കൊല്ലം: വനം വകുപ്പിന്റെ അധീനതയിലുള്ള കുളത്തൂപ്പുഴയിലെ സെന്‍ട്രല്‍ നഴ്‌സറിയില്‍ തേക്കിന്‍തൈ ഉത്പാദനത്തിലുണ്ടായ വീഴ്ചയ്‌ക്ക് ബലിയാടുകളായത് താഴെത്തട്ടിലുള്ള രണ്ട് ഓഫീസര്‍മാര്‍. തെന്മല ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള സെന്‍ട്രല്‍ നഴ്‌സറിയിലെ രണ്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരെയാണ് സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സസ്‌പെന്‍ഡ് ചെയ്തത്. യഥാസമയം തേക്കിന്‍തൈ ഉത്പാദിപ്പിച്ച് വിതരണ സജ്ജമാക്കുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് സസ്‌പെന്‍ഷന് കാരണമായി പറഞ്ഞിട്ടുള്ളത്.
കൊല്ലം കുളത്തൂപ്പുഴയിലും തൃശൂര്‍ ചാലക്കുടിയിലെ ചെട്ടികുളത്തും മലപ്പുറം നിലമ്പൂരിലുമാണ് വനം വകുപ്പിന്റെ മൂന്ന് സെന്‍ട്രല്‍ നഴ്‌സറികള്‍ പ്രവര്‍ത്തിക്കുന്നത്. പീച്ചിയിലെ വനഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് വിത്ത് എത്തിക്കുന്നതിലുണ്ടായ കാലതാമസമാണ് വിത്ത് പരിപോഷണത്തെയും തൈ ഉത്പാദനത്തെയും ബാധിച്ചത്. കുളത്തൂപ്പുഴയിലെ തൈ ഉത്പാദനം പ്രതിസന്ധിയിലെന്ന കാര്യം ബന്ധപ്പെട്ട ജീവനക്കാരും താഴെത്തട്ടിലെ ഓഫീസര്‍മാരും യഥാസമയം റേഞ്ച് ഓഫീസറെ അറിയിച്ചിരുന്നു.
സമയബന്ധിതമായി തൈകളുടെ നിര്‍മാണം സാധിക്കില്ലെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറെ അറിയിച്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മെയ് മാസത്തില്‍ തന്നെ കത്ത് നല്‍കി. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും സ്വകാര്യ ഏജന്‍സികളില്‍ നിന്നും ലഭിച്ച വിത്തുകള്‍ ജര്‍മിനേഷന്‍ ടെസ്റ്റ് നടത്താതെയാണ് ലഭ്യമായതെന്നും നല്ല രീതിയിലുള്ള ട്രീറ്റ്‌മെന്റ് ചെയ്ത് ബെഡില്‍ വിതച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രതികൂല കാലാവസ്ഥ കാരണം മുളച്ചുവരാന്‍ വൈകുമെന്നുമാണ് കത്തില്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് 25, ഏപ്രില്‍ ഒന്ന് തീയതികളിലായി രണ്ടു തവണയാണ് ആവശ്യമായ വിത്ത് ലഭിച്ചത്. മുളച്ച തൈകള്‍ യഥാസമയം തന്നെ ട്രാന്‍സ്പ്ലാന്റ് ചെയ്തു. 1.20 ലക്ഷം തൈകള്‍ വരുമിത്. അഞ്ചു ലക്ഷം തൈകള്‍ വരെയാണ് ലക്ഷ്യമിടുന്നത്.
500 കിലോ വിത്ത് സ്വകാര്യ കച്ചവടക്കാരില്‍ നിന്നാണ് വാങ്ങിയത്. പുറമെ സര്‍ക്കാര്‍ സംവിധാനത്തിലൂടെ 1100 കിലോ വിത്ത് കൂടി ശേഖരിച്ച് പ്രീ ട്രീറ്റ്‌മെന്റ് നടത്തിയാണ് വിതച്ചത്. എന്നാല്‍ വളരെ കുറച്ചുമാത്രമെ മുളച്ചുള്ളൂ. വിത്തിന്റെ ഗുണനിലവാരക്കുറവും വിത്ത് വിതച്ചതിന് ശേഷം അതിശക്തമായ മഴ പെയ്തതുമാണ് മുളയ്‌ക്കാത്തതിന് കാരണമായതെന്നാണ് അനുമാനം.
ഉത്തരവാദികളില്‍ കരാറുകാരും
സെന്‍ട്രല്‍ നഴ്‌സറികളില്‍ മിക്കതിലും തൈ ഉത്പാദിപ്പിക്കുന്നത് കരാര്‍ ഏറ്റെടുക്കുന്നവരാണ്. കരാറില്‍ ഒന്നിലേറെ പേര്‍ വരുന്നുവെന്നതും വലിയ പാളിച്ചയാണ്. ഒരു പ്രവര്‍ത്തി രണ്ടു തരത്തില്‍ കരാര്‍ കൊടുക്കുന്നതിലൂടെ അതിന്റെ ഗുണനിലവാരം മുന്‍കാലത്തെ അപേക്ഷിച്ച് ബാധിക്കപ്പെട്ടു. മദര്‍ബെഡ്, ട്യൂബിങ് എന്നീ ജോലികള്‍ക്ക് വെവ്വേറെ കരാര്‍ കൊടുക്കുന്നതിനാല്‍ ഏകോപനത്തിന്റെ അഭാവമുണ്ടാകുകയും ആത്യന്തികമായി വനംവകുപ്പിന് നഷ്ടം സംഭവിക്കുകയുമാണ്. ഇതിലൂടെ അക്ഷരാര്‍ത്ഥത്തില്‍ തൈ ഉത്പാദന പ്രക്രിയ തന്നെ പാളുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: