കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി അര്ജുന് ആയങ്കിയുടെ ജാമ്യാേപക്ഷ കോടതി തള്ളി. ക്രിമിനല്‍ ബന്ധമുള്ള അര്ജുന് ജാമ്യം ലഭിച്ചാല്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നതടക്കം കസ്റ്റംസ് നിരത്തിയ വാദങ്ങള്‍ അംഗീകരിച്ചാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണക്കോടതി ജാമ്യം തള്ളിയത്. അര്‍ജുന്റെ ക്രിമിനല്‍ ബന്ധങ്ങള്‍ അടക്കമുള്ള തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതേസമയം, കേസിലെ മൂന്നാംപ്രതി അജ്മലിന് കോടതി ജാമ്യം അനുവദിച്ചു.
അര്ജുന് ആയങ്കിക്ക് കള്ളക്കടത്ത് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഇയാളുടെ അടുത്ത സുഹൃത്തും ഡിവൈഎഫ്ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറിയുമായ സജേഷും വെളിപ്പെടുത്തിയിരുന്നു. അര്‍ജുന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അന്വേഷണ സംഘം ഇക്കാര്യം കോടതിയെ അറിയിച്ചത്. അര്ജുന് സ്വര്‍ണ്ണക്കടത്തില്‍ പങ്കാളിത്തമുണ്ടെന്നു ഭാര്യ സ്ഥിരീകരിച്ചതായും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടില്‍ കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.
ക്രിമിനല്‍ ബന്ധമുള്ള അര്ജുന് ജാമ്യം ലഭിച്ചാല്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കും. കൊടുംകുറ്റവാളിയായി തീരാന്‍ സാധ്യതയുള്ളയാളാണ് ഇയാള്‍. കണ്ണൂര്‍ ആസ്ഥാനമായി അര്‍ജുന്റെ നേതൃത്വത്തില്‍ ഒന്നിലധികം കള്ളക്കടത്ത് സംഘങ്ങളുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ അര്ജുന് മര്‍ദനമേറ്റെന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും കസ്റ്റംസ് പറഞ്ഞു. അര്ജുന്, ഭാര്യ അമല, സുഹൃത്ത് സജേഷ് എന്നിവരുടെ മൊഴികള്‍ മുദ്രവെച്ച കവറില്‍ കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: