മടിയില്‍ കനമുള്ളവനേ വഴിയില്‍ ഭയപ്പെടേണ്ടതുള്ളൂ എന്ന പഴഞ്ചൊല്ലാണ് കുറെക്കാലമായി കേരളത്തില്‍ ഉയര്‍ന്നുകേട്ടിരുന്നത്. സ്വര്‍ണകള്ളക്കടത്ത് ഉള്‍പ്പെടെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായ അഴിമതിക്കേസുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെ ഈ പഴഞ്ചൊല്ല് ആവര്‍ത്തിക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പിടിയില്‍പ്പെടുമെന്ന ഭയത്താലാണ് സ്വയം ആശ്വസിക്കാനും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാനും ഇങ്ങനെ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ മടിയില്‍ കനമുള്ളവര്‍ ശരിക്കും ഭയക്കുന്നതാണ് കേന്ദ്രമന്ത്രിസഭാ വികസനത്തില്‍ സഹകരണത്തിന് മാത്രമായി പ്രത്യേക മന്ത്രാലയം രൂപീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് അതിന്റെ ചുമതല നല്കിയപ്പോള് കേരളത്തില്‍ കണ്ടത്. വിവിധ സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങളെ പിടിച്ചെടുക്കുകയെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്ന പ്രചാരണം പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുപിടിച്ചു നടത്തി. അങ്ങേയറ്റം സ്വേഛാധിപത്യപരമായും, എല്ലാവിധ കുത്സിത മാര്‍ഗങ്ങളിലൂടെയും സംസ്ഥാനത്തെ സഹകരണ സംഘങ്ങളില്‍ ബഹുഭൂരിപക്ഷത്തിന്റെയും ഭരണം കുത്തകയാക്കിവച്ചിരിക്കുന്ന സിപിഎമ്മായിരുന്നു ഈ കുപ്രചാരണത്തിന് മുന്നില്‍. ഗുജറാത്തിലെ സഹകരണ മേഖലയെ അഴിമതിമുക്തമാക്കി വന്‍മുന്നേറ്റത്തിന് നേതൃത്വം നല്കിയ അമിത് ഷായെ വ്യക്തിഹത്യ ചെയ്യുന്ന ആസൂത്രിത പ്രചാരണമാണ് സിപിഎം നടത്തിയത്. പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്തു.
കേന്ദ്ര സഹകരണ മന്ത്രാലയം രൂപീകരിച്ചതിനെയും, അമിത് ഷാ അതിന്റെ മന്ത്രിയായതിനെയും എന്തിനാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ഇത്രയേറെ ഭയക്കുന്നതെന്ന് ഒട്ടും വൈകാതെതന്നെ കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായി. പണംതട്ടിപ്പുകളുടെയും ക്രമക്കേടുകളുടെയും കൂത്തരങ്ങാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സിപിഎം നിയന്ത്രിക്കുന്ന സഹകരണ സംഘങ്ങളെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഒന്നിനു പുറകെ ഒന്നായി പുറത്തുവന്നത്. അതിവിദഗ്ധമായ പലതരം തട്ടിപ്പുകളാണ് ഇവയുടെ ഭരണസമിതികള്‍ നടത്തിക്കൊണ്ടിരുന്നതെന്ന് ഇപ്പോള്‍ അറിയാത്തതായി ആരുമില്ല. വ്യാജ വായ്പകളുടെയും മറ്റും പേരില്‍ നിക്ഷേപകരുടെ പണം തിരിമറി നടത്തുക മാത്രമല്ല, വന്‍തോതിലുള്ള കള്ളപ്പണ ഇടപാടുകളും ഇതിന്റെ മറവില്‍ നടന്നതായാണ് വെളിപ്പെട്ടിരിക്കുന്നത്. നൂറുകണക്കിനാളുകള്‍ക്ക് പണം നഷ്ടമായിരിക്കുന്നു. ഭരണപിന്തുണയുള്ളവരാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പുകളെക്കുറിച്ച് സഹകരണ രജിസ്ട്രാര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. 200 കോടിയിലേറെ രൂപയുടെ കള്ളപ്പണമിടപാട് ഈ ബാങ്കില്‍ മാത്രമായി നടന്നിട്ടുള്ളതായാണ് വിവരം. കള്ളപ്പണം വെളുപ്പിക്കലാണത്രേ ഇവിടെ നടന്നുവന്ന പ്രധാന ഇടപാട്. വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം ഇന്നലെ ജീവനൊടുക്കുകയും ചെയ്തതോടെ ഗത്യന്തരമില്ലാതെ ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിടേണ്ടിവന്നിരിക്കുകയാണ്.
കള്ളപ്പണമിടപാട് എന്‍ഫോഴ്സ്മെന്റ്ഡയറക്ടറേറ്റ് അന്വേഷിക്കാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് കരുവന്നൂര്‍ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ക്രമക്കേടുകളെക്കുറിച്ച് അനേ്വഷിക്കാന്‍ നേരത്തെ പിണറായി സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ രംഗത്തിറക്കുകയും ചെയ്തിരുന്നു. തെളിവുകള്‍ നശിപ്പിക്കാനും കുറ്റക്കാരെ രക്ഷിക്കാനുമാണിതെന്ന് എല്ലാവര്‍ക്കുമറിയാം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കിയ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിയമഭേദഗതി കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ ഇതിനെ സഹകരണ മന്ത്രാലയം രൂപീകരിച്ച മോദി സര്‍ക്കാരിനുള്ള തിരിച്ചടിയായാണ് പല മലയാള മാധ്യമങ്ങളും ചിത്രീകരിച്ചത്. വിധിയെ പിന്തുണച്ച് രംഗത്തുവന്ന സംസ്ഥാന സഹകരണമന്ത്രി വി.എന്‍. വാസവന് മോദിസര്‍ക്കാരിനെ ദുരുദ്ദേശ്യപരമായി വിമര്‍ശിച്ച് രംഗത്തുവരികയും ചെയ്തു. നോട്ട് നിരോധനത്തിന്റെ കാലം മുതല്‍ കേരളത്തിലെ സിപിഎം നിയന്ത്രിത സഹകരണ സംഘങ്ങള്‍ സംശയത്തിന്റെ നിഴലിലാണ്. റദ്ദാക്കപ്പെട്ട നോട്ടുകള്‍ വന്‍തോതില്‍ ഇവിടങ്ങളില്‍നിന്ന് മാറ്റിയെടുത്തതായാണ് കരുതപ്പെടുന്നത്. സിപിഎം സ്വന്തം സാമ്പത്തിക സാമ്രാജ്യമായി നിലനിര്‍ത്തുന്ന സഹകരണ സംഘങ്ങളില്‍ കോടികളുടെ കള്ളപ്പണമുള്ളതായും കരുതപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള അന്വേഷണവും അനുവദിക്കില്ലെന്ന നിലപാടിലാണ് സിപിഎം. എന്തായാലും സാധാരണക്കാരായ ജനങ്ങളുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ഈ മേഖലയെ ശുദ്ധീകരിക്കേണ്ടത് അത്യന്താപേക്ഷിതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: