ഗുവാഹതി: മിസോറാമുമായുള്ള അതിര്‍ത്തിത്തര്‍ക്കത്തില്‍ ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്ന് അസംമുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. താന്‍ ഭരിക്കുന്ന സംസ്ഥാനത്തിന്റെ ഒരിഞ്ചുപോലും ആര്‍ക്കും വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നും ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ അമിത് ഷായുടെ കാഴ്ചപ്പാടാണ് തനിക്കും. രാജ്യം 75ാം വര്‍ഷം ആഘോഷിക്കുന്ന ഈ വേളയില്‍ യാതൊരുവിധ അതിര്‍ത്തിത്തര്‍ക്കവും ഉണ്ടാകരുതെന്ന നിലപാടാണ് അമിത് ഷായ്‌ക്ക്. ഇപ്പോഴത്തെ തര്‍ക്കം ഇന്നര്‍ ലൈന്‍ റിസര്‍വ്വ് വനത്തിന്റെ സംരക്ഷണം സംബന്ധിച്ച പ്രശ്‌നമാണ്. ആളുകള്‍ പാര്‍ക്കുന്നതിനായി ഇത്തരം പ്രദേശങ്ങള്‍ ഉപയോഗിക്കാന്‍ പാടുണ്ടോ എന്നതാണ് പ്രധാന ചോദ്യം. രാജ്യത്ത് മിക്കയിടത്തും അതിര്‍ത്തി തര്‍ക്കം ഭൂമിയെ ചൊല്ലിയല്ല. കാടിനെ ചൊല്ലിയാണ്. തങ്ങളുടെ കാട് സംരക്ഷിക്കാന്‍ അസം ആഗ്രഹിക്കുന്നു. കാട്ടില്‍ മനുഷ്യവാസം വേണ്ടെന്നാണ് അസമിന്റെ നിലപാട്,’ ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
റിസര്‍വ്വ് വനത്തില്‍ കെട്ടിടങ്ങള്‍ പണിയാന്‍ അനുവദിക്കില്ല. വെടിവെയ്പ് നടക്കുമ്പോള്‍ ഞാന്‍ മിസോറാം മുഖ്യമന്ത്രിയെ വിളിച്ചു. അദ്ദേഹം അനിഷ്ടസംഭവങ്ങളില്‍ മാപ്പ് പറഞ്ഞു. എന്നെ ചര്‍ച്ചകള്‍ക്കായി ഐസ്വാളിലേക്ക് ക്ഷണിച്ചിട്ടുണ്ട്.,’ അസം മുഖ്യമന്ത്രി പറഞ്ഞു. വെടിവെപ്പില്‍ കൊല്ലപ്പെട്ട അഞ്ച് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം വീതം നല്‍കും. പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം നല്‍കും.
അസമിലുള്ള മിസോറാം ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കും. പകരം വീട്ടുന്നതില്‍ അസം വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ബിജെപി നേതൃത്വത്തിലുള്ള വടക്ക് കിഴക്കന്‍ ജനാധിപത്യ മുന്നണി (എന്‍ഇഡിഎ)യില്‍ അംഗമായ മിസോ നാഷണല്‍ ഫ്രണ്ടുമായി ബിജെപിക്ക് തര്‍ക്കമൊന്നുമില്ലെന്നും ഹിമന്ത ബിശ്വശര്‍മ്മ പറഞ്ഞു. ഹിമന്ത ബിശ്വ ശര്‍മ്മ തന്നെയാണ് എന്‍ഇഡിഎ കണ്‍വീനര്‍.
അസമിലെ ലെയ്‌ലാപൂരിലെ ഇന്നര്‍ ലൈന്‍ റിസര്‍വ്വ് വനം നശിപ്പിച്ച് റെംഗ്ടി ബസ്തിയിലേക്ക് റോഡ് നിര്‍മ്മിച്ച മിസോറാം നടപടിയെ അസം ചോദ്യം ചെയ്തതോടെയാണ് ഇപ്പോഴത്തെ തര്‍ക്കം ഉടലെടുത്തത്. ഒരു സായുധസേനാ ക്യാമ്പ് സ്ഥാപിക്കലായിരുന്നു മിസോറാമിന്റെ ലക്ഷ്യം. ഇതിനെ എതിര്‍ത്ത അസം ഉദ്യോഗസ്ഥര്‍ക്കും ജനങ്ങള്‍ക്കും എതിരെ മിസോറാം ലൈറ്റ് മെഷീന്‍ ഗണ്ണുകളും ഓട്ടോമാറ്റിക് തോക്കുകളും ഉപയോഗിച്ച് വെടിയുതിര്‍ത്തു. ഇതില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെടുകയും 50 സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ അസം പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചതിനെതുടര്‍ന്ന് അസം പൊലീസിന് നേരെ മാത്രമാണ് വെടിവെച്ചതെന്ന് മിസോറാം പറയുന്നു.
അമിത് ഷാ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയോടും മിസോറാം മുഖ്യമന്ത്രി സൊറാംതങ്കയോടും സംസാരിച്ചതിനെ തുടര്‍ന്ന് മിസോറാം അവരുടെ പൊലീസ് സേനയെ പിന്‍വലിച്ചു. അതിര്‍ത്തിപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും തമ്മില്‍ ധാരണയിലെത്തിയതിന് പിന്നാലെയാണ് ഈ അനിഷ്ടസംഭവമുണ്ടായതെന്നതില്‍ ഖേദമുണ്ടെന്ന് മിസോറാം മുഖ്യമന്ത്രി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: