ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സ്ഫോടക വസ്തുക്കളുമായി എത്തിയ ഡ്രോണ്‍ സുരക്ഷാ സൈന്യം വെടിവെച്ചു വീഴ്ത്തി. അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപത്തെ അഖ്നൂര്‍ മേഖലയിലെ കനചക് പ്രദേശത്തിലാണ് മാരക സ്ഫോടക വസ്തുക്കളടങ്ങിയ ഡ്രോണ്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജമ്മു കശ്മീര്‍ പോലീസ് വെടിവെച്ചിടുകയായിരുന്നു.
ഡ്രോണില്‍ നിന്നും 5 കിലോ ഐഇഡി പോലീസ് പിടിച്ചെടുത്തു. പാക്കിസ്ഥാന് അതിര്‍ത്തിയില്‍ നിന്നാണ് ഡ്രോണ്‍ എത്തിയത്. ലഷ്കര്‍ ഇ തോയിബയാണ് ഡ്രോണ്‍ അയച്ചതിന് പിന്നിലെന്ന് സംശയമുണ്ട്. ലഷ്കറിന്റെ ആക്രമണരീതിയാണിതെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.
ഇത് രണ്ടാം തവണയാണ് ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ നിന്നും ഡ്രോണ്‍ കണ്ടെത്തുന്നത്. ബുധനാഴ്ച ജമ്മു കശ്മീരിലെ സത്വാരി പ്രദേശത്തും സമാനമായ ഡ്രോണ്‍ കണ്ടെത്തിയിരുന്നു.
സ്വാതന്ത്ര്യദിനത്തിലോ അതിന് മുന്നോടിയായോ ഭീകരാക്രമണ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ രാജ്യതലസ്ഥാനത്തും അതിര്‍ത്തി പ്രദേശങ്ങളും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഓഗസ്റ്റ് 5-ന് ഭീകരാക്രമണ സാധ്യതകളുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പില്‍ പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: