ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സേനയുടെ പിന്മാറ്റത്തോടെ താലിബാനുമായി പൊരുതിത്തോല്‍ക്കുന്ന ഘട്ടത്തിലാണ് അഫ്ഗാന് സര്‍ക്കാരിന്റെ സൈന്യം. ഏകദേശം 85 ശതമാനം പ്രദേശങ്ങളും താലിബാന് സേന കയ്യടക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ ഇന്ത്യയ്ക്ക് ഏറ്റവുമധികം തലവേദനയാകുന്നത് അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ നേതൃത്വത്തില്‍ രൂപപ്പെടാന്‍പോകുന്ന ഒരു പുതിയ അധികാരത്തിന്റെ അച്ചുതണ്ടാണ്. ചൈന-പാകിസ്ഥാന്-താലിബാന്-തുര്‍ക്കി എന്ന നാല് ശക്തികള്‍ കൈകോര്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍.
പദ്മവ്യൂഹത്തില്‍പ്പെട്ടുപോയ അഭിമന്യുവിനെപ്പോലെ പകച്ചുനില്‍ക്കുകയാണ് ഇന്ത്യ ഇപ്പോഴെന്ന് വിദേശകാര്യ വിദഗ്ധനും മുന്‍അംബാസഡറുമായ ടി.പി. ശ്രീനിവാസന് പറയുന്നു. ഇതില്‍ പാകിസ്ഥാനെയും താലിബാനെയും ചൈനയെയും യോജിപ്പിക്കുന്നത് ഇന്ത്യാവിരുദ്ധവികാരമാണ്. തുര്‍ക്കിക്കാണെങ്കില്‍ ഒരു വലിയ മുസ്ലിം ആധിപത്യമുള്ള ഓട്ടോമന്‍ സാമ്രാജ്യം സ്ഥാപിക്കാനുള്ള മോഹവും.
പാകിസ്ഥാന് ഇപ്പോഴേ പരസ്യമായിത്തന്നെ അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഗാനിയ്ക്കെതിരെ താലിബാന് സേനയ്ക്ക് എല്ലാ സഹായവും എത്തിക്കുകയാണ്. പരിശീലനം നല്കി പാകിസ്ഥാന് താലിബാന്‍കാരെയും അഫ്ഗാനിസ്ഥാനിലേക്ക് അയക്കുന്നുണ്ട്. കശ്മീരില്‍ താലിബാന്റെ കൂടി സഹായത്തോടെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്ന ലാക്കാണ് പാകിസ്ഥാന്റെ മനസ്സില്‍.
ചൈനയും ഇപ്പോള്‍ താലിബാന് അനുകൂലമായ നിലപാടാണ് എടുക്കുന്നത്. കാരണം ചൈനയെ സംബന്ധിച്ച് അവരുടെ ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിക്ക് ഏറ്റവും അനുകൂലഘടകമായിരിക്കും താലിബാന്. മാത്രമല്ല, താലിബാന്റെ ഇന്ത്യാവിരുദ്ധതയും അവരോട് അടുക്കാന്‍ ചൈനയെ പ്രേരിപ്പിക്കുന്നു. അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിന് ഇപ്പോഴം താലിബാന് ചൈനയെ ക്ഷണിച്ചുകഴിഞ്ഞു. ബെല്‍റ്റ് ആന്റ് റോഡ് പദ്ധതിയുടെ പേരില്‍ ചൈന ധനസഹായം താലിബാന് വാരിക്കോരിക്കൊടുക്കും. തുര്‍ക്കിയും കുറച്ചുനാളായി അഫ്ഗാനിസ്ഥാനില്‍ ഉണ്ട്. ഇവരാണ് അമേരിക്ക ഉള്‍പ്പെടെയുള്ള സംയുക്തസേന അവിടെയുള്ളപ്പോള്‍ അഫ്ഗാനിലെ കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ചുമതല തുര്‍ക്കിക്കായിരുന്നു. ഇത് തുടരാനാണ് തുര്‍ക്കിയുടെ തീരുമാനം. തല്ക്കാലം ഈ തീരുമാനത്തോട് ഇടഞ്ഞുനില്‍ക്കുകയാണെങ്കിലും നല്ല സൈനിക സന്നാഹമുള്ള തുര്‍ക്കിയുമായി സഹകരിക്കാനേ താലിബാന് തുനിയൂ. ലോകത്ത് ഇസ്ലാമിക ശക്തിക്ക് മേല്‍ക്കോയ്മയുള്ള ഓട്ടോമന്‍ സാമ്രാജ്യം വീണ്ടും കൊണ്ടുവരികയെന്ന് സ്വപ്നം കാണുന്ന തുര്‍ക്കിക്ക് താലിബാനുമായുള്ള കൂട്ടുകെട്ട് പ്രയോജനം ചെയ്യും.
അമേരിക്കന്‍ പട്ടാളം പൂര്‍ണ്ണമായും പിന്‍വാങ്ങിക്കഴിഞ്ഞു. ഇനി നാളെ താലിബാന് ഭരണം ഏറ്റെടുത്താലും അമേരിക്ക ആ സര്‍ക്കാരിനെ പിന്തുണച്ചേക്കും. അല്ലാതെ സൈനികമായ ഇടപെടല്‍ അമേരിക്കയുടെ ഭാഗത്ത് നിന്ന് ഇനി ഉണ്ടാകാന്‍ സാധ്യതയില്ല.
അഫ്ഗാനിസ്ഥാനില്‍ അഷ്റഫ് ഗാനിയുടെ നേതൃത്വത്തിലുള്ള അഫ്ഗാന് സര്‍ക്കാര്‍ ഭരണത്തില്‍ ഇരുന്നാല്‍ മാത്രമേ ഇന്ത്യയ്ക്ക് ആശ്വസിക്കാന്‍ വഴിയുള്ളൂ. പക്ഷെ ഇന്നത്തെ ഘട്ടത്തില്‍ അഫ്ഗാന് സര്‍ക്കാരിന് ലോകത്തിലെ ഒരു രാഷ്ട്രങ്ങളും സജീവമായി പിന്തുണ നല്‍കുന്നില്ല. അഫ്ഗാന് സര്‍ക്കാര്‍ പ്രതിനിധികളും താലിബാന് നേതാക്കളും ദോഹയില്‍ നടക്കുന്ന ചര്‍ച്ചകള്‍ വഴി ഇരുകൂട്ടരും അധികാരം പങ്കിടുന്ന ഒരു സര്‍ക്കാര്‍ വന്നാലും ഇന്ത്യയ്ക്ക് താല്‍ക്കാലികമായി ആശ്വസിക്കാം.
ഇനി താലിബാന് അധികാരത്തില്‍ വന്നാല്‍ അവരെ ഒറ്റപ്പെടുത്തുന്ന നയതന്ത്ര നീക്കങ്ങള്‍ നടത്തുക മാത്രമാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ള അടുത്ത പോംവഴി.
എന്നാല്‍ പണ്ട് സോവിയറ്റ് റഷ്യ പിന്മാറിയതിന് ശേഷമുള്ള പഴയ അരാജകകാലത്തേക്ക് അഫ്ഗാനിസ്ഥാന് മടങ്ങിപ്പോയാല് അത് ആപത്താണ്. ആഭ്യന്തരകലാപം രൂക്ഷമാവുകയും ഓരോ പ്രവിശ്യകളും താലിബാന് യുദ്ധപ്രഭുക്കളുടെ അധീനതയിലാവുകയും ചെയ്താല്‍ അത് അപകടകരമാണ്. ദോഹയില്‍ നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാലും അത് വലിയ തിരിച്ചടിയാകും. താലിബാന് മുന്നേറ്റം തുടരുമ്പോഴും സമാധാനം പുനസ്ഥാപിക്കാനും എല്ലാ അഫ്ഗാന്‍കാര്‍ക്കും പങ്കാളിത്തമുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കാനും ഉള്ള ശ്രമങ്ങളാണ് ഇന്ത്യ നടത്തുന്നത്. അത് വിജയിച്ചാല്‍ അതായിരിക്കും അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ആശ്വാസകരമായ വഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: