തിരുവനന്തപുരം: സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതി ഭരിക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് 104.37 കോടി രൂപയുടെ തട്ടിപ്പെന്ന് സഹകരണമന്ത്രി വി.എന്‍.വാസവന് നിയമസഭയില്‍ പറഞ്ഞു. അഴിമതി നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി.
തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്ന 350 കോടിയോളം രൂപയുടെ തട്ടിപ്പ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. സഹകരണ വകുപ്പിന്റെ അന്വേഷണത്തിലാണ് തട്ടിപ്പു കണ്ടെത്തിയതെന്നും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും സഹകരണ മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
2018-19ലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേട് കണ്ടെത്തിയിട്ടും അതെല്ലാം പൂഴ്ത്തിവച്ചെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സിപിഎം പ്രവര്‍ത്തകനായ ഹെഡ് ഓഫീസ് മാനേജര്‍ ബിജു കരീമിന് പരമാവധി 50 ലക്ഷം രൂപയാണ് വായ്പ അനുവദിക്കാനാവുക. ബിജു ഒരാള്‍ക്കുതന്നെ 50 ലക്ഷത്തിന്റെ 52 വായ്പകളാണ് അനുവദിച്ചത്. 26 കോടി രൂപയാണ് ഇങ്ങനെ നല്‍കിയത്. 379 പേര്‍ക്കാണ് അനധികൃതമായി ലോണ്‍ നല്‍കിയത്. തട്ടിപ്പ് നടക്കുന്നുണ്ടെന്ന് പരാതി നല്കിയ ഡിവൈഎഫ്ഐ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഭരണസമിതിയെ പിരിച്ചുവിടാനോ അവര്‍ക്കെതിരെ നടപടിയെടുക്കാനോ ശ്രമിച്ചിട്ടില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
തട്ടിപ്പ് അറിഞ്ഞയുടന്‍ നടപടിയെടുത്തെന്നും തെറ്റുകാര്‍ രക്ഷപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടപടിയെടുക്കുകയും സിവില്‍ കേസുകളും ക്രിമിനല്‍ കേസുകളും എടുക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 2018 മുതല്‍ പാര്‍ട്ടി അന്വേഷിച്ചിട്ടും തട്ടിപ്പ് വെളിച്ചത്തായിട്ടും കഴിഞ്ഞ ദിവസമാണ് ഭരണസമിതിയെ പിരിച്ചുവിട്ടതെന്നും മൂന്നു കൊല്ലം സര്‍ക്കാര്‍ എന്തെടുക്കുകയായിരുന്നുവെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ചോദിച്ചു. നാട്ടുകാരുടെ പണം കൊള്ളയടിക്കുന്നത് പാര്‍ട്ടി കാര്യമാണോ. മുഖ്യമന്ത്രിയടങ്ങുന്ന പാര്‍ട്ടി നേതൃത്വം അഴിമതി പൂഴ്ത്തിവയ്ക്കുകയായിരുന്നു. അഴിമതി പുറത്തുപറയാതിരുന്ന പാര്‍ട്ടി നേതാക്കന്മാര്ക്കെതിരെ നടപടിയെടുക്കാന്‍ തയാറാണോ എന്നും വി.ഡി. സതീശന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: