം. ലോക്ഡൗണ്‍ തുടങ്ങിയതില്‍പ്പിന്നെ മാസം 5000 രൂപ തികച്ച് കിട്ടാത്ത അഭിഭാഷകരാണ് ജില്ലയില്‍ അധികവും. അതേ സമയം കോടതി കേസ് വിളിക്കുന്നതുകൊണ്ട് ഹാജരാകാതിരിക്കാനും വയ്യ’ കൊല്ലം ബാര്‍ അസോസിയേഷനിലെ മുതിര്‍ന്ന അഭിഭാഷകന് പറയുന്നു.
കൊല്ലത്ത് 22 കോടതികളും കൊട്ടാരക്കരയിലും പുനലൂരിലും ഏഴ് വീതവും കരുനാഗപ്പള്ളിയിലും ചവറയിലും മൂന്നുവീതവും പരവൂരിലും ശാസ്താംകോട്ടയിലും രണ്ടുവിതവും കടയ്ക്കലില്‍ ഒന്നുമാണിത്. ചടയമംഗലത്തും പെരിനാടും ഗ്രാമ ന്യായാലയങ്ങളുണ്ട്. ഇവിടെയെല്ലാം കൂടി രണ്ടായിരത്തിലേറെ അഭിഭാഷകരും. സജീവമായി പ്രാക്ടീസ് നടത്തുന്നവര്‍ മാത്രം ആയിരത്തിലധികം വരും. അവരുടെ കാര്യമാണ് കഷ്ടം. പത്തുവര്‍ഷത്തില്‍ താഴെ പ്രാക്ടീസുള്ളവര്‍ക്കും ഏതാണ്ട് 40 വയസ്സ് പിന്നിട്ടവര്‍ക്കും മറ്റുരംഗത്തേക്ക് ചുവടുവയ്ക്കാനുള്ള പ്രായം പിന്നിട്ടു. കുടുംബവും മറ്റ് ഉത്തരവാദിത്വങ്ങളും ആകുകയും ചെയ്തു. കൊവിഡും ലോക്ഡൗണും കാരണം ഇവരുടെ വരുമാനം നിലച്ചു.
കൊല്ലത്തെ എല്ലാ കോടതികളും കൂടി ചേര്‍ന്ന് രാവിലെയും ഉച്ചയ്ക്കുശേഷവുമായി നൂറ് കേസുകളാണ് ഇപ്പോള്‍ ദിവസവും പരിഗണിക്കുന്നത്. മുമ്പ് അഞ്ഞൂറോളം കേസ് വിളിച്ചിരുന്നതാണ്. കക്ഷികള്‍ക്ക് കോടതികളില്‍ പ്രവേശനം അനുവദിക്കാത്തതുകൊണ്ട് വക്കീല്ഓഫീസുകളിലും എത്താറില്ല. അത് കൊണ്ട് വക്കീല്‍ ഫീസും ഇല്ല. പുതിയ വക്കാലത്തുകള്‍ തീര്‍ത്തും കുറഞ്ഞതിനാല്‍ സ്റ്റാമ്പ് ഫീ ഇനത്തില്‍ സര്‍ക്കാരിനും ലക്ഷക്കണക്കിന് രൂപ വരുമാനം കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: