കണ്ണുകളെ വിശ്വസിക്കാനായില്ല. പ്രകൃതിയുടെ ലോകാത്ഭുതങ്ങളില്‍ ഒന്ന് കണ്ട് അത്ഭുതപ്പെട്ടു നില്ക്കുമ്പോള് അതാ മറ്റൊരു വിസ്മയം. ഗ്രാന്റ് കാന്യന് എന്ന പാതാളപിളര്‍പ്പിന്റെ ആധാരശിലാതലത്തിന് ഇട്ടിരിക്കുന്ന പേര് വിഷ്ണു ബെയ്സ്മെന്റ് റോക്ക്. അതെ, വിഷ്ണു ആധാരശില.
അമേരിക്കയിലെ അരിസോണ സംസ്ഥാനത്തെ കൊളറാഡോ പീംഭൂമിയില്‍ പ്രകൃതിദത്ത ഏഴു ലോകാത്ഭുതങ്ങളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന പ്രകൃതിയുടെ മായാജാലത്തിന് വിഷ്ണുവിന്റെ പേരോ? അത്ഭുതത്തിന്റെ അളവ് കൂടി. തൊട്ടടുത്ത് ശിവശില, അല്പം മാറി രാമപ്പാറ. മറ്റൊരു പാറക്കൂട്ടത്തിന് ബ്രഹ്മാവിന്റെ പേര്. ഗ്രാന്റ് കാന്യനെകുറിച്ച് ലഭിച്ച വിവരങ്ങളിലെല്ലാം വിഷ്ണു, ശിവ, രാമ, ബ്രഹ്മാവ് ശിലാധാരങ്ങളുടെ പേരുകള്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു ഇതെങ്ങനെ സംഭവിച്ചുവെന്നതിന് മാത്രം ഉത്തരമില്ല. പലരീതിയില്‍ അന്വേഷിച്ചിട്ടും ഉത്തരം കിട്ടാത്ത ചോദ്യം.
ഭാഷയ്ക്ക് ഒതുങ്ങാത്ത അനുഭവമാണ് ഗ്രാന്റ് കാന്യന്. ലോകത്തെ ഏറ്റവും വലിയ പര്‍വ്വതനിരകളിലൊന്നായ റോക്കി മൗണ്ടന്‍സ്, ഹിമാലയത്തിന്റെ സൗന്ദര്യം ആവാഹിച്ച കൊളോറാഡോ നിരകള്‍, സമ്പൂര്‍ണ്ണ സമതലങ്ങള്‍ , നിരനിരയായ കുന്നുകള്‍ , കാടുകള്‍ തിങ്ങിയ പര്‍വ്വതങ്ങള്‍, ഒന്നിനു പുറകെ ഒന്നായി നില്ക്കുന്ന 58 കൊടുമുടികള്‍, ഉപേക്ഷിക്കപ്പെട്ട ഖനിമേഖല, മലകള്‍ രണ്ടായി പിളര്‍ന്ന് ആറായിരം അടി താഴ്ച്ചയില്‍ 29 കിലോമീറ്റര്‍ വീതിയില്‍ അഗാധ ഗര്‍ത്തം. തവിട്ട്, പച്ച, നീല, വെള്ള തുടങ്ങി വിവിധ വര്‍ണങ്ങളുള്ള സുന്ദരമായ പാറകളുടെ അടുക്കുകള്‍ ചേര്‍ത്ത് വച്ച കലാസൃഷ്ടി, അതിലൂടെ ഒഴുകുന്ന പുഴ. ഗര്‍ത്തത്തിന്റെ ശിലാഭിത്തികളില്‍ ലോകത്തിലെ എല്ലാത്തരം ശിലകളേയും മാതൃകകളായി കാണാവുന്ന ശില്പങ്ങള്, ഭാവനയില്‍ വിരിയുന്ന ഏതു രൂപവും പ്രത്യക്ഷപ്പെടുന്ന ശിലാഖണ്ഡങ്ങള്‍. അഗാധമായ നിശബ്ദത, ആകാശവും ഭൂമിയും പാതാളവും ലയിക്കുന്നതായുള്ള തോന്നല്‍. പ്രകൃതിയെന്ന ശില്പി തീര്‍ത്ത ഈ മഹാനിര്‍മിതിയുടെ സൗന്ദര്യവും, ഗംഭീര്യവും, ബാഹുല്യവും വിശദികരിക്കാന്‍ ഭാഷക്കോ, ചിത്രത്തിലാക്കാന്‍ ചിത്രകാരനോ സാധിക്കില്ല. അതാസ്വദിക്കണമെങ്കില്‍ നേരില്‍ കാണുക തന്നെ വേണം.
കൊളറാഡോ നദിയുടെ ഇരു കരകളിലുമായി 446 കിലോമീറ്റര്‍ നീളത്തില്‍ 29 കിലോമീറ്റര്‍ വീതിയില്‍ 600 അടി താഴ്ച്ചയില്‍ 200 കോടി വര്‍ഷത്തെ പഴക്കം പേറുന്ന ഗ്രാന്റ് കാന്യന് നല്‍കുന്നത് ഇതെല്ലാമാണ്. അല്ല ഇതിനപ്പുറവും. അതുവരെ കണ്ട അമേരിക്കന്‍ കാഴ്ച്ചകളൊക്കെ നിഷ്പ്രഭമായിപ്പോയി. മനുഷ്യന്റെ അഹങ്കാരം അണുവായി മാറുന്ന കാഴ്ച്ച. നിരീശ്വരവാദിയും ദൈവത്തിന്റെ സൃഷ്ടി എന്ന് അറിയാതെ പറഞ്ഞു പോകും. പ്രകൃതിയുടെ അനശ്വരതയ്ക്ക് സ്തുതി പാടും.
സഹസ്രാബ്ധം മുമ്പ് കൊളോറാഡോ സമുദ്രതലത്തിലുണ്ടായ ഭൗമിക കീഴ്മറിച്ചലിന്റെ ഫലമായ വായുവിന്റേയും ജലത്തിന്റേയും ശക്തമായ സമ്മര്‍ദ്ദത്തില്‍ ശിലാമണ്ഡലത്തില്‍ വന്ന അമാനുഷികവും അത്ഭുതകരവുമായ വിസ്മയമാണ് ഗ്രാന്റ് കാന്യനെന്ന് ശാസ്ത്രജ്ഞര്‍. പണ്ട് ഇവിടം ഒരു പീഠഭൂമിയായിരുന്നു. കൊളറാഡോ നദി ഈ പീഠഭൂമിയെ മലയിടുക്കാക്കി മാറ്റി. അമേരിക്കയിലെ പ്രഖ്യാപിത നാഷനല്‍ പാര്‍ക്കാണിപ്പോള്‍.വെറുമൊരു പ്രകൃതി ഭംഗിക്കുപരി അമേരിക്കന്‍ സംസ്കാരവുമായും വന്യജീവിവൈവിധ്യവുമായും ഈ പ്രദേശത്തിനു ബന്ധമുണ്ട്. റെഡ് ഇന്ത്യന്‍ സംസ്കാരം ഈ താഴ്വരകളില്‍ പ്രബലമായിരുന്നു. കുറ്റിക്കാടുകളില്‍ വളരുന്ന മൃഗങ്ങളും അപൂര്‍വമായ ചെടികളും എന്നും ഗവേഷകര്‍ക്ക് വിരുന്നാണ്. ചിലതരം ആടുകള്‍, പറവകള്‍, മുയലുകളെപ്പോലെയുള്ള മൃഗങ്ങള്‍, അനേകതരം ഫംഗസുകള്‍ എന്നിവയൊക്കെ കാണാം.
ഇതിന്റെ ഉത്പത്തിയെക്കുറിച്ച് ശാസ്ത്രലോകം നൂറ്റാണ്ടുകള്‍ക്കു മുമ്പേ തുടങ്ങിയ അന്വേഷണം ഇപ്പോഴും തുടരുന്നു. കുറഞ്ഞത് 60 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പെങ്കിലും ഗ്രാന്‍ഡ് കാന്യന് ഇന്നത്തെ രൂപമെടുത്തിട്ടുണ്ട് എന്നതാണ് ഒരു വിശ്വാസം. മാത്രമല്ല, ഭൂമിയുടെ 200 കോടി വര്‍ഷത്തെ ഭൂഗര്‍ഭ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പല വിവരങ്ങളം ഇവിടുത്തെ പാറകളില്‍ നിന്നും കിട്ടിയതായി ശാസ്ത്രജ്ഞന്മാര് അവകാശപ്പെടുന്നു. നിഗൂഢരഹസ്യങ്ങളെ ഒളിപ്പിക്കുന്ന സ്ഥലത്തെ കുറിച്ച് പഠിക്കാന്‍ വരുന്ന ഗവേഷണ വിദ്യാര്‍ത്ഥികളുടെയും ഭുഗര്‍ഭശാസ്ത്രജ്ഞരുടെയും ഇഷ്ടതാവളമാണ് ഗ്രാന്‍ഡ് കാന്യന്. ചലനാത്മകവും നിരന്തരം മാറികൊണ്ടിരിക്കുന്നതുമായ ഭൂമിയില്‍, ഭൗമപാളികളുടെ ചലനം നിമിത്തം പര്‍വ്വതങ്ങളും മലകളും ഉണ്ടാവുകയും ഇല്ലാതാവുകയും ചെയ്യുക എന്നത് വലിയ കാര്യമല്ല. പക്ഷേ, ഈ മലകളിലും, പാറകളിലും മനുഷ്യന് കൗതുകകരമായ രൂപഭാവങ്ങള്‍ എങ്ങിനെ അങ്കുരിച്ചു എന്നതാണ് ചിന്തനീയം.
പ്യൂബ്ളോ ഇന്ത്യരായിരുന്നു കൊളോറാഡോ പ്രദേശത്തെ ആദ്യ സമൂഹം. ഒറ്റപ്പെട്ട പര്‍വ്വത നിരകളിലും സമതല പ്രദേശങ്ങളിലും താമസിച്ചിരുന്ന ഇവര്‍ പ്രകൃതിയെ പൂജിക്കുകയും വീടുകളില്‍ ഹോമകുണ്ഡം ഉണ്ടാക്കുകയും ചെയ്തിരുന്നു. അമേരിക്കയുടെ യഥാര്‍ത്ഥ അവകാശികളായ ഇവരെ കൊന്നൊടുക്കിയും ശേഷിച്ചവരെ നിര്‍ബന്ധപൂര്‍വ്വം കത്തോലിക്കരാക്കിയുമാണ് സ്പെയിന്‍കാര്‍ കുടിയേറ്റം നടത്തിയത്. പ്യൂബ്ളോ, കൊളോറാഡോ എന്നതൊക്കെ സ്പാനിഷ് വാക്കുകള്‍. ചുവപ്പ്, ഗ്രാമം എന്നൊക്കെയാണ് യഥാക്രമം അര്‍ത്ഥം . ഇതില്‍ നിന്നാകാം റെഡ്ഇന്‍ഡ്യന്‍സ് എന്ന പേര് വന്നത്.പൂര്‍വ്വികരുടെ ആത്മാക്കളെ ദൈവമായി കരുതിയിരുന്നവര്‍. ആത്മാക്കളുമായി സംസാരിച്ചിരുന്നവര്‍, നവഗ്രഹങ്ങളോട് സംവദിക്കാന്‍ കഴിഞ്ഞവര്‍. മൃഗങ്ങളുടെ ഭാഷ വശമായിരുന്നവര്‍. സര്‍പ്പങ്ങളുടേയും മുതലകളുടേയും മാനുകളുടേയും കടല്‍പാമ്പുകളുടേയും ഭാഷ വശത്താക്കിയവര്‍. പ്രകൃതിയുടെ വിനിമയഭാഷ കൊണ്ട് ജീവിതം നയിച്ചവര്‍.സര്‍പ്പരാജാക്കന്‍മാരായും പക്ഷി രാജാക്കന്മാരായും വൃക്ഷ രാജാക്കന്മാരായും ആശയവിനിമയം നടത്തിയിരുന്നവര്‍. പ്രകൃതിയേയും അതിലെ എണ്ണമറ്റ ജന്തുക്കളേയും വെല്ലുവിളിക്കാതെ സൗഹൃദത്തിന്റെ പാരസ്പര്യത്തില്‍ ജീവിച്ചിരുന്നവര്‍.
ഇന്ത്യയിലേക്ക് സ്വര്‍ണ്ണം തേടിയെത്തിയ കൊളംബസ് ഇവരുടെ ഇടയിലേക്ക് എത്തിയത് ചരിത്രപാഠം; ഒരു സമൂഹത്തിന്റെ ഉന്മുലന ചരിത്രവും. കൊളംബസിന്റെ പിന്‍ഗാമികള്‍ ഈ സമൂഹത്തെ വെടിക്കോപ്പ് ഉപയോഗിച്ച് തുടച്ചുനീക്കുകയായിരുന്നു. മതംമാറ്റത്തിന് വിധേയരാകാത്തവരെ വളഞ്ഞ് പിടിച്ചു നിരത്തി നിര്‍ത്തി .ആയിരങ്ങളെ വെടിവെച്ചു കൊന്നു. കപ്പലില്‍ നിന്ന് വെടിവെച്ചവരെ ഇന്ത്യന്‍ വര്‍ഗ്ഗം സമുദ്രം നീന്തിചെന്ന് ശിലായുധങ്ങള്‍ കൊണ്ട് ആക്രമിച്ചു. തോക്കുകളെ അമ്പും വില്ലുമായി ചെറുത്തു. പക്ഷേ അവരുടെ സമരതന്ത്രങ്ങള്‍ക്ക് വെടിക്കൊപ്പുകളോട് പിടിച്ചുനില്‍ക്കാനായില്ല.
റെഡ് ഇന്ത്യന്‍സിന് ഭാരതീയ സംസ്കാരവുമായി ബന്ധമുണ്ടായിരുന്നോ? ഇല്ലായിരിക്കാം .പിന്നെയെങ്ങനെ അമേരിക്കയുടെ അഭിമാനഭൂമിയില്‍ ബ്രഹ്മാവിനും വിഷ്ണുവുനും മഹേശ്വരനുമൊക്കെ സ്ഥാനം ലഭിച്ചു.?
ഈ ആദിവാസി സമൂഹത്തിനായി ഒരു സ്മാരകവും ഇവിടെയുണ്ട്. മോണ്യുമെന്റ് ടവര്‍. വര്‍ണ്ണ ഇഷ്ടികകള്‍ കൊണ്ട് തീര്‍ത്ത 70 അടി ഉയരമുള്ള വൃത്തസ്തംഭം. മുകളില്‍ നിന്നാല്‍ കണ്ണെത്തും ദൂരം വരെയുള്ള കാഴ്ച്ചകള്‍. അകത്തെ ഭിത്തിയിലും മേലാപ്പിലും എല്ലാം റെഡ്ഇന്ത്യന്‍ ജീവിതത്തില്‍ നിന്നും ശേഖരിച്ച അനേകം പുരാവസ്തുക്കള്‍. ഉന്മൂലന പ്രക്രിയയില്‍ നശിപ്പിക്കപ്പെട്ട ഒരു ജനസഞ്ചയത്തിന് കണ്ണീരു കൊണ്ട് അര്‍ച്ചന നടത്തിപോകുന്ന കാഴ്ച്ച.
ചൂതുകളിക്കും വ്യഭിചാരത്തിനും കരം പിരിക്കുന്ന ലാസ് വേഗസ് നഗരത്തിന്റെ വര്‍ണ്ണ പ്പൊലിമ കണ്ട് മാലാഖനഗരമായ ലോസ് ഏഞ്ചല്‍സിലേക്ക് മടങ്ങും വഴിയാണ് ഗ്രന്റ് കാന്യനില്‍ എത്തിയത്. ഭോഗഭൂമിയുടെ അര്‍ത്ഥശൂന്യതയില്‍ നിന്ന് ദേവഭൂമിയുടെ മഹാശ്ചര്യത്തിലേക്ക് വന്നതു പോലെ. അഗാധ മലപിളര്‍പ്പുകള്‍ക്ക് ലോകപ്രസിദ്ധിയാര്‍ജ്ജിച്ച അമേരിക്കയിലെ ഒരു സ്ഥലത്തിനെങ്ങനെ രാമന്റേയും കൃഷ്ണന്റേയും വിഷ്ണുവിന്റേയും ബ്രഹ്മാവിന്റേയും ശിവന്റേയും ഒക്കെ പേരുകള്‍ വന്നു എന്നത് മറ്റൊരു അത്ഭുതമായി തന്നെ നിന്നു.
അമേരിക്കയിലേക്കുള്ള എന്റെ ആറാമത് യാത്രയിലാണ് ഗ്രാന്റ് കാന്യന് കാണാനുള്ള അവസരമുണ്ടായത്. അതിനു മുന്‍പും പിന്‍പും ഞാന്‍ അമേരിക്കയില്‍ കണ്ട കാഴ്ച്ചകളെയെല്ലാം നിഷ്പ്രഭമാക്കി ഈ പ്രകൃതിദത്ത അത്ഭുതം
പ്രതികരിക്കാൻ ഇവിടെ എഴുതുക: