ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ മാമ്പഴങ്ങളെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വിവാദത്തില്‍. പിന്നാലെ രാഹുലിന്റെ വിഭജന രാഷ്‌ട്രീയത്തെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് പെഗസസ് വിഷയത്തില്‍ രാഹുല്‍ ഗാന്ധി മാധ്യമങ്ങളെ കണ്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഇസ്രയേലി ചാരസോഫ്ട് വയറായ പെഗസസ് ഉപയോഗിച്ച് പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മാമ്പഴങ്ങളെക്കുറിച്ചുള്ള പരാമര്‍ശം.
‘ഉത്തര്‍പ്രദേശില്‍നിന്നുള്ള മാമ്പഴങ്ങള്‍ എനിക്ക് ഇഷ്ടമല്ല, ആന്ധ്രപ്രദേശില്‍നിന്നുള്ള മാമ്പഴങ്ങള്‍ ഇഷ്ടമാണ്’- രാഹുല്‍ പറഞ്ഞു. തൊട്ടു പിന്നാലെ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചയായി. പഴങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധി വച്ചുപുലര്‍ത്തുന്ന മാനസികാവസ്ഥ വിഭജനത്തിന്റേതെന്ന് യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. ഒപ്പം പഴങ്ങളിൽ പ്രാദേശികവാദം ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധിക്ക് കടുത്തവാക്കുകളില്‍ മറുപടിയും നല്‍കി.
‘താങ്കളുടെ ഇഷ്ടംതന്നെ വിഭജിക്കലാണ്. താങ്കളുടെ വിഭജന സംസ്‌കാരത്തെക്കുറിച്ച് രാജ്യത്തിനാകെ അറിയാം. വിനാശകരമായ മാനസികാവസ്ഥയുടെ പ്രഭാവം താങ്കളെ വളരെയധികം കീഴടക്കിയിരിക്കുന്നതിനാലാണ് താങ്കള്‍ പഴത്തിന്റെ സ്വാദിനെ പ്രാദേശികവാദത്തിന്റെ തീയിലേക്ക് എറിഞ്ഞത്. കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള ഇന്ത്യയുടെ സ്വാദ് ഒന്നാണെന്ന് പക്ഷെ ഓര്‍ക്കണം’-യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: