തൃശൂര്‍: കരുവന്നൂരിന് പിന്നാലെ, സിപിഎം ഭരിക്കുന്ന തൃശൂര്‍ മൂസ്പെറ്റ് സഹകരണ ബാങ്കിലും കോടികളുടെ വായ്പ്പാത്തട്ടിപ്പ്. ഭരണസമിതി അംഗങ്ങള്‍ നടത്തിയ തട്ടിപ്പിനെത്തുടര്‍ന്ന് ബാങ്കിന് 13 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് അസി. രജിസ്ട്രാറുടെ കണ്ടെത്തല്‍. ഭൂമിയുടെ വില കൂട്ടിക്കാണിച്ച് ഭരണസമിതിയംഗങ്ങളുടെ ബന്ധുക്കള്‍ക്ക് വന്‍തുകകള്‍ ലോണ്‍ നല്‍കുകയായിരുന്നു. ഇതോടെ ബാങ്ക് കടക്കെണിയിലായി.
തൃശൂര്‍ നഗര പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മൂസ്പെറ്റ് സഹകരണ ബാങ്കില്‍ ക്രമേക്കട് നടക്കുന്നതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സഹകരണ രജിസ്ട്രാര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകള്‍ പുറത്തായത്. എട്ട് മാസം മുമ്പാണ് സഹകരണ അസി. രജിസ്ട്രാര്‍ ക്രമക്കേടിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വന്‍ വായ്പകള്‍ പലതും നല്‍കിയിരിക്കുന്നത് ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ള ഭൂമി ഈടായി സ്വീകരിച്ചാണെന്നും കണ്ടെത്തിയിട്ടുണ്ട്.
സിപിഎം നേതാക്കളായ ഭരണസമിതി അംഗങ്ങളും ബന്ധുക്കളുമാണ് അനധികൃതമായി വായ്പ തരപ്പെടുത്തിയത്. സെന്റിന് 20,000 രൂപയും 30,000 രൂപയും മതിപ്പ് വിലയുള്ള ഭൂമിക്ക് ഒരു ലക്ഷം രൂപയുടെ മുകളില്‍ മൂല്യം കാണിച്ചാണ് വായ്പ നല്‍കിയിരിക്കുന്നത്. കരുവന്നൂര്‍ മാതൃകയില്‍ ഒരേ ഭൂമിയുടെ ഈടില്‍ രണ്ടും മൂന്നും വായ്പകളും അനുവദിച്ചിട്ടുണ്ട്. തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ഇവയെല്ലാം കിട്ടാക്കടമായി. 38 ലക്ഷം രൂപ അറ്റാദായമുണ്ടായിരുന്ന ബാങ്ക് ഇപ്പോള്‍ 13 കോടിയുടെ നഷ്ടത്തിലാണ്.
മുന്‍ ഭരണസമിതിയംഗമായ ടി.ജി. അനില്‍കുമാറിന്റെ മകന്റെ പേരില്‍ 15 സെന്റ് ഭൂമി ഈടായി വാങ്ങി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മറ്റൊരു ഭരണസമിതിയംഗമായ വി.എ. സുനില്‍കുമാറിന്റെ മകന്റെ പേരിലും ഇതേ 15 സെന്റ് ഭൂമി ഈടായി 24 ലക്ഷം അനുവദിച്ചിരിക്കുന്നു. വി.എ. സുനില്‍കുമാറിന്റെ അടുത്ത ബന്ധുവായ അമല്‍ രവീന്ദ്രന് എന്നയാള്‍ക്കും ഇതേ 15 സെന്റ് സ്ഥലം ഈടായി കാണിച്ച് 25 ലക്ഷം അനുവദിച്ചിരിക്കുന്നു.
സഹകരണ രജിസ്ട്രാറുടെ ഉത്തരവ് മറികടന്ന് 50 ലക്ഷം വരെ വ്യക്തികള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റായി നല്കിയതും കണ്ടെത്തിയിട്ടുണ്ട്. ഒരേ സ്ഥലം ഈടായി സ്വീകരിച്ച് എം.പി. പോള്‍, ഷീല പോള്‍, അഖില്‍ പോള്‍ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് 50 ലക്ഷം വീതം നല്കിയിരിക്കുന്നു. ഇത് പലിശയടക്കം രണ്ടേകാല്‍ കോടിയിലേറെ കിട്ടാക്കടമായിട്ടുണ്ട്. ഒരേ ഭൂമിയുടെ ഈടിലാണ് മൂന്ന് വായ്പകളും. ഭൂമിയുടെ മതിപ്പ് വില ഉയര്‍ത്തിക്കാണിച്ചാണ് ലോണ്‍ അനുവദിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒട്ടേറെ ലോണുകള്‍ അനുവദിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 2013-18 കാലത്തെ സിപിഎം ഭരണസമിതിയാണ് ക്രമക്കേടുകള്‍ നടത്തിയിട്ടുള്ളത്. കുറ്റക്കാരായ ഭരണസമിതിയംഗങ്ങളുടെ പേരുകള്‍ സഹിതം തൃശൂര്‍ അസി. രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്കി എട്ട് മാസം പിന്നിട്ടിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല.
പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നേരത്തേ കരുവന്നൂരിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണക്കമ്മീഷന് സമാനമായി മൂസ്പെറ്റ് ബാങ്ക് ക്രമക്കേട് അന്വേഷിക്കാനും സിപിഎം പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. മുന്‍ എംപി പി.കെ. ബിജുവും ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഷാജനുമാണ് അന്വേഷണ കമ്മീഷന് അംഗങ്ങള്‍. പാര്‍ട്ടി കമ്മീഷന് മൂസ്പെറ്റ് ബാങ്കിന്റെ ക്രമക്കേടും ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും നേതൃത്വം അനങ്ങിയില്ല. ആരോപണ വിധേയരെല്ലാം ഇപ്പോഴും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: