കൊളംബോ: ഭുവനേശ്വര്‍ കുമാറാന്റേയും ദീപക് ചാഹറിന്റെ പ്രകടനവും മികച്ച ബോളിങ് മികവില്‍ ഒന്നാം ട്വന്റി20യില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം. 38 റണ്‍സിന് ഇന്ത്യ ജയിച്ചു. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 164 റണ്‍സ്. ശ്രീലങ്കയുടെ മറുപടി 18.3 ഓവറില്‍ 126 റണ്‍സില്‍ അവസാനിച്ചു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.
3.3 ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ഭുവനേശ്വര്‍ കുമാറാണ് കളിയിലെ കേമന്‍.
ശ്രീലങ്കന്‍ നിരയില്‍ അടിച്ചു തകര്‍ക്കുകയായിരുന്ന ചാരിത് അസലങ്കയെയും (26 പന്തില്‍ 44) തൊട്ടുപിന്നാലെ വാനിന്ദു ഹസരംഗയേയും(0) ഒരേ ഓവറില്‍ പുറത്താക്കിയ ദീപക് ചാഹറിര്‍ വിജയം അനായാസമാക്കി. മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങിയാണ് ചാഹര്‍ രണ്ടു വിക്കറ്റെടുത്തത്. ക്രുണാല്‍ പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, യുസ്വേന്ദ്ര ചെഹല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് ലഭിച്ചു. നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത ചെഹലിന്റെ പ്രകടനം ശ്രദ്ധേയമായി.
165 റണ്‍സിന്റെ വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് വെടിക്കെട്ട് തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ആദ്യ രണ്ട് ഓവറുകളിലും 10 റണ്‍സ് വീതം അടിച്ചു. മൂന്നാം ഓവറിന്റെ മൂന്നാം പന്തില്‍ മിനേദ് ഭാനുകയെ( 7 പന്തില്‍ 10) പുറത്താക്കി ക്രുണാല്‍ പാണ്ഡ്യ ആദ്യ വിക്കറ്റെടുത്തു. എന്നാല്‍ 50 റണ്‍സ് എടുക്കുമ്പോള്‍ ലങ്കയുടെ മൂന്ന് വിക്കറ്റ് വീണു.
അസലങ്ക അടി തുടര്‍ന്നെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു.ക്യാപ്റ്റന്‍ ദസൂണ്‍ ഷാനക (14 പന്തില്‍ 16) . ധനഞ്ജയ ഡിസില്‍വ (10 പന്തില്‍ 9), ആഷന്‍ ബണ്ഡാര (19 പന്തില്‍ 9), വാനിന്ദു ഹസരംഗ (0), ചാമിക കരുണരത്നെ (3), ഇസൂരു ഉഡാന (1), ദുഷ്മന്ത ചമീര (1) എന്നിവരൊക്കെ കാര്യമായ സംഭാവന നല്‍കാതെ മടങ്ങി.. 18.3 ഓവറില്‍ 126 റണ്‍സിന് എല്ലാവരും പുറത്തുമായി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കവും അത്ര നന്നായില്ല. അരങ്ങേറ്റ മത്സരം കളിച്ച പൃഥ്വി ഷാ നേരിട്ട ആദ്യ പന്തില്‍ പുറത്ത്.പകരം എത്തിയ സഞ്ജു സാംസണ് ക്യാപ്റ്റന്‍ ശിഖര്‍ ധവാനൊപ്പം അടിച്ചു കളിച്ചെങ്കിലും ആയുസ് കുറവായിരുന്നു.20 പന്തില്‍ 27 റണ്‍സ് എടുത്ത് പുറത്ത്. വാനിന്ദു ഹസാര വിക്കറ്റിന് മുന്നില്‍ കുടുക്കി. സഞ്ജു സാംസണ് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്ക്കോര്‍ 51.
തുടര്‍ന്ന് ശിഖര്‍ ധവാനും സൂര്യകുമാറും മികച്ച രീതിയില്‍ കളിച്ചു(62 റണ്‍സ് കൂട്ടുകെട്ട്).15-ാം ഓവറില്‍ ആദ്യ പന്തില്‍ ധവാന് പുറത്ത്. 36 പന്തില്‍ 46 ധവനെ ചാമിക കരുണരത്നയാണ് പുറത്താക്കിയത്. 16-ാം ഓവറിന്റെ ആദ്യ പന്തില്‍ സിക്സര്‍ അടിച്ച് അര്‍ധ സെഞ്വറി തികച്ച സൂര്യകുമാര്‍ തൊട്ടടുത്ത പന്തില്‍ പുറത്തായി. ഹാര്‍ദ്ദിക് പണ്ഡ്യയാണ് പുറത്തായ മറ്റൊരാള്‍( 10 പന്തില്‍ 12). 14 പന്തില്‍ 20 റണ്‍സ് എടുത്ത ഇയാന്‍ കിഷനും മുന്നു റണ്‍സുമായി ക്രുണാല്‍ പാണ്ഡ്യയും പുറത്താകാതെനിന്നു.
പൃഥ്വി ഷായ്ക്കു പുറമെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും അരങ്ങേറ്റം കുറിച്ചു.പരമ്പരയിലെ രണ്ടാം മത്സരം ചൊവ്വാഴ്ച നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: