കൊച്ചി: കിറ്റെക്‌സ് ഗ്രൂപ്പിനെ ശ്രീലങ്കയിലേക്ക് ക്ഷണിക്കാനായി ശ്രീലങ്കന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഡോ.ദൊരേ സ്വാമി വെങ്കിടേശ്വരന്‍ കൊച്ചിയിലെ കമ്പനിയുടെ ആസ്ഥാനത്തെത്തി. കിറ്റക്‌സ് മാനേജിങ് ഡയറക്ടര്‍ സാബു എം ജേക്കബുമായി അദേഹം മൂന്നു മണിക്കൂര്‍ കൂടിക്കാഴ്‌ച്ച നടത്തി. കിറ്റക്‌സിന് ആവശ്യമായ മികച്ച സൗകര്യമൊരുക്കാമെന്ന് ശ്രീലങ്ക വ്യക്തമാക്കിയിട്ടുണ്ട്. 3500 കോടി രൂപയുടെ നിക്ഷേപത്തിന് ശ്രീലങ്കയില്‍ എല്ലാവിധ സൗകര്യങ്ങളുമൊരുക്കാമെന്നും പൂര്‍ണപിന്തുണയും നല്‍കുമെന്നും വാഗ്ദാനം നല്‍കിയതായി സാബു.എം.ജേക്കബ് വ്യക്തമാക്കി.
കേരള സര്‍ക്കാരിന്റെ പകപോക്കല്‍ നടപടിയിലൂടെ സംസ്ഥാനത്തു നടപ്പാകേണ്ട 3500 കോടി രൂപയുടെ വ്യവസായ പദ്ധതി കിറ്റക്‌സ് ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് തെലുങ്കനായി ആയിരം കോടിയുടെ പുതിയ പദ്ധതിക്ക് കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു. ടെക്‌സ്‌റ്റൈല്‍ പ്രോജക്ടിനായി വാറങ്കലില്‍ പുതിയ ഫാക്ടറി നിര്‍മ്മിക്കും, ഇവിടെ 4000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും കിറ്റക്സ് വ്യക്തമാക്കിയിരുന്നു.
ഇനി ഒരു രൂപപോലും കേരളത്തില്‍ മുടക്കില്ലെന്ന് കിറ്റെക്സ് വ്യക്തമാക്കിയിരുന്നു. തെലങ്കാനയില്‍ രാജകീയ സ്വീരണമാണ് കിട്ടിയതെന്നും കിറ്റെക്സ് മേധാവി സാബു എം ജേക്കബ് വ്യക്തമാക്കി. തെലങ്കാനയിലെ നടപടികള്‍ രണ്ടാഴ്ചയ്‌ക്കുളളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ ആയിരം കോടി രൂപയുടെ നിക്ഷേപമാണ് തെലങ്കാനയില്‍ ഉദ്ദേശിക്കുന്നത്. കൂടുതല്‍ നിക്ഷേപത്തെക്കുറിച്ച് അതിനുശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ കേരളത്തില്‍നിന്ന് ആട്ടിയോടിച്ചുവെന്നായിരുന്നു തെലങ്കാനയിലേക്ക് പോകുമ്പോള്‍ സാബു എം ജേക്കബ് പ്രതികരിച്ചത്.
അതിന്റെ തുടര്‍ച്ചയായിരുന്നു തിരിച്ചെത്തിയശേഷമുള്ള പ്രതികരണം. എറണാകുളത്തെ എംഎല്‍എമാരെ രൂക്ഷഭാഷയില്‍ സാബു എം ജേക്കബ് വിമര്‍ശിച്ചു. കുന്നത്തുനാട് എംഎല്‍എയോട് താന്‍ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നു. കൂടാതെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച നാല് എംഎല്‍എമാരും എംപിയും എറണാകുളം ജില്ലയിലുണ്ട്. പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൃക്കാക്കര, എറണാകുളം എംഎല്‍എമാരോടും ചാലക്കുടി എംപിയോടും കടപ്പെട്ടിരിക്കുന്നു. വ്യവസായിക്ക് എങ്ങനെ കോടികള്‍ സമ്പാദിക്കാമെന്നുള്ള വഴി തുറന്നുതന്നത് ഇവരാണെന്നും സാബു പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: