മുംബൈ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും മഹാരാഷ്ട്രയില്‍ മരണമടഞ്ഞവരുടെ എണ്ണം 140 കവിഞ്ഞു. മഹാരാഷ്ട്രയ്ക്കു പുറമേ കൊങ്കണിലും തെലങ്കാനയുടെ വടക്കന്‍ മേഖലയിലും കര്‍ണ്ണാടകത്തിലും വന്‍ പ്രളയമാണ്. ഒന്നര ലക്ഷത്തോളം പേരെ ഇതിനകം മാറ്റിപ്പാര്‍പ്പിച്ചു. മഴ ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
മഹാരാഷ്ട്രയിലെ റായ്ഗഡിലുണ്ടായ മണ്ണിടിച്ചിലില്‍ മാത്രം എണ്‍പതോളം പേര് മരിച്ചു. എഴുപതിലധികം പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പക്ഷെ മഴയും മോശം കാലാവസ്ഥയും ഇതിന് തടസമാകുന്നു. വെള്ളപ്പാച്ചിലില്‍ പല റോഡുകളും തകര്‍ന്നു. കൃഷ്ണ, ഗോദാവരി നദികള്‍ കരകവിഞ്ഞു. ഉത്തര കന്നഡ, ശിവമോഗ, ഉടുപ്പി എന്നിവടങ്ങളിലും പ്രളയമാണ്. ഒഴുക്കില്‍പ്പെട്ട് 23 പേരെ കാണാതായി. മഹാരാഷ്ട്രയില്‍ മണ്ണിടിച്ചില്‍ മൂലമുണ്ടായ ജീവഹാനിയില്‍ അതീവ ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: