കൊല്ലം: ജില്ലയിലെ വിവിധ വകുപ്പുകളുടെ കൊവിഡ് ഡ്യൂട്ടിക്കായി നിരത്തിലോടുന്ന വാഹനങ്ങളിലധികവും കള്ളടാക്സികള്‍. പുറത്തുനിന്ന് ഓഫീസ് ആവശ്യങ്ങള്‍ക്കായി ഓടാന്‍ വാടകയ്ക്ക് എടുത്തതാണിവ. സ്വകാര്യവാഹനമായി രജിസ്റ്റര്‍ ചെയ്ത ഇവ നിരത്തിലേക്കിറങ്ങുന്നത് ടാക്സി വാഹനങ്ങള്‍ക്കുപയോഗിക്കുന്ന മഞ്ഞബോര്‍ഡുകള്‍ ഉപയോഗിച്ചാണ്.
വാഹനത്തിന്റെ വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിവാഹന്‍ സൈറ്റില്‍ പരിശോധിച്ചപ്പോള്‍ സ്വകാര്യ വാഹനമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വെള്ളബോര്ഡാണ് സ്വകാര്യ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ക്കായി ഘടിപ്പിക്കേണ്ടത്. എന്നാല്‍, കള്ളടാക്സിയായി ഓടുന്ന വാഹനങ്ങള്‍ വെള്ളബോര്ഡ് മാറ്റി മഞ്ഞബോര്‍ഡ് ഉപയോഗിച്ചാണ് നിരത്തിലോടുന്നത്. ടാക്സിവാഹനങ്ങളെന്ന വ്യാജേനയാണ് ഇവര്‍ വാടകയ്ക്കെടുക്കുന്നത്.
ജില്ലയില്‍ ഇത്തരത്തില്‍ ഒട്ടനവധി സ്വകാര്യവാഹനങ്ങള്‍ ടാക്സി ബോര്‍ഡുപയോഗിച്ച് നിരത്തിലോടുന്നുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തുമ്പോള്‍ നഷ്ടം സര്‍ക്കാരിനാണ്. വന്‍തോതിലുള്ള നികുതിവെട്ടിപ്പാണ് നടക്കുന്നത്. ടാക്സി ബോര്ഡാകുമ്പോള് മോട്ടോര്‍ വാഹനവകുപ്പിന് സംശയം തോന്നില്ല എന്നതാണ് ഇതിന്റെ കാര്യം. പലതവണ ഇത്തരത്തിലുള്ള ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി മോട്ടോര്‍വാഹനവകുപ്പിന് ടാക്സി ഡ്രൈവര്‍മാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, നടപടിയൊന്നും ഉണ്ടായില്ല.
കള്ളടാക്സിയായി ഓടുന്നതില്‍ മിക്കതും ജില്ലയ്ക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളാണ്. ടാക്സ് വെട്ടിച്ച് സ്വകാര്യവാഹനങ്ങള്‍ ടാക്സി നമ്പര്‍ബോര്‍ഡ് ഉപയോഗിച്ച് നിരത്തിലോടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് അധികാരികള്‍ക്ക് പലതവണ പരാതി നല്‍കിയിട്ടുണ്ട്. പക്ഷേ, ഫലമുണ്ടായില്ലായെന്ന് ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: