ന്യൂദല്‍ഹി: വലിയ വിറകുകെട്ടുകള്‍ അനായാസം ഉയര്‍ത്തുമ്പോള്‍ വീട്ടുകാര്‍ നല്കിയ പ്രോത്സാഹനാണ് ഇന്ത്യയ്ക്കായി ടോക്യോ ഒളിമ്പിക്സില്‍ ആദ്യ മെഡല്‍ കൊയ്ത മീരാഭായ് ചാനുവിനെ ലോകോത്തര ഭാരോദ്വഹനക്കാരിയാക്കിയത്. സിക്കിമിലെ ഇംഫാലിലുള്ള നോംഗ്പോക് കാക്ചിങ്ങിലെ വനത്തില്‍ നിന്നും കുഞ്ഞുനാളില്‍ ദാരിദ്ര്യം മാറ്റാന്‍ വിറകുശേഖരിക്കുന്നതില് നിന്നും തുടങ്ങുന്ന ചാനുവിന്റെ ബാല്യം.
അഞ്ച് വയസ്സുള്ളപ്പോള്‍ വെള്ളം നിറച്ച ബക്കറ്റ് തലയിലേന്തി കുന്ന് കയറുന്ന ശീലം മീരാഭായ് ചാനുവിനുണ്ടായിരുന്നു. ഇത് വീട്ടുകാര്‍ക്ക് തന്നെ അത്ഭുതമായിരുന്നു. ദാരിദ്യം നിറഞ്ഞ ബാല്യത്തില്‍ മീരാബായി ചാനു വനത്തിനുള്ളില്‍ വിറക് ശേഖരിക്കാന്‍ പോവുന്ന പതിവുണ്ടായിരുന്നു. അതായിരുന്നു അവരുടെ കുടംബത്തിന്റെ ഏക ജീവിതമാര്‍ഗ്ഗം. പക്ഷെ 12ാം വയസ്സില്‍ മീരാഭായ് ചാനുവില്‍ ഒരു ഭാരോദ്വഹനക്കാരിയെ കണ്ടെത്തിയത് വീട്ടുകാര്‍ തന്നെ. ഒരിയ്ക്കല്‍ വലിയൊരു വിറക് കെട്ട് ചുമക്കാന്‍ ജ്യേഷ്ഠന് പ്രയാസപ്പെടുന്നത് കണ്ട് ആറുമക്കളില്‍ ഇളവയളായ ചാനു സഹായിക്കാന്‍ എത്തി. അവള് ആ വലിയ വിറകുകെട്ട് അനായാസം തലയില്‍ വെച്ച് രണ്ട് കിലോമീറ്റര്‍ ദൂരം നടന്ന് വീട്ടിലെത്തിച്ചു. അത് വീട്ടിനുള്ളില്‍ വലിയ വാര്‍ത്തയായി. അതോടെ വീട്ടുകാര്‍ അംഗീകരിക്കുന്ന ഭാരോദ്വഹനക്കാരിയായി ചാനു മാറി. അന്ന് വീട്ടുകാരില്‍ നിന്നുള്ള പ്രോത്സാഹനം കൂടുതല്‍ ഭാരങ്ങള്‍ ഉയര്‍ത്താന്‍ ചാനുവിന് പ്രേരണയായി.
പിന്നീട് ബന്ധുക്കളായ വീട്ടുകാരെ സഹായിക്കാനും മീരാഭായ് ചാനു വലിയ വിറകുകെട്ടുകള്‍ എത്തിക്കാന്‍ തുടങ്ങി. ഓരോ പ്രോത്സാഹനവും ചാനുവിന് ആവേശമായി.
പിന്നീട് ഇംഫാലിലെ സര്‍ക്കാര്‍ കോച്ചിംഗ് ക്യാമ്പില്‍ എത്തിയതാണ് മീരാഭായ് ചാനുവിലെ പ്രൊഫഷണല്‍ ഭാരോദ്വഹനക്കാരിയെ പുറത്തെടുത്തത്. അന്ന് ഈ കോച്ചിംഗ് കേന്ദ്രത്തില്‍ എത്താന്‍ 20 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് മീരാഭായ് ചാനു എത്തിയിരുന്നത്. മണിപ്പൂരുകാരിയായ, ഏഴ് തവണ ഭാരോദ്വഹനലോകചാമ്പ്യന്ഷിപ്പില് വെള്ളിമെഡല്‍ നേടിയ കുഞ്ചറാണി ദേവി 14കാരിയായ മീരാഭായ് ചാനുവിന്റെ സ്വപ്നതാരമായി, പ്രചോദനകേന്ദ്രമായി. അവരെപ്പോലെയാകണം എന്ന സ്വപ്നമാണ് ചാനുവിനെ പിന്നീട് ടോക്യോ ഒളിമ്പിക്സിലെ വെള്ളിമെഡല്‍ വരെ എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: