രണ്ടു നൂറ്റാണ്ടിലേറെ പഴക്കമുള്ള ജനാധിപത്യം നിര്‍ണായകമായി വലതുപക്ഷത്തേക്കു മാറിയിരിക്കുന്നു എന്നാണ് അമേരിക്കയുടെ മത-രാഷ്‌ട്രീയ യാഥാര്‍ത്ഥ്യത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ പഠനത്തിനൊടുവില്‍ പ്രശസ്ത പത്രപ്രവര്‍ത്തകരായ ജോണ്‍ മിക്ലെത്വെയ്റ്റും അഡ്രിയാന്‍ വൂള്‍ഡ്രിഡ്ജും തങ്ങളുടെ ദി റൈറ്റ് നേഷന്‍ എന്ന പുസ്തകത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനം. ഡെമോക്രാറ്റിക് പാര്‍ട്ടി ഇടയ്‌ക്കിടെ അധികാരത്തില്‍ വരുന്നുണ്ടെങ്കിലും മതപരവും രാഷ്‌ട്രീയപരവുമായ യാഥാസ്ഥിതികത്വം അമേരിക്കന്‍ മുഖ്യധാരാ സ്വത്വമായി തുടരുമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലെ മതത്തെക്കുറിച്ച് വാഷിങ്ടണ്‍ ആസ്ഥാനമായുള്ള പ്യൂ റിസര്‍ച്ച് സെന്ററിന്റെ അടുത്തിടെ പുറത്തിറങ്ങിയ സര്‍വേ റിപ്പോര്‍ട്ട് സമാനമായ രസകരമായ സ്ഥിതിവിവരക്കണക്കുകള്‍ എടുത്തുകാണിക്കുന്നു. അമേരിക്കയില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യക്ക് ഒട്ടേറെ സഹസ്രാബ്ദങ്ങളുടെ ദേശീയ ചരിത്രമുണ്ട്. നീണ്ടതും പലപ്പോഴും കൗതുകകരവുമായ ചരിത്രപരമായ യാത്രയിലൂടെയാണ് അതിന്റെ സാമൂഹിക ആചാരങ്ങള്‍ വികസിച്ചത്. ഭാഷാപരവും സാമൂഹികവുമായ വൈവിധ്യങ്ങള്‍ നിറഞ്ഞ ജനത എല്ലാറ്റിനും ഉപരിയായുള്ള മത-സാംസ്‌കാരിക സ്വത്വത്തിന്റെ കരുത്തില്‍ ഏകീകൃത സമൂഹമായി നെയ്‌തെടുക്കപ്പെട്ടു. സ്വാമി വിവേകാനന്ദന്‍ ഈ പ്രതിഭാസത്തെ ധാര്‍മ്മിക-സാംസ്‌കാരിക സ്വത്വം ഇന്ത്യയുടെ ജീവിത മാര്‍ഗമായിരുന്നു എന്നര്‍ഥം വരുന്ന ‘ധര്‍മ്മപ്രാണ ഭാരത’ എന്നു വിളിച്ചു.
പ്യൂവിന്റെ സര്‍വേ ഇന്ത്യയെക്കുറിച്ചുള്ള ഈ വിവരണത്തിന് അംഗീകാരത്തിന്റെ മുദ്ര പതിച്ചുനല്‍കുന്നു. ഇന്ത്യ ദൈവത്തില്‍ വിശ്വസിക്കുന്ന രാജ്യമാണ്, ഭാരതീയരില്‍ ബഹുഭൂരിപക്ഷത്തിനും ഈശ്വരന്റെ അസ്തിത്വത്തെക്കുറിച്ച് എന്നും പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. ദൈവത്തിലുള്ള വിശ്വാസം മതത്തിന്റെ അടിസ്ഥാന തത്വമല്ലാത്ത ബുദ്ധമതത്തില്‍ പെട്ടവരെ ഒഴിവാക്കുകയാണെങ്കില്‍, മറ്റെല്ലാ മതങ്ങളിലുംപെട്ട 95% ഇന്ത്യക്കാരും ഈശ്വരനില്‍ വിശ്വസിക്കുന്നു. മിക്ക ഇന്ത്യക്കാരും മതഭേദമന്യേ കര്‍മം, വിധി, പുനര്‍ജന്മം, ആത്മശുദ്ധീകരണം, ദേവതകള്‍ തുടങ്ങിയ ആശയങ്ങളിലും വിശ്വസിക്കുന്നു. അത് ഇന്ത്യയെ ഏറ്റവും മതപരമായ രാജ്യമാക്കി മാറ്റുന്നു.
എന്നാല്‍, മതത്തിന്റെ ഈ വിശാലമായ ചിത്രത്തിനു ചുവടെയുള്ള മതങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ക്ക് പ്യൂ സര്‍വേ അടിവരയിടുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും സഹിഷ്ണുതയോടും മതസ്വാതന്ത്ര്യത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുമ്പോഴും, ഭൂരിപക്ഷവും വിവാഹത്തിലും സൗഹൃദത്തിലുമുള്ള തങ്ങളുടെ ബന്ധത്തെ അവരുടെ സഹ മതവിശ്വാസികളില്‍ മാത്രം ഒതുക്കാന്‍ ആഗ്രഹിക്കുന്നു. 66% ഹിന്ദുക്കള്‍ തങ്ങളുടെ പുരുഷന്മാരെയും സ്ത്രീകളെയും മറ്റു മതങ്ങളിലേക്ക് വിവാഹം ചെയ്യുന്നത് തടയുമെന്ന് അഭിപ്രായപ്പെട്ടു. മുസ്ലിങ്ങള്‍ക്കിടയില്‍ ഈ കണക്ക് ഇതിലും കൂടുതലാണ്, 80% പേര്‍ തങ്ങളുടെ സ്ത്രീകളെ മതത്തിനു പുറത്ത് വിവാഹം ചെയ്യുന്നതു തടയേണ്ടതു വളരെ പ്രധാനമാണെന്നു വാദിച്ചു. ഗോമാംസം കഴിക്കുന്നതു പോലുള്ള ഭക്ഷണരീതികളും സമുദായങ്ങളെ ഭിന്നിപ്പിക്കുന്നു. 72% ഹിന്ദുക്കള്‍ ഗോമാംസം കഴിക്കുന്നവര്‍ ഹിന്ദു അല്ലെന്ന് വാദിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ മിക്കവാറും എല്ലാ മഹാന്‍മാരായ നേതാക്കളും ഇന്ത്യയുടെ വിഭജനത്തെ എതിര്‍ത്തെങ്കിലും, ഏഴു പതിറ്റാണ്ടിനുശേഷം, കൂടുതല്‍ ഹിന്ദുക്കള്‍ വിഭജനം രാജ്യത്തിന് നല്ലതായിരുന്നു എന്ന് വിശ്വസിക്കുന്നു.
പ്യൂ സര്‍വേയുടെ ഈ കണ്ടെത്തലുകള്‍ പലതും ഇന്ത്യക്കാര്‍ക്ക് വലിയ വെളിപ്പെടുത്തലുകളായിരിക്കില്ല. പൊതു ഡിഎന്‍എയെക്കുറിച്ചുള്ള വികാരങ്ങള്‍ ഇടയ്‌ക്കിടെ പ്രകടിപ്പിക്കുമെങ്കിലും പ്രധാന മതവിഭാഗങ്ങളായ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ നൂറ്റാണ്ടുകളായി വിടവ് നിലനിന്നിരുന്നു. ചരിത്രകാരനായ വില്‍ ഡ്യൂറന്റ് ‘ചരിത്രത്തിലെ ഏറ്റവും രക്തച്ചൊരിച്ചില്‍ നിറഞ്ഞ കഥ’ എന്നു വിശേഷിപ്പിച്ച, ഇന്ത്യയില്‍ നടന്ന ഇസ്ലാമിന്റെ അധിനിവേശമാണ് ഈ വിടവിന്റെ വിത്തുകള്‍. അക്ബറിനെപ്പോലുള്ള മുഗള്‍ ചക്രവര്‍ത്തിമാര്‍ സമന്വയത്തിനായി നടത്തിയ ശ്രമങ്ങള്‍ വിഗ്രഹഭഞ്ജനം, മതപരമായ യാഥാസ്ഥിതികത തുടങ്ങിയ വിവിധ ചരിത്രപരമായ കാരണങ്ങളാല്‍ വിജയിച്ചില്ല. എന്തുതന്നെയായാലും, അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ഔറംഗസീബ് മതപരമായ അസഹിഷ്ണുതയുടെയും വര്‍ഗീയതയുടെയും ഏറ്റവും നല്ല ഉദാഹരണമായിത്തീര്‍ന്നു. പിന്നീടുള്ള നൂറ്റാണ്ടുകളില്‍ ബ്രിട്ടീഷ് കാലഘട്ടം ഭിന്നതകള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു.
1857ലെ കലാപം ഹിന്ദു-മുസ്ലീം ഭടന്‍മാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ ഒത്തുചേര്‍ന്ന സന്ദര്‍ഭമായിരുന്നു. ഇതു മനസ്സിന്റെ ഐക്യമായി കാണുന്നതിന് ദോഷൈക ദൃക്കുകള്‍ വിസമ്മതിക്കുന്നു. രണ്ടു കാരണങ്ങളാണ് ഇതിനാധാരമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അവ കടിച്ചൂരേണ്ട എന്‍ഫീല്‍ഡ് റൈഫിളുകളുടെ വെടിയുണ്ടകളില്‍ പശുക്കൊഴുപ്പു പുരട്ടി എന്നതു ഹിന്ദുക്കളെയും പുരട്ടിയത് പന്നി നെയ്യാണെന്ന പ്രചരണം മുസ്ലിങ്ങളെയും സമര പാതയിലേക്കു തള്ളിവിട്ടു എന്നതാണ്. ഹിന്ദുമത വിശ്വാസികളായ സൈനികര്‍ വിശുദ്ധ ഗംഗയുടെ വെള്ളത്തിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മുസ്ലീം ഭടന്‍മാര്‍ വിശുദ്ധ ഖുര്‍ആന്റെ പേരില്‍ സത്യപ്രതിജഞ് ചെയ്തു. എന്നിട്ടും, സവര്‍ക്കറെപ്പോലെയുള്ള കടുത്ത ഹിന്ദുത്വ പ്രത്യയശാസ്ത്ര വാദി അതിനെ ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ സുവര്‍ണ്ണ ഏട്് എന്ന് വിശേഷിപ്പിച്ചിരുന്നു. പ്രഥമ സ്വാതന്ത്ര്യ സമരമെന്നും ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മില്‍ മഹമൂദ് ഗസ്‌നിയുടെ അധിനിവേശം മുതല്‍ നിലനിന്നുപോരുന്ന ഏറ്റുമുട്ടലിന്റെ അന്ത്യമെന്നും അതോടൊപ്പം ഹിന്ദുക്കളും മുസ്ലിങ്ങളും ശത്രുക്കളല്ലെന്നും കീഴടക്കിയവരോ കീഴടക്കപ്പെട്ടവരോ അല്ലെന്നും സഹോദരങ്ങളാണെന്നും വാദ്യമേളത്തോടെ ഈ അഞ്ചു ദിവസങ്ങള്‍ പ്രഖ്യാപിച്ചു എന്നും 1857ല്‍ ഡെല്‍ഹിയില്‍ നടന്ന വിപ്ലവത്തെക്കുറിച്ച് സവര്‍ക്കര്‍ എഴുതി. ആ നാളുകളില്‍ ഭാരതമാതാവ് വിശുദ്ധ മന്ത്രം ഉച്ചരിച്ചു: ‘ഇനി മുതല്‍ മുന്നോട്ട് നിങ്ങള്‍ തുല്യരും സഹോദരന്മാരും. ഞാന്‍ നിങ്ങള്‍ രണ്ടുപേരുടെയും അമ്മയാണ്’. എന്നാല്‍ ഈ പ്രസരിപ്പ് അധികം നീണ്ടില്ല. സര്‍ സയ്യിദ് അഹമ്മദ് ഖാനില്‍ നിന്ന് മുഹമ്മദ് അലി ജിന്നയിലേക്കുള്ള മുസ്ലിം രാഷ്‌ട്രീയത്തിന്റെ മാറ്റം ഐക്യത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ അസ്തമിക്കാനിടയാക്കി. അപ്പോള്‍ മുതല്‍ ഹിന്ദു-മുസ്ലിം ഐക്യം രാജ്യത്തിന്റെ വിഭജനം ഒഴിവാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള രാഷ്‌ട്രീയത്തിലെ ഒഴിയാ ബാധയായി മാറി. ‘നിരവധി ഹിന്ദുക്കളും മുഹമ്മദീയരും ഒരേ പൂര്‍വ്വികര്‍ ഉള്ളവരാണെന്നും ഒരേ രക്തം അവരുടെ സിരകളിലൂടെ ഒഴുകുന്നു’ എന്നും ഓര്‍ക്കണമെന്ന് മുസ്ലിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നവരില്‍ ഗാന്ധിജി മുന്നിലുണ്ടായിരുന്നു. 1948ല്‍ അലിഗഡ് മുസ്ലീം സര്‍വകലാശാലയിലൊ വിദ്യാര്‍ഥികളോട് നെഹ്റു ആവേശത്തോടെ പറഞ്ഞു, ”നിങ്ങള്‍ മുസ്ലിമും ഞാന്‍ ഒരു ഹിന്ദുവും ആണ്. എന്നാല്‍ അത് നമ്മെ നിങ്ങളുടേതും എന്റേതുമായ സാംസ്‌കാരിക പാരമ്പര്യത്തില്‍ നിന്ന് അകറ്റുന്നില്ല.’
ലാലാ ലജ്പത് റായിയെപ്പോലുള്ള പല നേതാക്കളും ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും ”ഖുറാന്റെയും ഹദീസുകളുടെയും നിര്‍ദേശങ്ങള്‍” നിമിത്തം അതു സംഭവിക്കുമോ എന്നു സംശയിച്ചു. മുസ്ലിങ്ങളുടെ ”അറിവുള്ള മനസ്സും വിവേകപൂര്‍ണമായ ബുദ്ധിയും” ഇതിനു പരിഹാരം കണ്ടെത്തുമെന്ന് റായ് പ്രതീക്ഷിച്ചിരുന്നു. അംബേദ്കറെപ്പോലെയുള്ള ചിലര്‍ ഈ ആശയം തള്ളിക്കളഞ്ഞു. ‘ഇന്ത്യയുടെ ഐക്യത്തിന്റെ നാശത്തെക്കുറിച്ച് ഹിന്ദുക്കള്‍ പരാതിപ്പെടുന്നതിന് മുമ്പ്, അവര്‍ ഊന്നല്‍ നല്‍കുന്ന ഐക്യം നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ ഉറപ്പാക്കട്ടെ. പാകിസ്ഥാനും ഹിന്ദുസ്ഥാനും തമ്മില്‍ എന്ത് ഐക്യമുണ്ട്?’, അംബേദ്കര്‍ എഴുതി. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, രണ്ട് സമുദായങ്ങളും സായുധ ഉടമ്പടിയോടെ മാത്രമാണ് ജീവിച്ചിരുന്നത്. സ്വാതന്ത്ര്യത്തിനുശേഷം ഏഴു പതിറ്റാണ്ടുകള്‍ക്ക് ശേഷം, പ്യൂ സര്‍വേ വെളിപ്പെടുത്തിയതുപോലെ, ഹിന്ദുവും ഭാരതീയനും ഒന്നാണെന്ന് 65 ശതമാനം ഹിന്ദുക്കള്‍ വിശ്വസിക്കുന്നവിധം ഹൈന്ദവ സ്വത്വം ഇന്ത്യയില്‍ ദേശീയ മുഖ്യധാരയിലെത്തി. രാഷ്‌ട്രീയ തന്ത്രത്തിനപ്പുറം ഹിന്ദു-മുസ്ലിം ഐക്യത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ രാഷ്‌ട്രീയം സഹായകമായില്ല. പ്രമുഖ മനഃശാസ്ത്രജ്ഞന്‍ സുധീര്‍ കക്കര്‍ സമുദായങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യത്തെ ഗൗരവപൂര്‍വം സംഗ്രഹിച്ചു: ”ഏക സംയോജിത സംസ്‌കാരത്തിലേക്കുള്ള ലയനത്തേക്കാള്‍ ഇത് ഒരു ബഹു സാംസ്‌കാരിക സഹവര്‍ത്തിത്വമായിരുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമിച്ച് വെവ്വേറെയായി താമസിച്ചു. അവര്‍ അപരിചിതരേക്കാള്‍ അകല്‍ച്ചയുള്ളവരായിരുന്നു. പലപ്പോഴും ശത്രുക്കളല്ല, സുഹൃത്തുക്കളുമല്ല ഹിന്ദു-മുസ്ലിം ഐക്യത്തിനായി തുടര്‍ച്ചയായ ശ്രമങ്ങളുടെ ആവശ്യകത ഇത് അടിവരയിടുന്നു. കൂടുതല്‍ ദേശീയ ഐക്യം കെട്ടിപ്പടുക്കുന്നതിനുള്ള ആത്മാര്‍ത്ഥവും ശുഭാപ്തിപൂര്‍ണവുമായ പ്രേരണ ആയാണ് ഈ ശ്രമങ്ങളെ കാണേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: