ഡോ. എം. ലീലാവതി
സ്ഫുടതാരകള്‍ കൂരിരുട്ടിലു-ണ്ടിടയില്‍ ദ്വീപുകളുണ്ട് സിന്ധുവില്‍ എന്നു കുമാരനാശാന്. കരിങ്കാര് നിരയിലും ഒരുരജതരേഖയുണ്ടാകാം എന്ന് ലോകരെല്ലാം വിശ്വസിക്കുന്ന പഴഞ്ചൊല്ല്. ഇത്തരത്തിലുള്ള ശുഭാപ്തി വചനങ്ങള്‍ ഓര്‍മിപ്പിക്കുന്ന ഒരു ഉദ്യമമാണ് എ.കെ.ബി. നായരുടെ ശ്രീമന്നാരായണീയ വ്യാഖ്യാനം. ഭൂഗോളത്തെ മുഴുവന്‍ ഇരുട്ടിലാഴ്ത്തുന്ന കൊവിഡ് വ്യാപ്തിയുടെ ഘട്ടത്തിലും തനിക്കു വെളിച്ചം നല്കുന്ന താരകദീപത്തെയും ആശ്രയമായ ദ്വീപത്തെയും അദ്ദേഹം കണ്ടെത്തി. സപ്താഹ പാരായണങ്ങളും ആധ്യാത്മിക പ്രഭാഷണ പരമ്പരകളും നിര്‍ത്തിവയ്ക്കേണ്ടി വന്ന സാഹചര്യത്തില്‍ അദ്ദേഹം ഇതികര്‍ത്തവ്യതാമൂഢനായി ഇരുന്നില്ല. പവിത്രമായ, എന്നു പറഞ്ഞാല്‍ പോരാ, പവിത്രതരമായ ആധ്യാത്മിക പ്രവര്‍ത്തനമായി, രോഗശമനൗഷധമെന്ന് ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്ത നാരായണീയ സ്ത്രോത്ര മഹാകാവ്യത്തെ വിവര്‍ത്തനം ചെയ്യുന്ന കൃത്യം അദ്ദേഹം ഏറ്റെടുക്കുകയും ചുരുങ്ങിയ സമയംകൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തു. ”സ്ഥിരതരമനസാ വിശ്വപീഡാപഹതൈ്യ” എന്ന കാവ്യരചനാലക്ഷ്യം മേല്‍പ്പുത്തൂര്‍ ഭട്ടപാദര്‍ (1-2) തന്റെ വിശ്വോത്തര കൃതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ”എല്ലാ ദുഃഖങ്ങളുടെയും നാശത്തിനായി” സ്ഥിരതരമനസാ ചെയ്ത യത്നം എന്നാണ് സാമാന്യേന വ്യാഖ്യാനിക്കുക പതിവ്. സൂക്ഷ്മമായി വാക്യത്തിനുള്ളിലേക്കിറങ്ങി നോക്കിയാല്‍ കുറേക്കൂടി വിപുലമായ ആന്തരാര്‍ത്ഥം ആ വാക്യത്തിനുണ്ടെന്നു വ്യക്തമാവും.
വിശ്വമൊട്ടാകെയുള്ളവര്ക്കെല്ലാം ഭവത് കാലത്തും ഭവിഷ്യത് കാലത്തും എല്ലാ ദുഃഖങ്ങളെയും-രോഗപീഡ മാത്രമല്ല ദുഃഖത്രയത്തെ (ആധിഭൗതികം, ആധ്യാത്മികം, ആധിദൈവികം) മുഴുവന്‍ നശിപ്പിക്കാനാണ് താന്‍ ശ്രീഗുരുവായൂരപ്പനെ ആശ്രയിക്കുന്നതെന്ന വിശാലമാനം ആ വാക്യത്തിനുണ്ട്. സ്വന്തം രോഗപീഡ ശമിപ്പിക്കല്‍ മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍, മൂന്നാം ദശകത്തില്‍ സൂചിപ്പിച്ചതുപോലെയുള്ള ചര്യകള്‍ അനുഷ്ഠിച്ചാലും മതിയാകും. വെറും സാമാന്യരായ മനുഷ്യര്‍ക്ക് അതില്‍ കവിഞ്ഞൊന്നും സാധ്യമല്ലതാനും. എന്നാല്‍ ഒരു ജാതകവി ശാശ്വത സമകളില്‍ നിലനില്‍ക്കുന്ന സൃഷ്ടികള്‍ നിര്വഹിച്ചുംകൊണ്ട് അവര്‍ വിശ്വപീഡകള്ക്കു ശമനമുണ്ടാക്കുന്നു. (കവിര്‍ മനീഷീ പരിഭൂഃ സ്വയംഭൂഃ യാഥാതഥ്യതോളര്ത്ഥാന് വ്യദധാത് ശാശ്വതീഭ്യഃസമാഭ്യഃ) ജപതപാദികള്കൊണ്ടും വ്യക്തിയുടെ ഏകാഗ്രതയോടെയുള്ള അനുഷ്ഠാനങ്ങള്‍കൊണ്ടും ശമിപ്പിക്കാവുന്നത് വ്യക്തിനിഷ്ഠ ദുഃഖങ്ങള്‍ മാത്രമാണ്. ഭക്തിയുള്പ്പെടെയുള്ള ‘കാവ്യരസ’ങ്ങളാകട്ടെ വ്യക്തിനിഷ്ഠതയില് നിന്ന് ഉയര്‍ന്നു സാധാരണീകൃതമാകുന്നു; എക്കാലത്തും ഏവര്‍ക്കും ദുഃഖത്രയാപഹതിയുളവാക്കുന്നു. നിസ്വാര്‍ത്ഥ കര്‍മമായ കാവ്യരചനാ സമരാരംഭത്തിന് ഈ ലക്ഷ്യം കൂടിയുണ്ടാവുന്നതുകൊണ്ടാണ് ‘വിശ്വപീഡാപഹതി’യെന്ന വചനത്തിനു വിപുലതരമായ അര്‍ത്ഥധ്വനി കല്പ്പിക്കേണ്ടിയിരിക്കുന്നത്.
ഇക്കാര്യം ഇവിടെ പ്രസ്താവിക്കുന്നത് വ്യാഖ്യാതാവ് തന്റെ ഉദ്യമം, ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന ശ്വാസബീജാസുരന്റെ ആക്രമണത്തെ ചെറുക്കാനുള്ള അടച്ചിരിപ്പിന്റെ ഫലമായിട്ടാണ് ഉണ്ടായതെന്ന് പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടു കൂടിയാണ്.
ഓരോ ദശകത്തിന്റെയും പര്യവസാനത്തിലുള്ള പ്രാര്‍ത്ഥന നാരായണീയ പാരായണത്തിലേര്പ്പെടുന്ന ഓരോ വ്യക്തിയുടെയും പ്രാര്‍ത്ഥനയാണ്. കവി, മണ്ഡപത്തിലിരുന്ന് തിരുനാമം ജപിച്ചുംകൊണ്ടു പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്തിരുന്നതെങ്കില്‍ ആ പ്രാര്‍ത്ഥന അദ്ദേഹത്തിന്റേതു മാത്രമാകുമായിരുന്നു. ഇപ്പോഴാകട്ടെ തല്ലയത്തോടെ കാവ്യപാരായണത്തിലേര്പ്പെടുന്ന എല്ലാവരുടെയുമായിത്തീര്ന്നിരിക്കുന്നു. ‘തല്ലയ’ത്തോടെ എന്നു പറയുന്നത് സോദ്ദേശ്യമാണ്. അര്ത്ഥഭാവങ്ങളറിഞ്ഞും കൊണ്ടുള്ള ആലാപനത്തിലും പാരായണത്തിലുമാണ് പൂര്‍ണമായ ‘ലയം’ഉണ്ടാകാവുന്നത്. ആ അറിവ് സാമാന്യര്‍ക്കും സംസ്കൃതാനഭിജ്ഞര്ക്കും ഉണ്ടാവണമെങ്കില്‍ കൈവരേണ്ടുന്ന ഉപകരണമാണ് നല്ല വ്യാഖ്യാനം. അതില്‍ ഏര്‍പ്പെടാന്‍ എ.കെ.ബി നായര്‍ക്ക് തോന്നി എന്നതിനര്‍ത്ഥം ശ്രീഗുരുവായൂരപ്പന് ആ കൃത്യം നിര്‍വഹിക്കുന്നതിന് അദ്ദേഹത്തില്‍ അനുഗ്രഹം ചൊരിഞ്ഞു എന്നാണ്.
പലര്‍ക്കും ഇത്തരം ആശകളുണ്ടായിട്ടുണ്ടാവാം. എന്നാല്‍ ”മാസ്മിന്‍ ഖലഃ ഖേലതു” (നിസ്സാരന്മാര്ക്കുള്ള കളിക്കളമല്ല ഇത്) എന്ന വിലക്ക് അവരെ അധീരരാക്കി പിന്തിരിപ്പിച്ചിട്ടുമുണ്ടാവാം. പിന്തിരിയാതെ ധീരതയോടെ മുന്നോട്ടുപോയെന്നു മാത്രമല്ല വളരെ വേഗം കൃത്യം സമാപിച്ചു എന്നത് ഗുരുവായൂരപ്പന് അനുഗ്രഹം വര്ഷിച്ചുവെന്നതിനുള്ള മൂര്‍ത്തമായ തെളിവാണ്. 72 ദിവസം (17+30+25) കൊണ്ട് ഈ വമ്പിച്ച ഉദ്യമം സമ്പൂര്ണമാക്കിയതിലെ കര്‍മവേഗം, വ്യക്തിശക്തിയുടെ അനുസ്യൂത പ്രവര്‍ത്തനത്തിനാവശ്യമായ ത്രികരണോര്ജങ്ങള് ഭഗവാന് അദ്ദേഹത്തിലേക്കു പ്രസരിപ്പിച്ചുകൊണ്ടിരുന്നു എന്നു വ്യക്താക്കുന്നു. ”കഥാരസാമൃതഝരീ നിര്മജ്ജനേന സ്വയം സിദ്ധ്യന്തീ” എന്നു ഭട്ടതിരിപ്പാട് വിശേഷിപ്പിച്ച ഭക്തിയും, വിമല പ്രബോധ പദവിയും, ചേര്‍ന്നുള്ള ‘സദ്യഃസിദ്ധി’യാണല്ലോ സപ്താഹപാരായണത്തിലൂടെയും പ്രഭാഷണ പരമ്പരകളിലൂടെയും മാനവസേവയും മാധവസേവയും ഒരുമിച്ചു നിര്വഹിക്കാനദ്ദേഹത്തെ സന്നദ്ധനാക്കിയത്. ആ അതന്ദ്രസേവനത്തിന് ഭംഗംവരികയെന്ന ദുഃഖത്തില്‍ നിന്ന് ഭഗവാന് തന്റെ ഭക്തോത്തംസത്തെ രക്ഷിച്ചു. ”അഹമൂഷേ! നനു ഭക്തദാസഃ” എന്ന് അംബരീഷ കഥയില്‍ ഭട്ടതിരിപ്പാട് ഭഗവാനെക്കൊണ്ടു പറയിച്ചുവല്ലോ. ആ കാരുണ്യത്തിനര്ഹനായതിന് പേരില്‍ ഏ.കെ.ബി.നായരുടെ പാദങ്ങളില്‍ പ്രണമിക്കുന്നു.
ഓരോ ശ്ലോകത്തിന്റെയും വാച്യാര്‍ത്ഥം മാത്രം രേഖപ്പെടുത്തുന്ന രീതിയാണ് സ്വീകരിച്ചിരുന്നതെങ്കില്‍ ഈ കര്‍മ വേഗം ഇത്രമേല്‍ അദ്ഭുതകരമാവുകയില്ലായിരുന്നു. പൂര്‍വസൂരികള്‍ നിര്വഹിച്ചുവെച്ചതില് ഏതെങ്കിലുമൊരു വ്യാഖ്യാനത്തെ ആശ്രയിച്ചുംകൊണ്ട് അര്‍ത്ഥം വ്യക്തമാക്കി നീങ്ങുന്ന രീതി കൈക്കൊണ്ടിരുന്നെങ്കില്‍ അതൊരു പകര്‍പ്പെഴുത്തു കര്‍മമായി പര്യവസാനിക്കുമായിരുന്നു. സംഭവങ്ങളുടെ വിവരണം മാത്രമുള്ളിടത്ത് യഥാതഥമായ അര്‍ത്ഥം മാത്രം വ്യക്തമാക്കി കൃതാര്ത്ഥതകൊള്ളാമെങ്കിലും, തത്ത്വപ്രപഞ്ചനങ്ങളുടെ സന്ദര്‍ഭം വരുമ്പോള്‍ കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കുകയെന്നതാണ് പുതിയൊരു വ്യാഖ്യാനോദ്യമത്തെ സാധൂകരിക്കുന്നത്.
മലയാളത്തില്‍ നാരായണീയത്തിന് പദ്യത്തിലും ഗദ്യത്തിലും വിവര്‍ത്തനങ്ങള്‍ വേറെയുമുണ്ട്. കെ. പത്മനാഭ വാരിയര്‍, അരിയന്നൂര്‍ ഉണ്ണികൃഷ്ണന് മുതലായ പലരും പദ്യത്തിലും പന്മന രാമചന്ദ്രന് നായര്‍ ഗദ്യത്തിലും വിവര്‍ത്തനം ചെയ്തിരിക്കുന്നു. രാമചന്ദ്രന് നായരുടെ ഗദ്യ വിവര്‍ത്തനം കേന്ദ്രസാഹിത്യ അക്കാദമിയുടെ അംഗീകാരം നേടിയിട്ടുമുണ്ട്. ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും വിവര്‍ത്തനങ്ങളുണ്ടായി. സംസ്കൃതം മൃതഭാഷയെന്നു വിശേഷിപ്പിക്കപ്പെടാറുള്ളതിന്നടിസ്ഥാനം അത് ഏതെങ്കിലും ജനതയുടെ സ്വന്തം ഭാഷണ മാധ്യമമായി ചുരുങ്ങിയിട്ടില്ലെന്നതാണ്. എന്നാല്‍ സാമാന്യ വ്യവഹാര ഭാഷയായി ഒരു ജനവിഭാഗത്തില്‍ നിലനില്ക്കുന്നതിനേക്കാള് വലുതാണ് വിശേഷ വ്യവഹാര ഭാഷയെന്ന നിലയ്ക്കു ലോകത്തൊട്ടാകെ ജീവദ്ഭാഷയായി വര്‍ത്തിക്കുന്നുണ്ടെന്ന വസ്തുത. കാവ്യം ഒരു ചികിത്സാ മാധ്യമം കൂടിയായി പ്രവര്‍ത്തിച്ചുവെന്ന ചരിത്രം നാരായണീയത്തിനു മാത്രമുള്ളതാണ്. അത്രയേറെ വിശ്വപ്രസിദ്ധിയാര്‍ജിച്ച ഒരു കൃതിക്ക് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പുതിയ വിവര്‍ത്തന-വ്യാഖ്യാന സംയുക്തം രചിച്ച പുണ്യവാനെ ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ ആദരത്തോടെ അഭിനന്ദിക്കുന്നു. സമര്‍ഹമായ അംഗീകാരം വന്നു ചേരട്ടെ എന്ന് ആശംസിക്കുന്നു-അംഗീകാരവും ഭഗവദനുഗ്രഹം ലഭിച്ച ഒരു സുകൃതിക്ക് വേറെ ഉണ്ടാവാനില്ലതാനും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: