തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗത്തോടെ കൊടകര കവര്‍ച്ചാ കേസിലെ ഗൂഢാലോചന വ്യക്തമായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം ബിജെപിയുടേതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സ്വര്‍ണ്ണക്കടത്തിലും ഡോളര്‍ക്കടത്തിലും തന്റെ സര്‍ക്കാര്‍ കുടുങ്ങിയതിലുള്ള രാഷ്ട്രീയ പ്രതികാരം തീര്‍ക്കുകയാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു. കവര്‍ച്ചാ കേസിലെ ഒരു പ്രതി ദീപക് ബിജെപി പ്രവര്‍ത്തകനാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. അറസ്റ്റിലായ 21 പ്രതികളും സിപിഎമ്മുമായി ബന്ധമുള്ളവരാണ്. രാമനാട്ടുകര സ്വര്‍ണ്ണക്കള്ളക്കടത്തിലെ കണ്ണൂര്‍ സംഘം തന്നെയാണ് കൊടകരയിലും പണം കവര്‍ന്നത്. ഇവര്‍ സിപിഎമ്മിലെ ഉന്നത നേതാക്കളുടെ സ്വന്തക്കാരാണ്. കുറ്റപത്രത്തില്‍ ബിജെപിയെ ബന്ധിപ്പിക്കുന്ന ഒന്നും ഇല്ല. ഇത്രയും കാലം ബിജെപിയെ വേട്ടയാടിയതിന് ആഭ്യന്തരമന്ത്രിയായ പിണറായി വിജയന് നിയമസഭയില്‍ മാപ്പു പറയുകയായിരുന്നു വേണ്ടിയിരുന്നതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: