തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പാത്തട്ടിപ്പിനെച്ചൊല്ലി സിപിഎമ്മില്‍ പോര്. സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായ ബേബി ജോണ്‍ പരസ്യമായി പൊട്ടിത്തെറിച്ചു. ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റിനു മുന്നോടിയായി ചേര്‍ന്ന നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലും തര്‍ക്കങ്ങളുണ്ടായി. ബേബി ജോണ്‍ വിഭാഗവും എ.സി. മൊയ്തീന് വിഭാഗവും രൂക്ഷമായ ചേരിപ്പോരിലാണ്.
”ഞാനന്നേ പറഞ്ഞതാ… അപ്പോള്‍ ഈ ഒറ്റക്കണ്ണന്‍ പാര്‍ട്ടിയെ നശിപ്പിക്കുമെന്നാണ് ചിലര്‍ പറഞ്ഞത്. ഇപ്പോള്‍ എന്തായി…” ബേബി ജോണ്‍ ചോദിച്ചു. സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിദ്ധ്യത്തിലായിരുന്നു പൊട്ടിത്തെറി. ഒരു കണ്ണിന് കാഴ്ച പ്രശ്നങ്ങളുള്ളയാളാണ് ബേബി ജോണ്‍. അന്വേഷണം നടത്താന്‍ പറഞ്ഞതിന് തന്നെ അവഹേളിക്കുകയായിരുന്നു മൊയ്തീനും കൂട്ടരുമെന്നാണ് ബേബി ജോണ്‍ വ്യക്തമാക്കിയത്.
2016ല്‍ ബേബി ജോണ്‍ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് കരുവന്നൂര്‍ ബാങ്കില്‍ ക്രമക്കേട് നടക്കുന്നുവെന്ന പരാതി ആദ്യമായി പാര്‍ട്ടിക്ക് ലഭിച്ചത്. ബാങ്കിന്റെ സിവില്‍ സ്റ്റേഷന് ബ്രാഞ്ച് മാനേജരും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന എം.വി. സുരേഷായിരുന്നു പരാതിപ്പെട്ടത്. ബേബി ജോണ്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയെങ്കിലും മാസങ്ങള്‍ക്കുള്ളില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റി. പിന്നീട് സെക്രട്ടറിയായത് എ.സി. മൊയ്തീനാണ്. ഇതോടെ പാര്‍ട്ടിയിലെ അന്വേഷണം നിലച്ചു. പരാതിക്കാരനായ സുരേഷിനെ ബാങ്കില്‍ നിന്നു പിരിച്ചുവിട്ടു. പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.
അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ച തന്നെ പരിഹസിക്കുകയാണ് മൊയ്തീന് ചെയ്തതെന്നാണ് ബേബി ജോണ്‍ പൊട്ടിത്തെറിച്ചത്. പുറമേക്ക് പല ന്യായീകരണങ്ങളും നിരത്തുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളില്‍ വിഷയം ചര്‍ച്ച ചെയ്യാനോ വിശദീകരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് സിപിഎം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് ഇന്നലെ നടത്താനിരുന്ന പത്രസമ്മേളനം അവസാന നിമിഷം മാറ്റിവെച്ചതും പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. കേസില്‍ പ്രതികളായ ലോക്കല്‍ കമ്മിറ്റി അംഗങ്ങളെ മാത്രം സസ്പെന്‍ഡ് ചെയ്ത് തടിയൂരാനായിരുന്നു സിപിഎം ശ്രമം. എന്നാല്‍, സംഭവത്തില്‍ സംസ്ഥാന സമിതിയംഗവും മുന്‍മന്ത്രിയുമായ എ.സി. മൊയ്തീന് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പാര്‍ട്ടിതല അന്വേഷണം വേണമെന്ന നിലപാടിലാണ് ബേബി ജോണ്‍ വിഭാഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: