ഭാരതീയ സാംസ്കാരിക ജീവിതത്തെ ‘രാമായണം’ പോലെ സ്വാധീനിച്ച മറ്റൊരു മഹത്ഗ്രന്ഥമില്ല. ദശാവതാരങ്ങളില്‍ മാനുഷികമൂല്യങ്ങള്‍ക്കും സാരോപദേശങ്ങള്‍ക്കും പ്രാമുഖ്യം കല്പിച്ചിട്ടുള്ളത് ശ്രീരാമനും ശ്രീകൃഷ്ണനുമാണ്. അതിനാല്‍ രാമായണവും ശ്രീമദ് ഭാഗവതവും യുഗയുഗാന്തരങ്ങളായി ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടി വരുന്നു. ഒപ്പം വാല്മീകിയും വേദവ്യാസനും യുഗശ്രേഷ്ഠ ഗ്രന്ഥകര്‍ത്താക്കളായി വാഴ്ത്തപ്പെടുന്നു.
വാമൊഴിയായി ഗുരുശിഷ്യ പരമ്പര കൈമാറിവന്ന, അനാദികാലത്തെ പുരാണ മഹാകാവ്യ തിരുശേഷിപ്പായി ‘രാമായണം’ ആദരിക്കപ്പെടുന്നു. ആ പുരാവൃത്തത്തെ, ഇതിഹാസമായി കാലം കരുതല്‍ ധന്യമാക്കിയിരിക്കുന്നു. നിരവധി സംഭവങ്ങളും ഉദ്വേഗസന്ദര്‍ഭങ്ങളും ശ്രോതാക്കളില്‍ ആശ്ചര്യവും അതിലേറെ വിശ്വാസവും ഊട്ടി ഉറപ്പിച്ചു. തലമുറകളിലൂടെ അതൊരു സ്വാധീനശക്തിയായി മാറി. ആ മനസ്സാന്നിദ്ധ്യം ഭക്തിയായി പരിണമിച്ചു.
സപ്തര്ഷികളെ വഴിതടഞ്ഞ് അവരുടെ കൈവശമുള്ള ധനം തട്ടിപ്പറിക്കാന്‍ ശ്രമിച്ച രത്നാകരന് എന്ന കൊള്ളക്കാരനോട് തപഃശക്തി മാത്രമാണ് തങ്ങളുടെ പക്കലുള്ള ധനമെന്ന് ബോദ്ധ്യപ്പെടുത്താന്‍ ഋഷിവര്യന്മാര്‍ക്ക് കഴിഞ്ഞു. അവരുടെ ഉപദേശപ്രകാരം ‘രാമ-രാമ’ മന്ത്രം ഉരുവിട്ട് രത്നാകരന് പ്രാ
ര്‍ത്ഥനയില്‍ മുഴുകി. നിശ്ചല കഠിന തപസ്സുമൂലം രത്നാകരന് കാലാന്തരത്തില്‍, വല്മീകത്തിലായി ആത്മജ്ഞാനിയായി. തപോശക്തിയിലൂടെ മുക്തി നേടിയ ഈ താപസനെ ‘വാല്മീകി’ എന്ന് വിളിച്ച് സപ്തര്‍ഷികള്‍ അനുഗ്രഹിച്ചു. (ബംഗാളിയിലെ കൃത്തിവാസ രാമായണത്തില്‍ ‘വാല്മീകി’ രത്നാകരന്റെ സംന്യാസദീക്ഷാ നാമമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.) നന്മയും തിന്മയും തിരിച്ചറിഞ്ഞ് ധര്‍മ്മവും അധര്‍മ്മവും അനുഭവിച്ചറിഞ്ഞ്, തപോചൈതന്യത്താല്‍ വിശുദ്ധിനേടിയ ‘വാല്മീകി’ മഹര്‍ഷി തമസാനദി തീരത്ത് ഒരു ആശ്രമം ഉണ്ടാക്കി.
ഒരു ദിവസം വാല്മീകി മഹര്‍ഷി തമസാനദിയില്‍ സ്നാനകര്‍മ്മം ചെയ്തുകൊണ്ടു നിന്നപ്പോള്‍, ഒരു വേടന് ക്രൗഞ്ചമിഥുനങ്ങളില്‍ ഒന്നിനെ എയ്തു വീഴ്ത്തുന്നത് കണ്ടു. ഇണപിരിഞ്ഞ പെണ്‍കിളിയുടെ രോദനം വാല്മീകിയെ ഉല്‍ക്കട വിഷാദത്തിലാഴ്ത്തി. ആ ശോകക്ഷോഭാഗ്നിയില്‍ വേടനെ ശപിച്ചു. ആ ശാപം ശ്ലോക രൂപത്തിലായിരുന്നു.
‘മാനിഷാദ! പ്രതിഷ്ഠാം ത്വ-
മഗമഃ ശാശ്വതീ സമാഃ
യത് ക്രൗഞ്ചമിഥുനാദേക-
മവധീഃ കാമമോഹിതം’
തല്‍സമയം പ്രത്യക്ഷനായ ബ്രഹ്മാവ് ശ്രവിച്ച് ആ ശ്ലോകത്തിന്റെ രൂപത്തില്‍ ‘രാമചരിതം’ രചിക്കുവാന്‍ ഉപദേശിച്ച് അനുഗ്രഹിച്ചു. നാരദമുനിയില്‍ നിന്നാണ് വാല്മീകി മഹര്‍ഷി, രാമചരിത ഭൂതഭാവി വൃത്താന്തം ഗ്രഹിച്ചത്. ഏഴ് കാണ്ഡങ്ങളിലായി ഇരുപത്തി നാലായിരം ശ്ലോകങ്ങളിലൂടെ പൂര്‍ത്തീകരിച്ച രാമായണകഥയിലെ അതിപ്രധാന ശ്ലോകം വനവാസ യാത്രവേളയില്‍ സുമിത്രാദേവി മകന് ലക്ഷ്മണനെ ഉപദേശിച്ചതാണ്.
‘രാമം ദശരഥം വിദ്ധി
മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി
ഗച്ഛതാത യഥാമുഖം’
വനാന്തരത്തെ അയോദ്ധ്യയായും രാമനെ പിതാവായും സീതയെ മാതാവായും കാണണം. രാമായണത്തിലെ അതിശ്രേഷ്ഠ ശ്ലോകം തേടി ജ്ഞാന ഭിഷ നടത്തിയ ‘വരരുചിക്ക്’ ദിവ്യപക്ഷികളുടെ പരിഹാസത്തിലൂടെ നേടിയ ജ്ഞാനശകലം.
ശ്രീരാമന്റെ സമകാലികനായിരുന്നു വാല്മീകി മഹര്‍ഷി എന്നതിന്റെ പല സൂചനകളും രാമായണത്തില്‍ തന്നെ ദ്യോദിപ്പിക്കുന്നു. രാമലക്ഷ്മണന്മാര് സീതാസമേതം വനവാസകാലത്ത്, വാല്മീകി ആശ്രമത്തില്‍ എത്തിയത് നാരദമഹര്‍ഷിക്ക് ഒപ്പം ആയിരുന്നു. ശ്രീരാമപരിത്യാഗാനന്തരം, സീതാദേവിയെ വാല്മീകി ആശ്രമത്തില്‍ കൊണ്ടുചെന്ന് സംരക്ഷണ ചുമതല മഹര്‍ഷിയെ ഏല്പി
ച്ചത് ലക്ഷ്മണനാണെന്നും പാഠഭാഗങ്ങള്‍ ഉണ്ട്. ഗര്‍ഭിണിയായ സീതാദേവി ലവകുശന്മാരെ പ്രസവിച്ചതും ആശ്രമത്തില്‍. ലവകുശന്മാര് ആശ്രമത്തില്‍ വാല്മീകിയുടെ വാത്സല്യത്തില്‍ വളരുകയും രാമായണ രചന പുരോഗമിക്കയും ചെയ്തത് ഒരുപോലെയായിരുന്നു. ലവകുശന്മാര് വാല്മീകി ശിഷ്യരായി രാമായണം ഹൃദിസ്ഥമാക്കി, ശ്രീരാമചന്ദ്രന് അയോദ്ധ്യാരാജാവായി, അശ്വമേധം നടത്തിയപ്പോള്‍ വാല്മീകീസമേതരായി അവിടെ രാമായണം പാടി ശ്രദ്ധേയരായതും ഉത്തരരാമായണ ഭാഗമാണ്.
ബിസി 300 മുതല്‍ വാല്മീകി രാമായണം ആദ്ധ്യാത്മിക പരിവേഷം ആര്‍ജ്ജിച്ചു തുടങ്ങി. ഭാരതത്തിന്റെ പൂര്‍വ്വ പരിണാമദിശ വ്യക്തമാക്കുന്ന വാല്മീകി രാമായണ ഇതിവൃത്തം, സംസ്കൃതത്തില്‍ തന്നെ വ്യത്യസ്ഥ പാഠഭാഗങ്ങളായും നിരവധി പ്രാദേശിക ഭാഷാപ്രതിപാദ്യമായും വിരചിതമായിട്ടുണ്ടെന്നതും രാമായണ സ്വാധീന സവിശേഷത ചൂണ്ടിക്കാണിക്കുന്നു. വസിഷ്ഠരാമായണം, അത്ഭുത രാമായണം, അത്ഭുതോത്തര രാമായണം ഇങ്ങനെ നീണ്ടുപോ
കുന്നു പട്ടിക. 27 കാണ്ഡങ്ങളുള്ള അത്ഭുതരാമായണം ശതമുഖരാവണനെ വധിച്ചത് സീതയാണെന്ന് ചിത്രീകരിച്ചിരിക്കുന്നു. ഹനുമാന് മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുന്നതാണ് ആനന്ദ രാമായണവും മൂലരാമായണവും.
തുഞ്ചത്ത് എഴുത്തച്ഛന്റെ രാമായണപരിഭാഷ അദ്ധ്യാത്മ രാമായണം ശ്രീരാമചന്ദ്രന് അവതാര പരിവേഷം ചാര്‍ത്തിയിട്ടുള്ളതാണ്. ആത്മതത്ത്വോപദേശാര്ത്ഥം ശ്രീരാമന് പരമാത്മാവതാര മാണെന്നും, സീതാദേവി ലക്ഷ്മി ചൈതന്യമാണെന്നുമുള്ള സ്വതന്ത്രരചന കൂടിയാണ് തുഞ്ചത്ത് ആചാര്യന്റേത്. ഉപനിഷത്ത് തത്വങ്ങളെ സമന്വയിപ്പിച്ചുള്ള വേദാന്തദര്‍ശന ആത്മാസ്തിത്വം, ജീവാത്മ-പരമാത്മ ബന്ധം, മായാവാദം എന്നിവയിലൂടെ സാധാരണജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന കിളിപ്പാട്ട് ശൈലിയിലാണ് എഴുത്തച്ഛന് അദ്ധ്യാത്മ രാമായണത്തിന് ആവിഷ്കാരചാരുത ചാര്‍ത്തിയത്.
അയോദ്ധ്യ രാമരാജ്യമാക്കിയ, രാമചരിത ആഖ്യാനകാവ്യം ധര്‍മ്മോപദേശവും പരമാത്മതത്വബോധവും സാധാരണക്കാര്‍ക്ക് ഉള്‍ക്കൊള്ളത്തക്ക പാകത്തില്‍ പ്രതിപാദിച്ചു. സദാചാരമൂല്യ മോക്ഷശാസ്ത്രവും ധാര്‍മ്മികമൂല്യ ജീവനശാസ്ത്രവും ആചാര്യന് അദ്ധ്യാത്മ രാമായണത്തിന്റെ അന്തര്‍ധാരയാക്കി. ധര്‍മ്മം അനുഷ്ഠിക്കാതെയുള്ള ഭക്തി നിഷ്ഫലമാണെന്ന് രാമായണ മഹാകാവ്യം അനുസ്മരിപ്പിക്കുന്നു. ഈവിധ സവിശേഷതകളാല്‍ അദ്ധ്യാത്മ രാമായണത്തിന് മലയാളക്കരയില്‍ ലഭിച്ച പ്രചാരം ഈശ്വരഭക്തിയും ക്ഷേത്രാരാധനയും വര്‍ദ്ധിപ്പിച്ച് ഹിന്ദുമതത്തില്‍ ക്ഷേത്രതത്വത്തെ അടിസ്ഥാനമാക്കി വാഴ്ത്തി. കാലാന്തരത്തില്‍ ഹിന്ദുമത വിശ്വാസം വൈപുല്യം നേടിയെങ്കിലും, ശരിയായ മതബോധവും ആചാരനിഷ്ഠയും നിജപ്പെടുത്താന്‍ കഴിഞ്ഞില്ല. സാധാരണ ഹിന്ദുവിന് മതസംബന്ധ മായ അറിവു നല്കുവാന് സ്ഥാപനങ്ങളോ, ആചാര്യന്മാരോ, ആചാര്യന്മാര്ക്ക് വേണ്ട പാ
ഠ്യപദ്ധതിയോ, സേവന-വേതന സംവിധാനമോ ഒന്നും തന്നെ ഉണ്ടായില്ല. ഇതിനെല്ലാം മാറ്റം ഓരോ ഭവനത്തിലും ഉണ്ടാക്കുവാന്‍ പറ്റിയ അവസരമാണ് കര്‍ക്കടകം-രാമായണ മാസം. ശ്രീരാമന്റെ ജന്മമാസം കര്‍ക്കടകമാണ്. ലക്ഷ്മണ ഭരത ശത്രുഘനന്മാരുടേയും ജന്മമാസം കര്‍ക്കടകമാണെന്ന് വിശ്വസിക്കുന്നു. ശ്രീരാമന് വനവാസം വിധിച്ച ‘കൈകേയി മാതാവ്’ സാന്ത്വനപ്പെട്ട് ശ്രീരാമനെ അയോദ്ധ്യയിലേക്ക് കൂട്ടിക്കൊണ്ടു വരാന്‍ വനാന്തരത്തില്‍ എത്തിയതും, ‘പശ്ചാത്താപം പ്രായശ്ചിത്തമായി’ കരുതുന്നതും കര്‍ക്കടകത്തില്‍. സീതാപഹരണ ശേഷം ഹനുമാന്റെ നേതൃത്വത്തില്‍ സീതാന്വേഷണാര്‍ത്ഥം ജാഗരൂകരായ വാനരന്മാര് കര്‍ക്കടകത്തിലെ കോരിച്ചൊരിയുന്ന മഴയത്ത് ഗുഹകളില്‍ ഭയഭക്തിയോടെ ശ്രീരാമ കഥകള്‍ ശ്രവിച്ചതും, യുദ്ധസന്നാഹത്തിനായി, ശരീരപുഷ്ടിക്കായി ഔഷധസേവ നടത്തിയതും അനുസ്മരിക്കുന്നതാണ് കര്‍ക്കടക പിഴിച്ചിലും കുളിയും, കര്‍ക്കടക കഞ്ഞി, രാമായണ പാരായണം ആദിയായവ.
വിശ്വാസാധിഷ്ഠിത, പുരാണ പാരായണ ആചാരാനുഷ്ഠാന പ്രാര്‍ത്ഥനാദികള്‍, ത്യാജ്യഗ്രാഹ്യവിവേചനാപൂര്‍വ്വം, പുനരേകീകരിച്ച് ഹൈന്ദവ ഹൃദയങ്ങളിലും ഭവനങ്ങളിലും സ്ഥിരപ്രതിഷ്ഠ നേടാന്‍, പ്രചരണവും പ്രതിബദ്ധതയും അനുഷ്ഠാനവും ഉണ്ടാക്കണം. പുരാണ ഇതിഹാസങ്ങളാകണം അതിന് മാര്‍ഗദര്‍ശനം.
പ്രയാര്‍ ഗോപാലകൃഷ്ണന്
(ലേഖകന്‍ ശബരിമല ധര്‍മ്മ സംരക്ഷണസമിതി ദേശീയ പ്രസിഡന്റാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: