എന്‍.എസ്. വിജയകുമാര്‍
ടോക്കിയോ ഒളിമ്പിക്സ് യഥാര്‍ത്ഥമാകുന്ന ഇന്ന്, ഇന്ത്യ ഈ വിശ്വകായിക മേളയില്‍ പങ്കെടുത്തതിന്റെ നൂറ്റൊന്നാം വാര്‍ഷികദിനം കൂടിയാണ് ആഘോഷിക്കുന്നത്.
പാരീസില്‍, 1900ല്‍ ബ്രിട്ടീഷ് ഇന്ത്യയെ പ്രതിനിധാനം ചെയ്താണ് നോര്‍മന്‍ പ്രിച്ചാര്‍ഡ് ഇരട്ട വെള്ളിമെഡലുകള്‍ നേടിയത്. 200 മീറ്റര്‍ ഹര്‍ഡില്‍സിലും 200 മീറ്റര്‍ ഓട്ടത്തിലുമായിരുന്നു നോര്‍മന്‍ ട്രവര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന, അഭിനേതാവുകൂടിയായ നോര്‍മന്‍ ഗില്‍ബര്‍ട്ട് പ്രിച്ചാര്‍ഡ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 1905ല്‍ ബ്രിട്ടനില്‍ താമസമാക്കിയ ഈ ഹോളിവുഡ് താരമാണ് ഏഷ്യയില്‍നിന്നുള്ള ആദ്യത്തെ ഒളിമ്പിക്സ് മെഡലിസ്റ്റ്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റി ഇതൊരു ഇന്ത്യന്‍ നേട്ടമായി അംഗീകരിച്ചിട്ടുണ്ട്.
1919ല്‍ പൂനെയില്‍, ഡക്കാന്‍ ജിംഖാനയില്‍, ജിംഖാന പ്രസിഡന്റായിരുന്ന സര് ദൊറാബ്ജി ടാറ്റയാണ് അടുത്ത വര്‍ഷം ആന്റുവെര്പ്പില് നടക്കാനിരിക്കുന്ന ഒളിമ്പിക്സില്‍ ഇന്ത്യ പങ്കെടുക്കണമെന്ന ആശയവുമായി മുന്നോട്ടുവന്നത്. ജിംഖാനയില്‍ സംഘടിപ്പിച്ച സ്പോര്‍ട്സ് മീറ്റില്‍ സമ്മാനദാനച്ചടങ്ങിനെത്തിയ ബോംബെ ഗവര്‍ണര്‍ ലോയിഡ് ജോര്‍ജിന് സ്വീകരണം നല്കുമ്പോള് ടാറ്റ ബ്രിട്ടീഷ് ഒളിമ്പിക് കമ്മറ്റി വഴി ഇന്ത്യക്ക് മത്സരിക്കാന്‍ അവസരമൊരുക്കിത്തരണമെന്ന് ടാറ്റ അഭ്യര്‍ത്ഥിച്ചു. അങ്ങനെയാണ് 1920 ഗെയിംസിനു മുന്‍പ് അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി ഇന്ത്യക്ക് അഫിലിയേഷന് നല്‍കിയത്.
അനുമതി ലഭിച്ചതോടെ ദൊറാബ്ജി ടാറ്റ, എ.എസ്. ഭഗവത്, ഡോ. എ.എച്ച്.എ. ഫിയാസി, പ്രൊഫ. മൊഡക് എസ്. ബൂട്ട് എന്നിവരും, മൂന്നു ഡെക്കാന്‍ ജിംഖാന പ്രമുഖരും ചേര്‍ന്ന ഒരു കമ്മറ്റി രൂപീകരിച്ചു. ആ കമ്മറ്റിയാണ് 1920 ഏപ്രിലില്‍ പൂനെയില്‍ ട്രയല്‍ മീറ്റ് സംഘടിപ്പിച്ചത്. ട്രയല്‍ മീറ്റില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട നാല് അത്ലറ്റുകളും, രണ്ട് ഗുസ്തിക്കാരുമാണ് ബല്‍ജിയത്തിലെ ആന്റെര്പ്പില് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ബംഗാളില്‍നിന്നുള്ള പുര്‍മ ബാനര്‍ജി (സ്പ്രിന്റ്), മൈസൂര്‍, ബല്ഗാമാ സ്വദേശി ഫദേപ്പ ചൗഗ്ല (10,000 മീറ്റര്‍, മാരത്തണ്‍), മഹാരാഷ്ട്രയിലെ സറ്റാറയില്നിന്നുള്ള സദാശിവ് ദത്തര്‍ (10,000 മീറ്റര്‍, മാരത്തണ്‍), കര്‍ണാടകയിലെ ഹൂബ്ലിക്കാരനായ കെയ്ക്കാഡി (5000 മീ, 10,000 മീ) എന്നിവരായിരുന്നു അത്ലറ്റിക് സംഘത്തിലുണ്ടായിരുന്നത്. ഗുസ്തിക്കാരുടെ ടീമില്‍ കൊലാപൂരില്നിന്നുള്ള രണ്‍ധീര്‍ ഷിന്ഡെസും ബോംബെയില്‍നിന്നുള്ള നവാലെ കുമാറുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ദേശീയ ടെന്നീസ് ചാമ്പ്യനായിരുന്ന ഡോ. എ.എച്ച്. ഫിയാസി മെഡിക്കല്‍ ഓഫീസറും സൊഹറാബ് എച്ച്. ബൂട്ട് മാനേജരുകായ എട്ടംഗ ടീമാണ് ബെല്‍ജിയത്തിലേക്കു കപ്പല്‍ കയറിയത്. 35,000 രൂപയാണ് ചെലവ് പ്രതീക്ഷിച്ചത്. ദൊറാബ്ജി ടാറ്റ 8000 രൂപയുടെ സംഭാവനയുമായി മുന്നോട്ടുവന്നു. 6,000 രൂപയായിരുന്നു അന്നത്തെ ഇന്ത്യ സര്‍ക്കാര്‍ അനുവദിച്ചത്. സംഭാവനയ്ക്കുള്ള ശ്രമത്തില്‍ ബോംബെയില്‍നിന്നുള്ള കായിക പ്രേമികള്‍ 7000 രൂപ പിരിച്ചെടുത്ത് നല്കി. അവസാനം ബാക്കി തുകയും ചെലവും ടാറ്റയാണ് വഹിച്ചത്. അന്ന് ഒളിമ്പിക് കൗണ്‍സിലില്‍ പങ്കെടുത്തിരുന്ന പ്രമുഖ ക്രിക്കറ്റര്‍ നവാനഗര് രാജകുമാരന് സര് രഞ്ജിത് സിങ്ങ്ജി ഇന്ത്യന്‍ ടീമിന് ബെല്‍ജിയത്തില്‍ സഹായങ്ങള്‍ നല്‍കാനുണ്ടായിരുന്നു.
ലണ്ടനിലേക്ക് എസ്.എസ്. മണ്ടുവ എന്ന സ്റ്റീമറില്‍ ജൂണ്‍ അഞ്ചിന് യാത്ര തിരിച്ച ടീം ഇംഗ്ലണ്ടില്‍, സ്റ്റാംഫോഡ് സ്റ്റേഡിയത്തില്‍ ഇംഗ്ലീഷ് കോച്ച് പെറിയുടെ കീഴില്‍ പരിശീലനം നേടി. ഗെയിംസില്‍ ഫദേപ്പ ചൗഗ്ല മാരത്തണില്‍ രണ്ട് മണിക്കൂര്‍, 50 മിനിറ്റ്, 45.4 സെക്കന്‍ഡില്‍ പത്തൊന്‍പതാം സ്ഥാനത്ത് എത്തിയത് എടുത്തുപറയേണ്ട നേട്ടമായിരുന്നു. രണ്‍ധീര്‍ ഷിന്ഡെസ് ഫെതര്വെയ്റ്റില് നാലാംസ്ഥാനക്കാരനായി. മാനേജര്‍ ഷൊഹറബ് ബൂട്ട്സ് നല്കിയ റിപ്പോര്‍ട്ടില്‍ ഭാവിയില്‍ ഹോക്കിയിലും ഗുസ്തിയിലും ഇന്ത്യക്ക് ഏറെ സാധ്യതകളുണ്ടെന്ന് പരാമര്‍ശിച്ചിരുന്നു.
അരങ്ങേറ്റം പ്രതീക്ഷിച്ച നിലവാരത്തിലായില്ലെങ്കിലും, നമ്മുടെ കായികതാരങ്ങളെ മത്സരത്തിനിറക്കുവാന് കഴിഞ്ഞത് വലിയൊരു നേട്ടംതന്നെയായിരുന്നു. ഈ ഉദ്യമത്തില്‍ നിന്നാണ് 1924 പാരീസ് ഗെയിംസിന് മുന്‍പ് ഇന്ത്യന്‍ ഒളിംപിക് കമ്മറ്റി രൂപീകരിക്കപ്പെടുന്നത്. അന്നു തുടങ്ങിയ യാത്രയിലാണ് ഇന്ത്യ ഇന്ന് ടോക്കിയോയില്‍ ഏറെ പ്രതീക്ഷകളുമായി മത്സരിക്കുന്നത.
(പ്രമുഖ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: