ബെംഗളൂരു: ബെംഗളൂരു രാജ്യാന്തര വിമാനത്താവളം ആക്രമിക്കാന്‍ അന്തരാഷ്ട്ര ഭീകരസംഘടനയായ അല്‍-ഖ്വയ്ദ പദ്ധതിയിടുന്നതായി അജ്ഞാത ഫോണ്‍കോള്‍. വിമാനത്താവള അധികൃതര്‍ക്കും പോലീസിനുമാണ് കോള്‍ ലഭിച്ചത്. എയര്‍പോര്‍ട്ട് ഓപ്പറേഷന് കണ്ട്രോള് സെന്ററിലെ (എഒസിസി) എന്‍ഗേജ്മെന്റ് കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന എല്‍.ജി. വെങ്കിടേഷിന് ജൂലൈ 23നാണ് കോള്‍ വന്നത്.
വിമാനത്താവളത്തിലെ എല്ലാ ഫോണ്‍ നെറ്റ്വര്‍ക്കുകളും ഹാക്ക് ചെയ്യപ്പെട്ടതായും വിമാനത്താവളത്തെ സംബന്ധിച്ച എല്ലാ ഡാറ്റയും അല്‍-ഖ്വയ്ദ ചോര്‍ത്തുന്നുണ്ടെന്നും, ഉടന്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്നുമാണ് കോള്‍. കോള്‍ പരിശോധിക്കുമെന്ന് സിറ്റി പോലീസ് മേധാവി കമല്‍ പന്ത് അറിയിച്ചു.
സംഭവത്തില്‍ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ നെറ്റ്വര്ക്കുകള്, വിമാനത്താവളത്തിന്റെ വെബ്സൈറ്റ്, സെര്‍വര്‍ എന്നിവ പരിശോധിക്കാന്‍ സാങ്കേതിക വിദഗ്ധരെയും നിയോഗിച്ചു. വ്യാജ കോള്‍ മാത്രമാകാമെന്നും പന്ത് അഭിപ്രായപ്പെട്ടു. എങ്കിലും മുന്നറിയിപ്പ് നിസാരമായിക്കാണില്ലെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തിലേക്ക് വിളിച്ച ഫോണ്‍ നമ്പര്‍ തെലങ്കാനയില്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നമ്പറിന്റെ ഉടമ തന്നെയാണോ ഫോണ്‍ വിളിച്ചതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് കമല്‍ പന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: