ഗുവാഹതി: അഞ്ച് അസം പൊലീസുകാരുടെ മരണത്തില്‍ കലാശിച്ച മിസോറാം പൊലീസ് നടത്തിയ വെടിവെപ്പ് ഒരു കലാപത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടു. അമിത് ഷായുടെ ഉപദേശപ്രകാരം മിസോറാം മുഖ്യമന്ത്രി സൊറാംതങ്ക അവരുടെ പൊലീസ് സേനയെ അസം തര്‍ക്കപ്രദേശത്ത് നിന്നും പിന്‍വലിച്ചു.
അസമിലെ ലെയ്ലാപൂരിലെ ഇന്നര്‍ ലൈന്‍ റിസര്‍വ്വ് വനം നശിപ്പിച്ച് റെംഗ്ടി ബസ്തിയിലേക്ക് റോഡ് നിര്‍മ്മിച്ച മിസോറാം നടപടിയെ അസം ചോദ്യം ചെയ്തതോടെയാണ് ഇപ്പോഴത്തെ തര്‍ക്കം ഉടലെടുത്തത്. അസം റിസര്‍വ്വ് വനത്തില്‍ ഒരു സായുധപൊലീസ് ക്യാമ്പ് സ്ഥാപിക്കലായിരുന്നു മിസോറാമിന്റെ ലക്ഷ്യം. ഇതിനെ എതിര്‍ത്ത അസം ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും എതിരെ മിസോറാം ലൈറ്റ് മെഷീന് ഗണ്ണുകളും ഓട്ടോമാറ്റിക് തോക്കുകളും ഉപയോഗിച്ച് വെടിയുതിര്‍ത്തു. ഇതില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെടുകയും 50 സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ അസം പൊലീസ് കൊളാസിബ് കുറുകെക്കടന്ന് ദേശീയ പാതയില്‍ കടന്ന വാഹനങ്ങള്‍ നിശിപ്പിക്കുകയും മിസോറാം പൊലീസിന് നേരെ പ്രകോപനമുണ്ടാക്കുന്ന രീതിയില്‍ വെടിവെപ്പ് നടത്തിയെന്നുമാണ് മിസോറാമിന്റെ പരാതി.അസം പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതിനെതുടര്‍ന്ന് അസം പൊലീസിന് നേരെ മാത്രമാണ് വെടിവെച്ചതെന്ന് മിസോറാം അവകാശപ്പെടുന്നു.
ഇത് വലിയൊരു അതിര്‍ത്തി യുദ്ധത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടത്. അമിത് ഷാ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയോടും മിസോറാം മുഖ്യമന്ത്രി സൊറാംതങ്കയോടും സംസാരിച്ചതിനെ തുടര്‍ന്ന് മിസോറാം അവരുടെ പൊലീസ് സേനയെ പിന്‍വലിച്ചു. അതിര്ത്തിപ്രശ്നങ്ങള് പരിഹരിക്കാന്‍ എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും തമ്മില്‍ ധാരണയിലെത്തിയതിന് പിന്നാലെയാണ് ഈ അനിഷ്ടസംഭവമുണ്ടായതെന്നതില്‍ ഖേദമുണ്ടെന്ന് മിസോറാം മുഖ്യമന്ത്രി പ്രതികരിച്ചു.
മിസോറാമുമായുള്ള അതിര്‍ത്തിത്തര്‍ക്കത്തില്‍ ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് അസംമുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. താന്‍ ഭരിക്കുന്ന സംസ്ഥാനത്തിന്റെ ഒരിഞ്ചുപോലും ആര്‍ക്കും വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തി തര്‍ക്കങ്ങള്‍ എന്നെന്നേക്കുമായി പറഞ്ഞ് തീര്‍ക്കാനാണ് അമിത് ഷാ കഴിഞ്ഞ ദിവസം ഷില്ലോങില്‍ എത്തിയത്. അതിര്‍ത്തിപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയുമായിരുന്നു അമിത് ഷായുടെ ലക്ഷ്യം.
അസം, മേഘാലയ, ത്രിപുര, മണിപ്പൂര്‍, മിസോറാം, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അമിത് ഷാ അതിര്‍ത്തി പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ച അവസാനിച്ച് അധികം വൈകാതെയാണ് മിസോറാം-അസം അതിര്‍ത്തി സംഘര്‍ഷമുണ്ടായത്.
അസം, മിസോറാം അതിര്‍ത്തികള്‍ കൃത്യമായി അടയാളപ്പെടുത്താത്തതിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായതെന്ന് ആരോപണമുണ്ട്. അസമിന്റെ കച്ചാര്‍, മിസോറാമിന്റെ കൊളാസിബ് എന്നീ ജില്ലകള്‍ക്കിടയിലൂടെയാണ് ഇരുസംസ്ഥാനങ്ങളുടെയും അതിര്‍ത്തി കടന്നുപോകുന്നത്. ഇക്കാര്യത്തില്‍ ശാശ്വതപരിഹാരമുണ്ടാക്കുമെന്ന് അമിത് ഷാ ഇരുസംസ്ഥാനങ്ങള്‍ക്കും ഉറപ്പുനല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: