കൊല്ലം: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണബാങ്കുകളില്‍ നടക്കുന്ന അഴിമതികള്‍ പാര്‍ട്ടി ജില്ലാനേതൃത്വത്തിന് തലവേദനയാകുന്നു. ഓരോ ബാങ്കുകളിലും നടക്കുന്ന വൃത്തികേടുകള്‍ പുറത്തുവരുമ്പോള്‍ പാര്‍ട്ടിയുടെ വികൃതമുഖം കൂടിയാണ് തുറന്നുകാട്ടപ്പെടുന്നത്.
ലോണ്‍ തിരിമറിയും പുതുക്കലും വഴി കോടികളുടെ ഇടപാടുകളാണ് സിപിഎം ലോക്കല്‍, ഏരിയ കമ്മിറ്റികളുടെ ഓഫീസ് വഴിയും നേതാക്കള്‍ വഴിയും നടക്കുന്നത്. ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുക്കുന്നത് ബാങ്കുകളില്‍ പാര്‍ട്ടി മുഖേന ജോലിക്ക് എത്തുന്ന ജീവനക്കാരാണ്.
ജീവനക്കാര്‍ എന്ന് പറയുന്നത് വെറും ജീവനക്കാര്‍ അല്ല, പാര്‍ട്ടിയുടെ പല ഘടകങ്ങളില്‍ ഭാരവാഹികളായവര്‍. മുന്‍ ജനപ്രതിനിധികളും ഇതിലുണ്ടാകും. അതുകൊണ്ട് തന്നെ പാര്‍ട്ടി നിയന്ത്രണത്തില്‍ തന്നെയാണ് ലോണ്‍ കൊടുക്കലും വാങ്ങലും നടക്കുന്നത്. എല്ലാത്തിനും പാര്‍ട്ടിക്ക് വിഹിതമുണ്ട്. ലോണ്‍ എടുക്കുമ്പോള്‍ ഒരു വര്‍ഷത്തെ പാര്‍ട്ടിപത്രത്തിന്റെ വരി ഇവരില്‍ നിന്നും ഈടാക്കുന്നു. കൂടാതെ പാര്‍ട്ടിയിലേക്കുള്ള സംഭാവന തുകയും കൊടുക്കണം.
ലോണ്‍ എടുക്കുന്നതിനും കടമ്പകള്‍ ഏറെയുണ്ട്. ബ്രാഞ്ചു മുതല്‍ ഏരിയ കമ്മിറ്റി അംഗങ്ങള്‍ വരെയുള്ളവരുടെ അനുഗ്രഹവും ആവശ്യമാണ്. ബാങ്കില്‍ നടക്കുന്ന ഇടപാടുകള്‍ എല്ലാം പാര്‍ട്ടി നേതൃത്വം അറിഞ്ഞുതന്നെ. സഹകരണ ബാങ്കുകള്‍ പാര്‍ട്ടിയുടെ പ്രധാന ധനസ്രോതസാണെന്ന് പാര്‍ട്ടി അണികള്‍ തന്നെ സാക്ഷ്യപെടുത്തുന്നു. പാര്‍ട്ടിയുടെ അനുബന്ധ പരിപാടികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതൃത്വം കൊടുക്കുന്ന സാംസ്കാരിക സംഘടനകള്‍ക്കും ലൈബ്രറികള്‍ക്കും ക്ലബ്ബുകള്‍ക്കും സഹകരണ ബാങ്കുകളില്‍ നിന്നും നല്ലൊരു തുക കൃത്യമായ ഇടവേളകളില്‍ സംഭാവനയായി ലഭിക്കും.
സഹകരണ റിക്രൂട്ട്മെന്റ്ബോര്‍ഡ് നോക്കുകുത്തി
സഹകരണസംഘങ്ങളില്‍ ജീവനക്കാരുടെ നിയമനം സഹകരണ റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴിയാണ്. എന്നാല്‍ ബോര്‍ഡിനെ നോക്കുകുത്തിയാക്കിയാണ് നിയമനങ്ങള്‍ പാര്‍ട്ടി നടത്തുന്നത്. താഴേത്തട്ടിലുള്ള നിയമനങ്ങളില്‍ പാര്ട്ടിതലത്തില്തന്നെ ഇടപെടലുണ്ട്. കളക്ഷന്‍ ഏജന്റുമാര്‍ എന്ന നിലയില്‍ ബാങ്കിലേക്ക് പാര്‍ട്ടി നിയോഗിക്കുന്നവര്‍ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ബാങ്കിന്റെ ഭാഗമാകുകയും ക്രമേണ സ്റ്റാഫുകളാകുകയും ചെയ്യും.
സഹകരണ റിക്രൂട്ട്മെന്റ് ബോര്‍ഡ് വഴി അര്‍ഹതയുള്ളവര്‍ എത്തിയാല്‍ അവരെ പാര്‍ട്ടിയുടെ വരുതിക്കുള്ളിലാക്കുകയോ പുറത്താക്കാന്‍ ഉള്ള നടപടികളുമായി ഭരണസമിതി മുന്നോട്ടുപോകുകയും ചെയ്യും. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണസംഘങ്ങളിലാകട്ടെ ജീവനക്കാരെ നിയമിക്കുന്നതില്‍ പണത്തിനാണ് പ്രാമുഖ്യമെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: