ശാസ്താംകോട്ട: സഹകരണ മേഖലയിലെ പകല്‍ കൊള്ളകളില്‍ ഇടതു-വലതു മുന്നണികള്‍ തമ്മില്‍ പരസ്പര സഹകരണം. ഇടതു-വലതു നേതൃത്വത്തിലുള്ള സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും ക്രമക്കേടുകള്‍ ഒരോ ദിവസവും പുറത്തുവരുമ്പോഴും പ്രതിഷേധിക്കുക പോലും ചെയ്യാതെ പരസ്പരം സംരക്ഷിക്കുകയാണ് ഇരുമുന്നണികളും.
ഏറ്റവും ഒടുവില്‍ കൊല്ലം പോരുവഴി അമ്പലത്തുംഭാഗം സര്‍വീസ് സഹ. ബാങ്കിലെ ക്രമക്കേടില്‍ എല്‍ഡിഎഫ് നേതാക്കളായ രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. സിപിഎം നേതാവായിരുന്ന വിശ്വനാഥന് തമ്പിയായിരുന്നു ക്രമക്കേട് നടക്കുന്ന കാലത്ത് ബാങ്ക് സെക്രട്ടറി. ക്രമക്കേടുകളെക്കുറിച്ച് തമ്പിക്ക് അറിവുണ്ടായിരുന്നു. അതിനാല്‍, തമ്പിയുടെ വിരമിക്കല്‍ ആനുകൂല്യങ്ങള്‍ താല്‍ക്കാലികമായി തടഞ്ഞു.
കുന്നത്തൂര്‍ മണ്ഡലത്തില്‍ മാത്രം ആറോളം സര്‍വീസ് സഹ. ബാങ്കുകള്‍ക്കെതിരെയാണ് പരാതിയും അന്വേഷണവും. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതൃത്വത്തിലുള്ള ഭരണസമിതികളാണ് മൂന്നു വീതം ബാങ്കുകള്‍ ഭരിക്കുന്നത്. സഹ. വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഈ ആറ് ബാങ്കുകളിലും ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തി.
കിഴക്കേ കല്ലട, കരിംതോട്ടുവാ ബാങ്കുകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച കേസുകള്‍ ഹൈക്കോടതിയിലാണ്. സിപിഎം നിയന്ത്രണത്തിലുള്ള കിഴക്കേക്കല്ലട ബാങ്കിലെ തിരിമറി വിജിലന്‍സ് അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. അരക്കോടിയോളം രൂപയുടെ ക്രമക്കേടാണ് അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ അന്വേഷണം എങ്ങും എത്തിയിട്ടില്ല. സിപിഎം ഭരിക്കുന്ന ശൂരനാട് ഫാര്‍മേഴ്സ് സര്‍വീസ് സഹ.ബാങ്കില്‍ പതിനഞ്ച് ലക്ഷത്തോളം രൂപയുടെ ക്രമക്കേട് കണ്ടത്തി. ബാങ്ക് ജീവനക്കാരനായ ബ്രാഞ്ച് സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. ഉന്നത നേതാക്കളിലേക്കുള്ള അന്വേഷണം പാര്‍ട്ടി നേതൃത്വം ഇടപെട്ട് തടാസ്സപ്പെടുത്തി.
പോരുവഴി സര്‍വീസ് സഹ. ബാങ്കില്‍ മൂന്ന് വര്‍ഷം മുന്‍പ് കണ്ടത്തിയ മൂന്നേകാല്‍ കോടിയിലധികം രൂപയുടെ തിരിമറിയില്‍ ബാങ്ക് സെക്രട്ടറി സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം രാജഷ്കുമാറിനെ അറസ്റ്റ് ചെതിരുന്നു. വനിതാ ജീവനക്കാരിയടക്കം പത്തോളം ജീവനക്കാര്‍ക്കെതിരെയും നടപടിയുണ്ടായി. കോണ്‍ഗ്രസ് ഭരിക്കുന്ന ബാങ്കിലായിരുന്നു സിപിഎം നേതാവിന്റെ ക്രമക്കേട്.
ചക്കുവള്ളിയില്‍ കോണ്‍ഗ്രസ് വനിതാ നേതാവിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ എട്ടു കോടി രൂപയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്. വനിതാ നേതാവ് റിമാന്‍ഡിലായിട്ടും സിപിഎം നേതൃത്വം പ്രതികരിച്ചില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന ശൂരനാട് വടക്ക് ആനയടി ക്ഷീര സംഘത്തില്‍ പതിനേഴ് ലക്ഷത്തിലധികം രൂപയുടെ വെട്ടിപ്പാണ് നടന്നത്.
കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരന്റെ നിയന്ത്രണത്തിലുള്ള ഭരണിക്കാവ് കാര്‍ഷിക വികസന ബാങ്കിലെ ക്രമക്കേടും അനധികൃത നിയമനങ്ങളും കോടതിയുടെ പരിഗണനയിലാണ്. അടുത്തിടെ ബാങ്കിലെ ഡ്രൈവര്‍ തസ്തിക ഒഴിവിലേക്ക് പട്ടികജാതി സംവരണം അട്ടിമറിച്ച് ലക്ഷങ്ങള്‍ വാങ്ങി പുറത്തു നിന്ന് നിയമനം നടത്താനുള്ള നീക്കവും വിവാദമായിരുന്നു. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്ന ഇല്ലാത്ത തസ്തികയുടെ പേരില്‍ പതിനാറ് ലക്ഷത്തോളം രൂപ പലരില്‍ നിന്ന് വാങ്ങിയതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: