കൊല്ലം: നാരീശക്തി പുരസ്കാരം തനിക്കൊപ്പം നേടിയ ശേഷം തന്നെ വന്നു കണ്ട 96കാരിയായ മറ്റൊരു മുതിര്‍ന്ന പഠിതാവ് ഹരിപ്പാടുകാരി കാര്‍ത്യായനി അമ്മയോട് കുശലാന്വേഷണത്തിനിടയില്‍ ഭാഗീരഥിയമ്മ ഒരു വാക്കു പറഞ്ഞിരുന്നു. പത്താംതരം മികച്ച മാര്‍ക്കോടെ ആദ്യം താനായിരിക്കും പാസാകുകയെന്ന്. ഏഴാംതരം വിജയിച്ച്, പത്താംതരം പരീക്ഷ എഴുതണമെന്നത് അമ്മയുടെ വലിയ ആഗ്രഹമായിരുന്നു. 2019 ആഗസ്റ്റില്‍ നടക്കേണ്ട ഏഴാംതരം പരീക്ഷ കൊവിഡ് പശ്ചാത്തലത്തില്‍ നീണ്ടുപോയി.
എന്നിട്ടും അധ്യാപികയായ ഷെര്‍ളി ഇതിനായി അമ്മയെ പഠിപ്പിച്ചുവരികയായിരുന്നു. ഈ മോഹം ബാക്കിയാക്കിയാണ് അമ്മ വിടവാങ്ങിയത്. മൂന്നു പതിറ്റാണ്ടിലേറെയായി മറ്റൊരു ആഗ്രഹം അമ്മയ്ക്കുണ്ടായിരുന്നു, അത് പ്രിയപ്പെട്ട നടന് സുരേഷ് ഗോപിയെ നേരില്‍ കണ്ട് സംസാരിക്കണമെന്നതാണ്. സുരേഷ് ഗോപിയുടെ സിനിമകളെല്ലാം അമ്മ ടിവിയില്‍ സാകൂതം വീക്ഷിക്കുമായിരുന്നു. സുരേഷ്ഗോപിയുടെ സേവനങ്ങളുടെ വാര്‍ത്തകള്‍ പത്രത്തില്‍ വീണ്ടും വീണ്ടും വായിക്കുകയും മറ്റുള്ളവരോട് പറയുകയും ചെയ്യുമായിരുന്നു. സുരേഷ്ഗോപിക്ക് അമ്മമാരോടുള്ള സ്നേഹവും കുട്ടികളോടുമുള്ള വാത്സല്യവുമാണ് അമ്മയെ അദ്ദേഹവുമായി അടുപ്പിച്ചത്.
സ്ലേറ്റില്‍ എഴുതി പഠിക്കുമ്പോള്‍ എല്ലാദിവസവും എഴുതിവയ്ക്കുന്ന പേരും നടന്റേത് തന്നെ. നാരീശക്തി നേടി താന്‍ സെലിബ്രിറ്റിയായപ്പോഴും അമ്മ മറ്റുള്ളവരോട് തിരക്കിയതും ഇങ്ങനെ; സുരേഷ് ഗോപി വരുമോ, എന്നെ കാണാന്‍. അമ്മയുടെ മോഹം സുരേഷ് ഗോപിയെ ബിജെപി നേതാക്കള്‍ അറിയിച്ചിരുന്നു. കൊവിഡ് സാഹചര്യത്തിലാണ് അമ്മയുടെ അടുക്കലേക്കുള്ള യാത്ര നടന് നീട്ടിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: