ചണ്ഡിഗഡ്: മുന്‍ നിലപാടില്‍ അയവുവരുത്തി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പുതിയ പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(പിപിസിസി) അധ്യക്ഷനായി നിയമിനായ നവ്ജോത് സിംഗ് സിദ്ദു ചുമതലയേറ്റെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചു. തനിക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ ട്വീറ്റുകളിൽ പരസ്യമായി ക്ഷമാപണം നടത്തുംവരെ സിദ്ദുവിനെ കാണില്ലെന്നായിരുന്നു അമരീന്ദറിന്റെ മുന്‍ നിലപാട്. പഞ്ചാബിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് നിര്‍ബന്ധിച്ചിട്ടും സിദ്ദുവിനെ കാണാന്‍ അമരീന്ദര്‍ കൂട്ടാക്കിയിരുന്നില്ല.
പുതുതായി നിയമിതരായ പിപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കുല്‍ജിത് സിംഗ് നഗ്ര, സംഗത് സിംഗ് ഗില്സിയാന് എന്നിവര്‍ സിദ്ദു ഉള്‍പ്പെടെ 56 എംഎല്‍എമാര്‍ ഒപ്പിട്ട ക്ഷണക്കത്തുമായി ഇന്ന് അമരീന്ദറിന്റെ വസതിയില്‍ പോയി. സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിക്കുള്ള അഭ്യര്‍ഥനയും ക്ഷണക്കത്തിലുണ്ടായിരുന്നു. വര്‍ക്കിംഗ് പ്രസിഡന്റുമാരുമായുള്ള ചര്‍ച്ചയ്ക്കുശേഷം അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് ട്വീറ്റ് ചെയ്തു:
‘പഞ്ചാബിലെ എല്ലാ കോണ്‍ഗ്രസ് എംഎല്‍മാരെയും എംപിമാരെയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും വെള്ളിയാഴ്ച രാവിലെ പത്തിന് ചായയ്ക്കായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പഞ്ചാബ് ഭവനിലേക്ക് ക്ഷണിച്ചു. അവിടെനിന്ന് എല്ലാവരും പുതിയ പിപിസിസി സംഘം ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി ഒരുമിച്ചു പോകും’. ട്വീറ്റില്‍ സിദ്ദുവിന്റെ പേരില്ല. കോണ്‍ഗ്രസ് ആസ്ഥാനത്തെ ചടങ്ങിനായി റാവത്തും ചണ്ഡിഗഡിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: