തൊടുപുഴ: നഗരസഭയില്‍ വാര്‍ഡടിസ്ഥാനത്തില്‍ കൊവിഡ് വാക്സിനേഷന് നടത്താന്‍ ഇടുക്കി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ജില്ലാ കളക്ടര്‍ക്ക് നല്കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തൊടുപുഴ നഗരസഭയില്‍ മുമ്പ് വാര്‍ഡടിസ്ഥാനത്തിലായിരുന്നു വാക്സിനേഷന് നടപ്പിലാക്കിയിരുന്നത്. എന്നാല്‍ അതില്‍ മാറ്റം വരുത്തി സ്പോട്ട് രജിസ്ട്രേഷന് ഏര്‍പ്പെടുത്തിയതിലൂടെ വാക്സിന് സെന്ററുകളില്‍ വലിയ തിക്കും തിരക്കും ഉണ്ടാവുന്നുണ്ട്. ഇത് രോഗം പകരാന്‍ ഇടയാകുകയും ചെയ്തതായി വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭാ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം അനുഷ്ഠിക്കുകയും ചെയ്തു.
കാരിക്കോട് നൈനാര്‍ പള്ളി ഓഡിറ്റോറിയത്തില്‍ നിലവിലുണ്ടായിരുന്ന വാക്സിനേഷന് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത് റദ്ദാക്കിയത് വളരെയേറെ അസൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. അതുപോലെ തന്നെ പാറക്കടവില്‍ നിലവിലുള്ള സെന്റര്‍ നിര്‍ത്തലാക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇത് രണ്ടും നിര്‍ത്തി സെന്റ് സെബാസ്റ്റ്യന്‍ ഹാളിലേക്ക് മാറ്റാനാണ് നീക്കം. ഈ നടപടികളില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
നിലവിലുള്ള വാക്സിനേഷന് സെന്ററുകള്‍ക്ക് പുറമേ തൊടുപുഴ ടൗണ്‍, കാരിക്കോട് നൈനാര്‍ പള്ളി ആഡിറ്റോറിയം, കാഞ്ഞിരമറ്റം എന്നിവടങ്ങളില്‍ കൂടി പുതിയ വാക്സിനേഷന് സെന്ററുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ന് രാവിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നഗരസഭാ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തും.
പാറക്കടവിലെയും കാരിക്കോട്ടേയും സെന്ററുകള്‍ നിര്‍ത്തലാക്കാനുള്ള നടപടിക്ക് നഗരസഭാ ചെയര്‍മാനും കൂട്ടുനില്‍ക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും നേതാക്കള്‍ പറഞ്ഞു.
ഉദ്യോഗസ്ഥര്‍ക്കിടയില്‍ തര്‍ക്കം
കാരിക്കോടുള്ള വാക്സിന് കേന്ദ്രം നിര്‍ത്തിയതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഇടയില്‍ ഭിന്നാഭിപ്രായം. കളക്ടറടക്കം ഇടപെട്ടിട്ടും വിഷയത്തില്‍ ചുമതലയുള്ളവര്‍ വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല. ഡിഎംഒ തന്നോട് പറഞ്ഞില്ലെന്നും ഇതിനാല്‍ ഇക്കാര്യം പാലിക്കാന്‍ പറ്റില്ലെന്നുമാണ് ചുമതലയുള്ള ഉദ്യോഗസ്ഥ ജനപ്രതിനിധികളോട് അടക്കം പറയുന്നത്.
വാക്സിന് കേന്ദ്രങ്ങള്‍ കൂട്ടി പരമാവധി പേര്‍ക്ക് നല്കാന് ശ്രമിക്കാതെ അടച്ച് പൂട്ടുന്ന നടപടിയാണ് തൊടുപുഴ നഗരസഭയില്‍ നടക്കുന്നതെന്ന് ബിജെപി നേതാക്കളും പറഞ്ഞു. പാറക്കടവില്‍ എത്തി കിഴക്കന്‍ മേഖലയിലെ ഒരാള്‍ക്ക് വാകിനെടുക്കാന് 500-600 രൂപ വരെ മുടക്കാണ്. സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന വാക്സിനെടുക്കാന്‍ കൊവിഡ് കാലത്ത് പാവപ്പെട്ടവര്‍ പോലും വലിയ തുക മുടക്കേണ്ട ഗതികേടിലാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: