ഗുവാഹതി: പ്രതിപക്ഷമില്ലാത്ത സര്‍ക്കാരായി ബിജെപി കൂടി ഉള്‍പ്പെട്ട നാഗാലാന്റ് സര്‍ക്കാര്‍ മാറുന്നു. 2015ന് ശേഷം ഇതാദ്യമായാണ് വീണ്ടും നാഗാലാന്റ് സര്‍ക്കാരിന് പ്രതിപക്ഷമില്ലാതെ വരുന്നത്.
നാഗാലാന്റിനെ വര്‍ഷങ്ങളായി തീ തീറ്റിച്ചുകൊണ്ടിരിക്കുന്ന നാഗാ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരുമായി കൈകോര്‍ക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷായാണ് നാഗാലാന്റിലെ പ്രതിപക്ഷപാര്‍ട്ടിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനോട് (എന്‍പിഎഫ്) ചര്‍ച്ചയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഈ അഭ്യര്‍ത്ഥനയ്ക്ക് എന്‍പിഎഫ് നേതാവ് സെലിയാങ് വഴങ്ങുകയായിരുന്നു. നാഗാ സമാധാനത്തിന് എല്ലാവരും കൈകോര്‍ക്കണമെന്ന അമിത് ഷായുടെ അന്നത്തെ ആഹ്വാനമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്.
ആകെ 60 അംഗ നിയമസഭയാണ് നാഗാലാന്റിലേതെങ്കിലും ഒരു എംഎല്‍എ മരണപ്പെട്ടതിനാല്‍ ഇപ്പോള്‍ 59 അംഗങ്ങളാണുള്ളത്. ബിജെപി കൂടി പങ്കാളികളായ പീപ്പിള്‍സ് ഡെമോക്രാറ്റിക് അലയന്‍സ് (പിഡിഎ) എന്ന മുന്നണിയാണ് ഇപ്പോള്‍ നാഗാലാന്റിനെ ഭരിക്കുന്നത്. ഇതില്‍ 21എംഎല്‍എമാര്‍ നെയ്ഫ്യു റിയോ നയിക്കുന്ന നാഷണലിസ്റ്റ് ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (എന്‍ഡിപിപി)യുടെ ഭാഗമാണ്. 12 പേര് ബിജെപി എംഎല്‍എമാരാണ്. രണ്ട സ്വതന്ത്രരും. ഭരണമുന്നണിയായ പിഡിഎയ്ക്ക് ആകെയുള്ളത് 35 എംഎല്‍എമാര്‍. എന്‍ഡിപിപിയുടെ നെയ്ഫ്യൂ റിയോ ആണ് മുഖ്യമന്ത്രി.
ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന നാഗാ പീപ്പിള്‍സ് ഫ്രണ്ടിന് (എന്‍പിഎഫ്) 25എംഎല്‍എമാരുണ്ട്. അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ഇവര്‍ ഭരണമുന്നണിയായ പിഡിഎയ്ക്ക് പിന്തുണ നല്കാന് തീരുമാനിച്ചതോടെയാണ് ഇവിടെ പ്രതിപക്ഷം ഇല്ലാതാകുന്നത്. വര്‍ഷങ്ങളായി നാഗാലാന്റിനെ വേട്ടയാടുന്ന നാഗാ രാഷ്ട്രീയപ്രശ്നം എത്രയും വേഗം പരിഹരിക്കാനാണ് തങ്ങള്‍ പിഡിഎയ്ക്ക് പിന്തുണ നല്‍കുന്നതെന്ന് എന്‍പിഎഫ് ജനറല്‍ സെക്രട്ടറി അചുംബെമോ കികോണ്‍ പറയുന്നു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോവിന് എന്‍പിഎഫ് നേതാക്കള്‍ തങ്ങള്‍ ഭരണപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നറിയിച്ച് ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ബിജെപിയുമായി ചര്‍ച്ച ചെയ്ത ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി നെയ്ഫ്യു റിയോ. ഇതിന്റെ ഭാഗമായി നാഗാലാന്റിന്റെ ചുമതലയുള്ള ബിജെപി നേതാവ് നളിന്‍ കോഹ്ലി നേരിട്ട് കാര്യങ്ങള്‍ വിലയിരുത്താനായി നാഗാലാന്റില്‍ എത്തിയിട്ടുണ്ട്.
നാഗാപ്രശ്നം പരിഹരിക്കാന്‍ ജൂണില്‍ ഒരു പാര്‍ലമെന്ററി സമിതിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. നാഗാ ഗ്രൂപ്പുകളും കേന്ദ്രവും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണ് ഈ പാര്‍ലമെന്റ് സമിതിയുടെ ഉത്തരവാദിത്വം. ഈ സമിതിയില്‍ നാഗാലാന്റ് സര്‍ക്കാരിലെ 59 അംഗങ്ങളെയും നാഗാലാന്റില്‍ നിന്നുള്ള എംപിമാരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാഗാ പ്രക്ഷോഭം എന്നത് ഇന്ത്യയുടെ ഏറ്റവും സുദീര്‍ഘമായ സമരകഥയാണ്. 1997ല്‍ ഏറ്റവും വലിയ നാഗാ റെബല്‍ ഗ്രൂപ്പായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിമുമായി (എന്എസ്സിഎന്- ഐഎം) സമാധാനക്കരാര്‍ ഒപ്പുവെച്ചിരുന്നു. 2015ല്‍ ശാശ്വത പരിഹാരം കാണാന്‍ കേന്ദ്രവും എന്എസ്സിഎന്- ഐഎമ്മും തമ്മില്‍ ചര്‍ച്ച തുടങ്ങി. 2017ല്‍ നാഷണല്‍ പൊളിറ്റിക്കല്‍ ഗ്രൂപിന് കീഴിലുള്ള ആറ് നാഗാ ഗ്രൂപ്പുകള്‍ കൂടി സമാധാനചര്‍ച്ചകളില്‍ പങ്കാളികളായി. എന്നാല്‍ തങ്ങള്‍ക്ക് പ്രത്യേക ഭരണഘടനയും പതാകയും അനുവദിക്കണമെന്ന പിടിവാശിയില്‍ എന്എസ്സിഎന്- ഐഎം ഉറച്ച് നിന്നപ്പോള്‍ 2019ല്‍ ചര്‍ച്ചകള്‍ വഴിമുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: