കേരള ഹൈക്കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റ് കെ. രാംകുമാര്‍ ഇന്ന് ശതാഭിഷിക്തനാകുകയാണ്. 84 വയസ് എന്ന് കണക്കുകൊണ്ടു പറഞ്ഞാലും ന്യായത്തിനും നീതിക്കും പ്രായമാകാത്തതുപോലെ അഡ്വ. രാംകുമാറിനും പ്രായമാകില്ല. എന്നും പക്വതയുടെ നിറയൗവനമായിരിക്കും. കര്‍ക്കടകത്തിലെ അവിട്ടം നക്ഷത്രത്തില്‍ ആയിരം പൂര്ണചന്ദ്രന്മാരെ കണ്ട സംതൃപ്തിയിലാണ് എറണാകുളം വളഞ്ഞമ്പലത്തെ കളത്തിപ്പറമ്പ് ലെയിനിലുള്ള ‘സംതൃപ്തി’യില്‍ അദ്ദേഹം.
അഡ്വ. രാംകുമാറിന്റെ വ്യക്തിത്വത്തെക്കുറിച്ചും തൊഴില്‍മേഖലയിലെ പ്രാഗത്ഭ്യത്തെക്കുറിച്ചും ഏറെ ആധികാരികമായി പറയാന്‍ പലതുണ്ട്, പലരുണ്ട്. അവരും കാലവും അദ്ദേഹത്തിന്റെ ജീവിത സംഭാവനകള്‍ അതത് സമയത്ത് വിലയിരുത്തും. എന്നാല്‍ നേരിട്ടനുഭവമുള്ള, അദ്ദേഹത്തിന്റെ ധൈര്യവും സ്ഥൈര്യവും പ്രതിബദ്ധതയും വെളിപ്പെട്ട ഒന്നുരണ്ടു ചരിത്രപരമായി പ്രാധാന്യമുള്ള കാര്യങ്ങള്‍ മാത്രം ഞാന്‍ ഈ വേളയില്‍ പരാമര്‍ശിക്കാം. ചില ഉരകല്ലുകളില്‍ ഉരസുമ്പോഴാണല്ലോ മാറ്റ് കൃത്യമായറിയുക.
ഇന്ത്യന്‍ ഭരണഘടനയും മൗലികാവശങ്ങളും സംബസിച്ച കേസില്‍ രാംകുമാര്‍ സാര്‍ അദ്വിതീയനാണ്. 1977ല്‍, അടിയന്തരാവസ്ഥക്കാലത്ത് പോലീസിന്റെ ഉരുട്ടിക്കൊലയ്ക്ക് വിധേയനായ എഞ്ചിനീയറിങ് കോളെജ് വിദ്യാര്‍ഥി രാജന്റെ കേസ് ഹൈക്കോടതിയില്‍ എത്തിക്കുന്നതും കരുണാകരന് മന്ത്രിസഭയുടെ രാജി വരെ കാര്യങ്ങള്‍ എത്തിക്കുന്നതും അദ്ദേഹത്തിന്റെ പരിശ്രമങ്ങളിലൂടെയാണ്. സ്വന്തം നിലയിലും മറ്റ് ഗ്രന്ഥകര്‍ത്താക്കളുടെയും സഹായത്തോടെയും നിരവധി നിയമ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൈക്കോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നീതിക്കായി കക്ഷികള്‍ക്കു വേണ്ടി ഏതറ്റം വരെ പോകുന്ന അദ്ദേഹം എക്കാലത്തും തൊഴില്‍ പരമായ മാന്യത മുറുകെ പിടിച്ചിട്ടുണ്ട്.
കേരളത്തിലെ ഒരു പ്രധാന കേസില്‍ അദ്ദേഹം വക്കാലത്ത് എടുത്താല്‍ നാലുകോടി രൂപ ഫീസ് കൊടുക്കാമെന്ന് പ്രതിഭാഗം, ഓഫര്‍ ചെയ്തതായി അറിയാം. ഒരു നിയമജ്ഞന്റെ ‘താരമൂല്യമാണ്’ അത് അടയാളപ്പെടുത്തുന്നത്.
ആദ്യമായി എനിക്കു വേണ്ടി അദ്ദേഹം കോടതിയില്‍ ഹാജരാകുന്നത് അടിയന്തരാവസ്ഥയിലാണ്. 1975 നവംബര്‍ 20ന് ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലാണ് ഞങ്ങള്‍ 14 പേരടങ്ങുന്ന ബാച്ച് സത്യഗ്രഹമനുഷ്ഠിച്ചത്. അറസ്റ്റ്, കൊടിയ മര്‍ദനം, ഞങ്ങള്‍ 14 പേരെ തമ്മിലടിപ്പിച്ച് പോലീസുകാര്‍ ആനന്ദം കൊണ്ടു. ഇസ്പേഡ് ഗോപിഎന്ന ഡിവൈഎസ്പി ഞങ്ങളില്‍ ചിലരുടെ നിലവിളി യജമാനന്മാരായ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനെ ഫോണില്‍ കേള്‍പ്പിച്ചു. പിറ്റേ ദിവസം കോടതിയില്‍ ഹാജരാക്കിയ ഞങ്ങളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. കേസ് ഡയറി പോലും ഹാജരാക്കാഞ്ഞതിനാല്‍ അവധി കഴിഞ്ഞപ്പോള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഞങ്ങളെ വിട്ടയച്ചു. രണ്ട് മാസം കഴിഞ്ഞ് ആ വിധിക്കെതിരെ സര്‍ക്കാര്‍ ജില്ലാക്കോടതിയില്‍ അപ്പീല്‍ നല്കി. വിട്ട നടപടി ശരിയായില്ലന്ന വിധി വന്നു. ആര്‍എസ്എസ് ആലപ്പുഴ ജില്ലാ പ്രചാരകനായിരുന്ന കെ.പി. ഗോപകുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കുവാന് ഞങ്ങളോടാവശ്യപ്പെട്ടു. അഡ്വ. രാംകുമാര്‍ സാര്‍ മുഖാന്തിരം നല്കിയ അപ്പീല്‍ കുമാരി ജസ്റ്റിസ് ജാനകി അമ്മയുടെ ബഞ്ചില്‍ വരികയും ജില്ലാക്കോടതി വിധി സ്റ്റേ ചെയ്യുകയും ചെയ്തു. പിന്നീട് അടിയന്തിരാവസ്ഥ പിന്‍വലിക്കുന്നതു വരെ സ്റ്റേ നീണ്ടുപോകുകയും മൊറാര്‍ജി സര്‍ക്കാര്‍ വന്നതോടെ ഡിആര്‍ഐ ഇല്ലാതായി, കേസ് പ്രോസിക്യൂഷന് പിന്‍വലിക്കുകയും ചെയ്തു. അടിയന്തരാവസ്ഥയില്‍ അറസ്റ്റിലാകുന്നവര്‍ക്ക് ജാമ്യത്തിന് വാദിക്കാന്‍ അഭിഭാഷകര്‍ ഭയന്നകാലത്തായിരുന്നു അത്. അടുത്ത സംഭവം കോടതിവിധികളില്‍ ചരിത്രമാണ്. 1979-ല്‍ ടെലികോം ഡിപ്പാര്ട്ടുമെന്റില് ടെലഫോണ്‍ ഓപ്പറേറ്ററായി ജോലി കിട്ടിയ ഞാന്‍ ബയോഡാറ്റാഫോമില്‍ അടിയന്തരാവസ്ഥക്കാലത്ത് ഡിഐആര്‍ പ്രകാരം 14 ദിവസത്തെ ജയില്‍ വാസമനുഭവിച്ചതായി രേഖപ്പെടുത്തിയിരുന്നു. ഇത് വായിച്ച നിയമനാധികാരി ടെലികോംസ് ആലപ്പുഴ ജില്ലാ മേധാവി എന്റെ പേര് സെലക്ട് ലിസ്റ്റില്‍ നിന്ന് നീക്കിയതായി അറിയിച്ചു.
ഇതിനെതിരെ ഞാന്‍ അഡ്വ. രാംകുമാര്‍ വഴി ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ ജസ്റ്റിസ് ചന്ദ്രശേഖരമേനോന്റെ ചരിത്രപ്രധാനമായ വിധിയുണ്ടായി. ഒരു പൗരന് ആര്‍എസ്എസ് ബന്ധമുള്ളതുകൊണ്ടോ ഡിഐആര്‍ പ്രകാരം ജയില്‍വാസം അനുഭവിച്ചതുകൊണ്ടോ സര്‍ക്കാര്‍ ജോലി നിഷേധിക്കാനാവില്ല എന്നതായിരുന്നു ആ വിധി. ഒ.പി.നമ്പര്‍ 1792/1980 കേസിലെ വിധി പിന്നീട് മൗലികാവകശങ്ങള്‍ നിഷേധിച്ച് സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെട്ട അനേകം ഉദ്യോഗസ്ഥര്‍ക്ക് ജോലി ലഭിക്കത്തക്ക നിലയില്‍ ഇന്ത്യയിലെ എല്ലാ ഹൈക്കോടതികളും ഉദ്ധരിച്ച് വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
എന്റെ ഒരു സുഹൃത്ത്, 35 കൊല്ലത്തെ സര്‍ക്കാര്‍ സേവനത്തില്‍, വിരമിക്കാന്‍ രണ്ടാഴ്ച ശേഷിക്കെ, സസ്പെന്‍ഡ് ചെയ്യപ്പെട്ടു. രാംകുമാര്‍ വഴി കേസ് ഹൈക്കോടതിയില്‍ എത്തിച്ചു. വിരമിക്കുന്നതിന്റെ തലേന്ന്, തിരിച്ചെടുക്കാന്‍ വിധി വന്നു. വിരമിക്കേണ്ട ദിവസം രാവിലെ സര്‍വീസില്‍ പ്രവേശിക്കുകയും വൈകുന്നേരം റിട്ടയര്‍ ചെയ്യുകയും ചെയ്തു.
ഇപ്പറഞ്ഞതൊന്നും രാംകുമാര്‍ എന്ന അഭിഭാകന്റെ നീതി-നിയമ നിര്‍വഹണ പ്രക്രിയയുടെ ഭാഗമായി നിന്നുകൊണ്ടുള്ള ദീര്‍ഘ നാളത്തെ പ്രവര്‍ത്തനങ്ങളുടെ ഒരംശം പോലുമാകുന്നില്ല. ഇത്രയും നീണ്ട കാലം ഈ മേഖലയില്‍ നടത്തിയ ഇടപെടലുകള്‍, നിയമങ്ങള്‍ അപ്പപ്പോള്‍ സാഹചര്യത്തിനൊത്ത് വ്യാഖ്യാനിച്ച് നീതി നേടിയ സംഭവങ്ങള്‍ ഏറെയാണ്. ദേശീയവും പ്രാദേശികവുമായ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക വിഷയങ്ങളില്‍ ഇപ്പോഴും നടത്തുന്ന നിരീക്ഷണങ്ങളും അഭിപ്രായപ്രകടനങ്ങളും നിലപാട് പ്രഖ്യാപനങ്ങളും ഉയര്‍ത്തിവിടുന്ന കരുത്തും കാരുണ്യവും വിശാലമാണ്. ആദര്‍ശശാലിയായ നീതിമാന്, ദൃഢ നിശ്ചയക്കാരനായ പ്രൊഫഷണല്‍, കാഴ്ചപ്പാടുള്ള വിമര്ശകന്, തീവ്രതയും കാര്‍ക്കശ്യവുമുള്ള രാജ്യസ്നേഹി, ഉശിരുള്ള സംഘാടകന്‍, വിശേഷണങ്ങള്‍ ഇനിയുമേറെ. കോടതിമുറികളില്‍ മാത്രമല്ല, നമ്മുടെ ഓരോ വീട്ടകത്തും ഈ അഭിഭാഷകന് സുപരിചതനാണ്, ടിവി ചര്‍ച്ചകളില്‍ നിയമം പറയുന്ന, രാഷ്ട്രീയ നിയമം പറയുന്ന, സാമൂഹ്യ നീതിക്ക് വാദിക്കുന്ന പ്രഗത്ഭന്‍.
ഈ മഹദ് വ്യക്തിത്വത്തിന്റെ ശതാഭിഷേകവും കൊറോണക്കാലം ആഘോഷമില്ലാതാക്കിക്കളയുകയാണ്. ലോകത്താകെ ജനങ്ങള്‍ ദുരിതമുഖത്തായിരിക്കെ എനിക്കെന്താഘോഷം എന്നുതന്നെയാകും അദ്ദേഹം പറയുക. നവതിയും ശതാബ്ദിയും ആഘോഷഭരിതമാക്കാന്‍ നമുക്കിടയില്‍ സക്രിയനായി ഇരിക്കാന്‍ പ്രാര്‍ഥിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: