മൂലമറ്റം: കുളമാവ് ജലാശയത്തില്‍ മീന്‍ പിടിക്കാന്‍ പോയ സഹോദരങ്ങള്‍ക്ക് വേണ്ടി ഇന്നലെ പകല്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കോഴിപ്പുറത്ത് കുട്ടപ്പന്- തങ്കമ്മ ദമ്പതികളുടെ മക്കളായ ബിജു(38), ബിനു(36 )എന്നിവരെയാണ് ജലാശയത്തില്‍ കാണാതായത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ ഇവരുടെ വള്ളവും ഫോണും കണ്ടെത്തി. ഇടുക്കി ജലാശയത്തിലെ കണ്ണങ്കായത്താണ് വലകെട്ടാന്‍ പോയത്. ഇവരുടെ വള്ളം മുത്തിച്ചോല ഭാഗത്ത് നിന്നുമാണ് കണ്ടെത്തിയത്.
ബുധനാഴ്ച രാവിലെ തലേദിവസം വൈകിട്ട് ഡാമില്‍ കെട്ടിയിരുന്ന വലയഴിച്ച് മീന്‍ ശേഖരിക്കാന്‍ പോയതായിരുന്നു ഇരുവരും. സാധാരണ ഉച്ചയ്ക്ക് മുന്‍പ് തിരികെ എത്തുന്നവര്‍ സമയം വൈകിയിട്ടും എത്താത്തതിനെ തുടര്‍ന്ന് ബിനുവിന്റെ ഭാര്യ ഫോണ്‍ വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ചെറു വള്ളങ്ങളില്‍ ജലാശയത്തില്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കനത്ത മഴയും ജലാശയത്തിലെ തിരയും തടസമായി.
എന്‍ഡിആര്‍എഫ് പൈനാവ് കമാണ്ടര്‍ ഡി. കൗസവയുടെ നേതൃത്വത്തിലുള്ള സംഘവും. മൂലമറ്റം അഗ്നിരക്ഷ സേന, സ്കൂബ സംഘം സീനിയര്‍ ഫയര്‍ ഓഫീസര്‍ ജാഫര്‍ഖാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. ഇവര്‍ക്ക് സഹായവുമായി മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കദളിക്കാട്ടില്‍ ഷാജി ജോസഫും നാട്ടുകാരുമുണ്ട്. ഇടുക്കി എഡിഎം ഷൈജു പി. ജേക്കബ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
വാഗമണ്‍ പോലീസ് സ്ഥലത്തെത്തി മീന്‍ പിടുത്തക്കാരുടെ കണ്ടുകിട്ടിയ സാധനങ്ങള്‍ ഏറ്റെടുത്തു. എന്നാല്‍ ജന പ്രതിനിധികള്‍ ആരുംതന്നെ അപകടസ്ഥലത്തെത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
കനത്ത കാറ്റും മഴയും മഞ്ഞും ഉള്‍പ്പെടെ കാലാവസ്ഥ പ്രതികൂലമായതിനാല്‍ വൈകിട്ട് മൂന്ന് മണിയോടെ തിരച്ചില്‍ നിര്‍ത്തി. ഇന്നും തിരച്ചില്‍ തുടരുമെന്ന് എഡിഎം അറിയിച്ചു.
പോലീസുകാര്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കം
ബുധനാഴ്ച ഉണ്ടായ അപകടം കുളമാവിലും വാഗമണ്‍ പോലീസിലും അറിയിച്ചെങ്കിലും അതിര്‍ത്തി തര്‍ക്കം പറഞ്ഞ് ആരും സ്ഥലത്തെത്തിയില്ല എന്നാക്ഷേപമുണ്ട്. എന്നാല്‍ കുളമാവില്‍ നിന്ന് പോകാന്‍ ബോട്ട് കിട്ടാതിരുന്നതും വാഗമണ്ണില്‍ നിന്ന് കൊടും കാട്ടിലൂടെ രാത്രി എത്താന്‍ കഴിയുന്ന സാഹചര്യമല്ലാതിരുന്നതിനാലാണ് ചൊവ്വാഴ്ച എത്താതിരുന്നതെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: