ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ ഇരട്ടിപ്രായമുള്ള ആളുമായി നിര്‍ബന്ധിച്ച് വിവാഹം നടത്തിയശേഷം ഇസ്ലമിലേക്ക് മതപരിവര്‍ത്തനം ചെയ്ത ഹിന്ദു യുവതിയെ മോചിപ്പിച്ചു. മുഹമ്മദ് ഖാസിം എന്നയാളുമായുള്ള വിവാഹത്തെ തുടര്‍ന്ന് മതംമാറി മറിയം എന്ന പേര് സ്വീകരിക്കേണ്ടിവന്ന റീന മേഘ്വാറിനെയാണ് തിങ്കളാഴ്ച(ജൂലൈ 26ന്) പാക്കിസ്ഥാന് പൊലീസ് രക്ഷപ്പെടുത്തി സമുദായ നേതാക്കളുടെ സമീപം എത്തിച്ചത്. മാധ്യമപ്രവര്‍ത്തക സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച റീനയുടെ സന്ദേശം വൈറലായിതിന് പിന്നാലെയായിരുന്നു ഇത്.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇരട്ടി പ്രായമുളള ഖാസിമുമായി സിന്ധ് പ്രവിശ്യയിലെ ബാദിന് ജില്ലയില്‍നിന്നുള്ള മേഘ്വാറിന്റെ വിവാഹം നടന്നത്. ‘തനിക്ക് മാതാപിതാക്കളുടെ അടുത്തേക്ക് പോകണം. താന്‍ മുസ്ലിമല്ല. ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിക്കുന്നു’വെന്ന് വീന്ഗസ് എന്ന മാധ്യമപ്രവര്‍ത്തക ട്വീറ്റ് ചെയ്ത വീഡിയോയില്‍ അവര്‍ പറയുന്നു. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ പ്രദേശത്തെ ഹിന്ദുക്കള്‍ ഒത്തുകൂടി നടപടിയെടുക്കാന്‍ പൊലീസിന് മേല്‍ സമ്മര്‍ദം ചെലുത്തി. തുടര്‍ന്നാണ് ഖാസിമിന്റെ വീട് റെയ്ഡ് ചെയ്ത് പെണ്‍കുട്ടിയെ തിരികെയെത്തിച്ചത്.
പ്രദേശത്തെ കോടതിയില്‍ എത്തിച്ചശേഷം റീനയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് സുരക്ഷിതമായ സ്ഥലത്ത് താമസിപ്പിച്ചശേഷമാണ് മാതാപിതാക്കളുടെ അടുത്ത് എത്തിച്ചതെന്ന് ‘സീ ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. ഹൈന്ദവ നേതാക്കള്‍ക്കും രക്ഷിതാക്കള്‍ക്കും യുവതിയെ കൈമാറുമ്പോള്‍ ബാദിന് സീനിയര്‍ പൊലീസ് സൂപ്രണ്ട് ഷാബിര്‍ സേത്തര് പെണ്‍കുട്ടിയുടെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുന്ന ചിത്രവും പുറത്തുവന്നു. ഏപ്രിലില്‍ വീടിന്റെ മേല്‍ക്കൂരയില്‍ കയറിനിന്ന് അയല്‍വാസികളുടെ സഹായം തേടുന്ന റീനയുടെ വീഡിയോയും ഏറെ ചര്‍ച്ചയായിരുന്നു.
എന്നാല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ ഭര്‍ത്താവിനെതിരെ മൊഴി കൊടുക്കാന്‍ ഭീഷണിയെ തുടര്‍ന്ന് യുവതി തയ്യാറായില്ല. നിരവധി പെണ്‍കുട്ടികളെയാണ് ഒരോ വര്‍ഷവും പാക്കിസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കി മുസ്ലിം പുരുഷന്മാര് വിവാഹം കഴിക്കുന്നത്. ഇത്തരം പരാതികള്‍ പലപ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് പൊലീസിന്റെ പതിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: