കൊച്ചി: ശബരി പാതയ്ക്കു വരുന്ന ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര മന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ വാഗ്ദാനം വെറും പാഴ്വാക്ക്. എല്‍ഡിഎഫും യുഡിഎഫും മാറി മാറി വന്നിട്ടും പ്രയോജനമുണ്ടായിട്ടില്ല. 23 വര്‍ഷമാണ് പാഴാക്കിയത്. 1997-1998ലെ റെയില്‍ ബജറ്റിലാണ് ശബരി റെയില്‍ പദ്ധതി പ്രഖ്യാപിച്ചത്. അങ്കമാലി മുതല്‍ എരുമേലി വരെയുള്ള 115 കിലോമീറ്റര്‍ പാതയുടെ നിര്‍മാണത്തിന് അന്ന് വകയിരുത്തിയത് 517 കോടി രൂപ.
അങ്കമാലി മുതല്‍ കാലടി വരെയുള്ള ഏഴു കിലോമീറ്റര്‍ പാതയും കാലടി റെയില്‍വേ സ്റ്റേഷനും പെരിയാറിനു മുകളിലൂടെയുള്ള റെയില്‍വേ മേല്‍പ്പാലവും മാത്രമാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. 2019ലെ കണക്കുപ്രകാരം പദ്ധതിച്ചെലവ് 2800 കോടിയിലെത്തി നില്‍ക്കുകയാണ്. ഇപ്പോഴത്തെ കണക്കില്‍ പദ്ധതി നടപ്പാക്കാന്‍ 3000 കോടിയെങ്കിലും വേണ്ടിവരും. ആറിരട്ടിയോളം വര്‍ധന.പദ്ധതിയെ തകര്‍ക്കാന്‍ നിരവധി ലോബികളാണ് രംഗത്തെത്തിയത്.
വനമേഖലകള്‍ കൈയടക്കിയ വന്‍കിട ക്വാറി ലോബിയും തോട്ടം ഉടമകളും പദ്ധതിക്കെതിരെ വന്നതോടെ മുന്നോട്ടു കൊണ്ടുപോകാനോ സ്ഥലം ഏറ്റെടുത്തു നല്‍കാനോ സംസ്ഥാന സര്‍ക്കാര്‍ തയാറായില്ല. ഇതോടെ പദ്ധതി തുടക്കത്തിലേ മുരടിച്ചു. അങ്കമാലി മുതല്‍ കാലടി വരെയുള്ള സ്ഥലമെടുപ്പും നിര്‍മാണവും മാത്രമാണ് മുന്നോട്ടു പോയത്. രാഷ്ട്രീയ നേതൃത്വങ്ങളുടെ താല്പര്യക്കുറവും പദ്ധതിയെ ബാധിച്ചു.
ഭൂമി ഏറ്റെടുക്കല്‍ എങ്ങുമെത്താതായതോടെ പദ്ധതി നിലച്ചു. 2011ല്‍ ചെലവ് 1566 കോടിയിലെത്തി. ഇതോടെ, ഇനി പദ്ധതി ഒറ്റയ്ക്ക് നടത്താനാകില്ലെന്ന് റെയില്‍വേ 2011ലും 2012ലും സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. 50 ശതമാനം തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് റെയില്‍വേ ആവശ്യപ്പെട്ടു. ഇക്കാര്യത്തിലും സംസ്ഥാന സര്‍ക്കാരുകള്‍ മൗനം പാലിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ 2015 ഡിസംബര്‍ ഒന്നിന് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിനുത്തരമായി പദ്ധതിയുടെ പകുതി ചെലവ് സംസ്ഥാനം വഹിക്കുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ് മറുപടി നല്കി. ഇതോടെ പ്രതീക്ഷകള്‍ ഉയരുകയും യുഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയെങ്കിലും പദ്ധതി ട്രാക്കിലായില്ല.
ഇതിനിടയില്‍ കാലടി വരെ റെയില്‍ പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുകയും കാലടിയില്‍ റെയില്‍വേ സ്റ്റേഷന് നിര്‍മിക്കുകയും ചെയ്തു. ഇപ്പോള്‍ ഈ റെയില്‍വേ സ്റ്റേഷന് ഉപയോഗശൂന്യമായി കാടുപിടച്ചുകിടക്കുകയാണ്. എന്നാല്‍ പിന്നീട് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ പദ്ധതിയോട് മുഖം തിരിച്ചു. 2019ല്‍ പദ്ധതി ചെലവ് 2800 കോടി കവിഞ്ഞു. ഇതോടെ പദ്ധതി മരവിപ്പിക്കുന്നതായി കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. ശബരി പാതയുടെ നിര്‍മാണച്ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും കിഫ്ബി മുഖേന ശബരി പാതയ്ക്കാവശ്യമായ തുക കൈമാറുമെന്നും പ്രഖ്യാപനമുണ്ടായി. എന്നാല്‍ ഒന്നും നടന്നില്ല. മുഖ്യമന്ത്രി ഇപ്പോള്‍ കേന്ദ്രത്തിന് ഉറപ്പ് നല്‍കിയെങ്കിലും ഒന്നും നടക്കാന്‍ സാധ്യതയില്ലെന്നാണ് മുന്‍കാല അനുഭവങ്ങള്‍ നല്കുന്ന സൂചന.
പാളിയത് സമഗ്ര വികസന പദ്ധതി
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന, മലയോരമേഖലയുടെ വികസനത്തിനും കര്‍ഷകര്‍ക്കും ഗുണകരമാകുന്ന ഒന്നാണ് ശബരിപ്പാത. മധ്യകേരളത്തിലെ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് യാത്രാസൗകര്യം ഒരുക്കുന്നതിലൂടെ റെയില്‍വേ തീര്‍ത്ഥാടന, ടൂറിസം മേഖലയുടെ വളര്‍ച്ചക്കും സഹായകരമായിരുന്നു. അങ്കമാലി, കാലടി, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, പാല, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിങ്ങനെ കടന്ന് പോകുന്ന പാതയ്ക്ക് 14 സ്റ്റേഷനുകളാണ് ഉള്ളത്. മധ്യകേരളത്തിന്റെ വികസന കുതിപ്പിന് നാന്ദിയാകേണ്ടിയിരുന്ന പദ്ധതിയുടെ 23 വര്‍ഷമാണ് മാറിമാറി ഭരിച്ച സംസ്ഥാന സര്‍ക്കാരുകളുടെ നിസ്സഹകരണംമൂലം യാഥാര്ത്ഥ്യമാകാഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: