പണമില്ലാത്തതിനാല്‍ കോഴിക്കോട് സര്‍വകലാശാലയില്‍ അംബേദ്കര്‍ ചെയര്‍ സ്ഥാപിക്കില്ല എന്ന വാര്‍ത്ത കേരളത്തിന്റെ പൊതുസമൂഹത്തിനു നേരെ വലിയൊരു ചോദ്യചിഹ്നമുയര്‍ത്തുകയാണ്. രാജ്യത്തെ മറ്റിടങ്ങളെ അപേക്ഷിച്ച് അധഃസ്ഥിത വിമോചനത്തിന്റെ സ്വന്തം നാടായി വാഴ്ത്തപ്പെടുന്ന കേരളത്തില്‍ നിലനില്‍ക്കുന്നത് അതിന് കടകവിരുദ്ധമായ ഒരു പൊതുബോധമാണെന്നും, ഇതിനെ പിന്തുണയ്ക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന നയമാണ് അധികാരം കയ്യാളുന്നവര്‍ നടപ്പാക്കുന്നതെന്നും തെളിയിക്കുന്ന സംഭവമാണിത്. ഭരണഘടനാ ശില്പ്പിയായി വിശേഷിപ്പിക്കപ്പെടുന്ന അംബേദ്കറുടെ ചെയര്‍ സ്ഥാപിക്കണമെന്ന് അപേക്ഷിച്ച മഹാത്മാ അയ്യങ്കാളി കള്‍ച്ചറല്‍ എജ്യുക്കേഷന്‍ ട്രസ്റ്റിനോട് അതിനായി 25 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ അഭിലാഷം തുടക്കത്തിലെ സര്‍വകലാശാല നുള്ളിക്കളഞ്ഞിരിക്കുന്നത്. മൂന്നുലക്ഷമായിരുന്ന ഈ കോര്‍പ്പസ് ഫണ്ട് ആറ് വര്‍ഷം മുന്‍പാണ് സിന്‍ഡിക്കേറ്റ് ഇരുപത്തിയഞ്ച് ലക്ഷമായി ഉയര്‍ത്തിയത്. സര്‍വകലാശാലക്ക് ഈ തുക കുറയ്ക്കുകയോ വേണ്ടെന്നു വയ്ക്കുകയോ ചെയ്യാമെന്നിരിക്കെ, സ്ഥാപിക്കപ്പെടേണ്ടത് അംബേദ്കറുടെ പേരിലുള്ള ചെയറായതിനാല്‍ കോണ്‍ഗ്രസ്സും സിപിഎമ്മും നേതൃത്വം നല്കുന്ന ഭരണസംവിധാനത്തിന് ഇതിന് താല്‍പ്പര്യമില്ല എന്നാണ് അറിയാന്‍ കഴിയുന്നത്. ദളിത്-മുസ്ലിം ഐക്യം പറയുന്നവരുടെ തനിനിറവും കോഴിക്കോട് സര്‍വകലാശാലയുടെ ഈ നടപടിയില്‍നിന്ന് വ്യക്തമാവുന്നുണ്ട്.
അംബേദ്കര്‍ ചെയര്‍ സ്ഥാപിക്കാന്‍ കോഴിക്കോട് സര്‍വകലാശാല അനുമതി നല്‍കിയത് ആറുവര്‍ഷം മുന്‍പാണ്. ഇതിനു തൊട്ടുപിന്നാലെയാണ് വന്‍തുക കോര്‍പ്പസ് ഫണ്ടായി നല്‍കണമെന്ന നിബന്ധന സിന്‍ഡിക്കേറ്റ് മുന്നോട്ടുവച്ചത്. സര്‍വകലാശാലയില്‍ വൈക്കം മുഹമ്മദ് ബഷീര്‍, മൗലാന അബുള്‍ കലാം ആസാദ്, മഹാത്മാഗാന്ധി എന്നിവരുടെ പേരുകളില്‍ ചെയറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു വേണ്ട പണം നല്‍കിയത് സര്‍ക്കാരും സര്‍വകലാശാലയുമാണ്. പക്ഷേ അംബേദ്കറുടെ കാര്യം വന്നപ്പോള്‍ ഇങ്ങനെ സംഭവിക്കുന്നില്ല. അംബേദ്കറോടുള്ള കേരളം ഭരിക്കുന്നവരുടെ ഈ അസ്പൃശ്യത ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആധുനിക ഭാരതത്തിന്റെ ചരിത്രത്തില്‍ അംബേദ്കറെ തമസ്കരിക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. ആറു പതിറ്റാണ്ടു കാലം ഭരിച്ചിട്ടും അംബേദ്കര്‍ക്ക് ഒരു സ്മാരകം പോലും നി
ര്‍മിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായില്ല. നെഹ്റു കുടുംബത്തിന്റെ കണ്ണിലെ കരടായതാണ് ഇതിനു കാരണം. സ്വതന്ത്ര ഭാരതത്തിന്റെ നിര്‍മിതിക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടും അംബേദ്കറെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ച് നിഷ്പ്രഭനാക്കാനാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും ശ്രമിച്ചത്. ഇ.എം.എസ്. നമ്പൂതിരിപ്പാട് എഴുതിയ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അംബേദ്കറെക്കുറിച്ച് പരാമര്‍ശിക്കാതെ പോയതും ഇതിന്റെ ഭാഗമായിരുന്നു. പണിപൂര്‍ത്തിയായിട്ടും അംബേദ്കറുടെ പ്രതിമ നിയമസഭാ കോമ്പൗണ്ടില്‍ സ്ഥാപിക്കാതിരുന്നതും, പ്രതിഷേധമുയര്‍ന്നപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം ഇഎംഎസിന്റെ പ്രതിമയ്ക്കൊപ്പം സ്ഥാപിച്ചതുമൊക്കെ കേരളീയ സമൂഹം മറന്നിട്ടില്ല.
ദളിത് വിഭാഗങ്ങളെ കബളിപ്പിച്ച്, അവരുടെ വോട്ട് നേടുന്നതില്‍ മാത്രമാണ് കേരളത്തിലെ ഇടതു പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസ്സിനും താല്‍പ്പര്യം. ചില നേതാക്കള്‍ക്ക് പാര്‍ട്ടിയിലും മന്ത്രിസഭയിലുമൊക്കെ സ്ഥാനം നല്‍കുമെങ്കിലും ദളിത് വിഭാഗങ്ങള്‍ ആത്മാഭിമാനമുള്ളവരായി മാറുന്നത് ഇക്കൂട്ടര്‍ ഇഷ്ടപ്പെടുന്നില്ല. ഇതാണ് അംബേദ്കറോടുള്ള വിപ്രതിപത്തിക്ക് കാരണം. ഇക്കൂട്ടര്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ കണ്ടു പഠിക്കണം. അംബേദ്കര്‍ അന്താരാഷ്ട്ര ഫൗണ്ടേഷന് സ്ഥാപിക്കാന്‍ വി.പി. സിങ്ങിന്റെ സര്‍ക്കാര്‍ തീരുമാനമെടുത്തതാണ്. എന്നാല്‍ പിന്നീടു വന്ന സര്‍ക്കാരുകള്‍ ഇതിനുവേണ്ടി ചെറുവിരലനക്കിയില്ല. രണ്ടു പതിറ്റാണ്ടിനുശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോഴാണ് പഞ്ചതീര്‍ത്ഥ എന്ന പേരില്‍ ഈ സ്മാരക പദ്ധതി പ്രാവര്‍ത്തികമാക്കിയത്. ജന്മനാടായ മധ്യപ്രദേശിലെ മൗ, ദീക്ഷാ ഭൂമിയായ നാഗ്പൂര്‍, വിദ്യാഭ്യാസം നടത്തിയ ലണ്ടന്‍, ചൈത്യ ഭൂമിയായ മുംബൈ, പരിനിര്‍വാണ ഭൂമിയായ ദല്‍ഹി എന്നിവിടങ്ങളില്‍ അംബേദ്ക്കര്‍ക്ക് ഉചിതമായ സ്മാരകം നിര്‍മിച്ച മോദി സര്‍ക്കാര്‍ ദളിതരുടെ അഭിമാനമുയര്‍ത്താനാണ് അതിലൂടെ ലക്ഷ്യം വച്ചത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളില്‍നിന്നുള്ള ഏറ്റവും കൂടുതല്‍ എംപിമാരുള്ള പാര്‍ട്ടിയാണ് ബിജെപി. സ്വാഭാവികമായും അടുത്തിടെ നടത്തിയ മന്ത്രിസഭാ പുനഃസംഘടനയില്‍ ദളിത് വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രാതിനിധ്യവും നല്കുകയുണ്ടായി. അധഃസ്ഥിത വിമോചനത്തിന്റെ പേരില്‍ അധരവ്യായാമം നടത്തുകയും, അതിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയും ചെയ്യുന്നവര്‍ ആരാണെന്ന് ദളിത് വിഭാഗങ്ങള്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: