കെ. രമേശ്
ഭാരതീയ സംസ്കാരം ഗുരുപരമ്പരകളുടെ സംസ്കാരമാണ്. ഭാരതം തന്നെ ഗുരുവിന്റെ വരദാനമാണ്. നിരന്തര തപസ്യകളുടെ ഫലമായുണ്ടായ അറിവിന്റെ സാക്ഷാത്കാരമാണ് ഒരു വ്യക്തിയെ ഗുരുപദത്തിന് അര്‍ഹനാക്കുന്നത്. അതുകൊണ്ടു ഭാരതീയര്‍ ഗുരുവിനെ ഈശ്വരനായിക്കാണുന്നു. ഏത് മംഗള കര്‍മ്മത്തിനും ഗുരുസ്മരണയും ഗുരുപൂജയും അനിവാര്യമാകുന്നത് ഇതുകൊണ്ടാണ്.
ഗുരുപരമ്പരകളെ പൂജിക്കേണ്ടത് ജ്ഞാനാര്‍ജനത്തിനും അതിലൂടെ ജീവിത വിജയത്തിനും അനിവാര്യമാണ് എന്നതുകൊണ്ടാവാം ഇതിനായി തന്നെ ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നത്. ജഗദ്ഗുരു ഭഗവാന് വേദവ്യാസന്റെ അവതാരം കൊണ്ട് ധന്യമായ തീയതിയാണ് ആഷാഢ മാസത്തിലെ പൗര്‍ണമി. ഭാരതത്തിലെ ഗുരുകുല പദ്ധതിയില്‍ ശിഷ്യന്മാര് ഗുരുക്കന്മാരെ പൂജിക്കാന്‍ ഈ പുണ്യ തീയതിയാണ് തെരഞ്ഞെടുത്തിരുന്നത്. ഈ ദിവസം വ്യാസ പൂര്‍ണിമ എന്നും അറിയപ്പെടുന്നു.
ഉദാത്തമായ, സമ്പന്നമായ, ശ്രേഷ്ഠമായ സംസ്കാരത്തെ ലോക മംഗളത്തിന് ഭാരതമാകുന്ന കര്‍മ്മമണ്ഡലത്തിലൂടെ പുനരാവിഷ്കരിക്കാന്‍ പ്രതിജ്ഞാബദ്ധമായി രാഷ്ട്രീയ സ്വയംസേവക സംഘം അതിന്റെ ആറ് സമാജ ഉത്സവങ്ങളില്‍ ഒന്നായി ഇതിനെ തെരഞ്ഞെടുക്കുകയായിരുന്നു.
സ്വാമി വിവേകാനന്ദന്റെ വിദ്യാഭ്യാസദര്‍ശനം പറയുന്നത് നമ്മുടെ ഉള്ളില്‍ അന്തര്‍ലീനമായിരിക്കുന്ന ശക്തിയെ, കഴിവിനെ പുറത്തു കൊണ്ടു വരികയെന്നതാണ് യഥാര്‍ഥ ഭാരതീയ വിദ്യാഭ്യാസം എന്നാണ്.
യാതൊന്നിനെക്കുറിച്ചുള്ള അറിവാണോ മനുഷ്യനെ പൂര്‍ണനാക്കുന്നത് അതാണ് ബ്രഹ്മജ്ഞാനം. അതിന്റെ ആര്‍ജനത്തിനായി ജിജ്ഞാസു ഗുരുവിനെ കണ്ടെത്തുന്നു. ശിഷ്യന് ഗുരുവിനെ പരബ്രഹ്മസ്വരൂപമായി തന്നെയാണ് കണ്ടിരുന്നത്, സര്‍വദേവതാ സങ്കല്പവും ഗുരുവില്‍ ലയിച്ചു നില്ക്കുന്നു.
ഗുരുര്‍ ബ്രഹ്മാ ഗുരുര്‍ വിഷ്ണുഃ
ഗുരുര്‍ ദേവോ മഹേശ്വരഃ
ഗുരുസാക്ഷാത് പരം ബ്രഹ്മ
തസ്മൈ ശ്രീ ഗുരവേ നമഃ
ഭാരതീയ ജനജീവിതത്തെ ഗുരു എത്രമാത്രം സ്വാധീനിച്ചിരുന്നു എന്ന് മേല്‍ ശ്ലോകത്തില്‍ നിന്ന് വ്യക്തമാണല്ലോ. രാഷ്ട്രീയ സ്വയം സേവക സംഘം ഭാരതീയ സംസ്കാരത്തിന്റെ ഈ ഉദാത്ത ഗുരുസങ്കല്പത്തെ നിത്യശാഖയില്‍ ഭഗവധ്വജമെന്ന പ്രതീകത്തിലൂടെ പ്രതിഷ്ഠിച്ചാരാധിക്കുന്നു. സംഘസ്ഥാപകനായ ഡോക്ടര്‍ജി ആരംഭകാലത്തുതന്നെ സംഘം വ്യക്തി പൂജയ്ക്കു പകരം പ്രാധാന്യം നല്‍കേണ്ടത് തത്ത്വപൂജയ്ക്കായിരിക്കണമെന്ന് പ്രഖ്യാപിച്ചു. 1928 ല്‍ തന്നെ പൂജനീയ സംഘസ്ഥാപകന് ഭഗവദ്പതാകയെ സ്വയം സേവകരുടെ മുന്നില്‍ തങ്ങളുടെ ധ്യേയത്തിന്റെ പ്രതീകമായി ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചാരാധിച്ചു. ഇന്ന് സ്വയം സേവകന്റെ ഗുരുവും മാര്‍ഗദര്‍ശിയും ഭഗവദ്ധ്വജമാണ്.
ലോകത്തില്‍ പ്രാചീനരാഷ്ട്രമായ ഭാരതത്തിന്റെ രാഷ്ട്രപതാകയാണ് ഭഗവദ്പതാക. ധര്‍മ്മത്തിന്റെ, കര്‍മ്മത്തിന്റെ, ജ്ഞാനത്തിന്റെ, ജീവന്റെയും ജീവിതത്തിന്റെ പ്രകാശമായ അതിന്റെ ഉത്ഭവസ്ഥാനമായ സൂര്യന്, ദ്യോവില്‍ കിഴക്ക് ഉദിച്ചുയരുന്ന അരുണ വര്‍ണോജ്ജ്വലമായ കാവിനിറം അതാണ് മനുഷ്യനെയും പ്രകൃതിയേയും സമസ്ത സര്‍വ്വ ചരാചരങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്ന കാവിനിറം.
സര്‍വ്വതിനെയും ഭസ്മീകരിച്ച് പവിത്രമാക്കുന്ന അഗ്നിവര്‍ണ്ണം കാവിയാണ്. ജ്ഞാനത്തിന്റെയും പരിത്യാഗത്തിന്റെയും പവിത്രതയുടെയും പ്രതീകമായി കാവി വര്‍ണ്ണത്തെ ഭാരതീയ സംസ്കാരത്തിന്റെ ഹിന്ദുരാഷ്ട്രത്തിന്റെ പൂര്‍വ്വികര്‍ സ്ഥിരീകരിച്ചതിന്റെ അദ്ഭുതത്തിനവകാശമില്ല.
എന്റെ ജീവിതം ജഗദ് ഹിതത്തിനായി, ലോകനന്മയ്ക്കായി ഭവിക്കട്ടെ എന്നായിരുന്നു സന്ന്യാസിമാരുടെ ജീവിതാഭിലാഷം. ധര്‍മ്മയുദ്ധത്തിനുവേണ്ടി യുദ്ധഭൂമിയില്‍, പോരാട്ടഭൂമിയില്‍ തേരില്‍ പാറിപ്പറന്ന കാവി നിറം ധര്‍മ്മയുദ്ധ വിജയത്തിന് ശക്തി പകര്‍ന്നു. ശ്രീശങ്കരന്റെയും സ്വാമി വിവേകാനന്ദന്റെയും മറ്റും ജീവിതം കൊണ്ടു ഭാരതീയ രാഷ്ട്ര ജീവിതത്തില്‍ ഭഗവദ് പതാക ചിരപ്രതിഷ്ഠ നേടി.
ഭഗവദ് പതാകയെ പ്രണമിച്ചു കൊണ്ടാണ് നാം സംഘ പ്രവര്‍ത്തനം നടത്തുന്നത്. ഭഗവദ്ധ്വജം യുഗങ്ങളോളം നീണ്ട ഭാരതത്തിന്റെ ഇതിഹാസം നമ്മെ ബോധിപ്പിക്കുന്നു. ഭാരത വര്‍ഷത്തില്‍ അനേകം ചക്രവര്‍ത്തിമാര്‍ വിവിധങ്ങളായ ചിഹ്നങ്ങളോടു കൂടിയെങ്കിലും ഭഗവദ് പതാകയാണ് ഉയര്‍ത്തിപ്പിടിച്ചിരുന്നത്. വൈദേശികരുമായി പോരാട്ടം നടത്താനും നമുക്ക് പ്രേരണ നല്‍കിയത് ഈ ഭഗവ പതാകയായിരുന്നു. ഭാരതീയ സംസ്കൃതിയുടെയും ഹിന്ദു രാഷ്ട്രത്തിന്റെയും പ്രതീകമായ ഭഗവപതാക സംഘസ്ഥാനില്‍ ഗുരുവിന്റെ സ്ഥാനത്തുനിന്ന് ഉയര്‍ന്നു വരുമ്പോള്‍ നാം നേടിയ വൈഭവങ്ങളെ കുറിച്ച് നമ്മെ ഉദ്ബുദ്ധരാക്കുന്നു. മൗനമെങ്കിലും വാചാലമായി ശ്രീദക്ഷിണാമൂര്‍ത്തിയെപ്പോലെ.
ഹിന്ദു എന്ന ശബ്ദവും ശക്തിയും വര്‍ത്തമാനകാലം ജാഗ്രതയോടെ കാണുന്നു എന്നത് പോലെ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് പ്രധാനമാണ്. പൂജ്യ സര്‍സംഘചാലക് പരാമര്‍ശിച്ച വിഷയങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഭാരതത്തില്‍ താമസിക്കുന്നവര്‍ എല്ലാവരും തന്നെ ഹിന്ദുക്കളാണ്, എല്ലാവരെയും ഉള്‍ക്കൊള്ളുവാനുള്ള വിശാലതയും കരുത്തും ഹിന്ദുക്കള്‍ക്കുണ്ട്. ഭാരതം ഹിന്ദു രാഷ്ട്രമാണ്. ഭാരതത്തിന്റെ മുഖമുദ്ര ഹിന്ദുദേശീയതയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
ചരിത്രത്തിലൂടെ കണ്ണോടിച്ചാല്‍ ഹിന്ദു എന്ന ശബ്ദം വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ വ്യത്യസ്തമായ അര്‍ഥതലങ്ങളില്‍ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ഒന്നും പരസ്പര വിരുദ്ധമല്ല എന്നും മനസ്സിലാക്കാന്‍ കഴിയും. ഹിന്ദുധര്‍മ്മം, ഹിന്ദുമതം, ഹിന്ദു സംസ്കാരം, ഹിന്ദുരാഷ്ട്രം അഥവാ ഹിന്ദുദേശീയത എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ സുപരിചിതമാണ്. അഖണ്ഡമായ ഒരേ പ്രവാഹത്തിന്റെ വിവിധ മുഖങ്ങളായി വേണം ഇവയെ കണക്കാക്കാന്‍. ഹിന്ദു രാഷ്ട്രം എന്ന പദം സ്വാമി വിവേകാനന്ദനും ശ്രീ അരവിന്ദ മഹര്‍ഷിയുമെല്ലാം ധാരാളം ഉപയോഗിച്ചിട്ടുണ്ട്. ഈ ഹിന്ദു രാഷ്ട്രം സനാതന ധര്‍മ്മത്തോടുകൂടിയാണ് ജന്മം കൊണ്ടത്, അതിലൂടെ അത് ചലിക്കുന്നു.
സംസ്കാരം ആചരിച്ചും സമാജത്തെ സംരക്ഷിച്ചും ‘ശിവം ഭൂത്വാ ശിവംയജേത്’ എന്ന് ആപ്ത വാക്യത്തെയാണ് ഇവിടെ സ്മരിക്കേണ്ടത്. സ്വയം സേവകന് തന്റെ ജീവിതത്തില്‍ അനുഷ്ഠിച്ച് ആചരിച്ച് സമാജത്തെ പ്രേരിപ്പിക്കുന്ന മാതൃകയായി മാറണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: