ശാസ്താംകോട്ട: ആയുര്‍വേദ മെഡിക്കല്‍ വിദ്യാര്‍ഥിനി വിസ്മയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്ന ഭര്‍ത്താവ് കിരണിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കിയതായി കൊല്ലം റൂറല്‍ എസ്പി കെ.ബി രവി.
മുന്‍പ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പിനിടെ കിരണിന് കൊവിഡ് പോസിറ്റീവായി. തുടര്‍ന്ന് ഇയാളെ നെയ്യാറ്റിന്‍കര സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു. അന്വേഷണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാലാണ് കിരണിനെ അഞ്ച് ദിവസത്തേക്ക് വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുന്നത്. കിരണിന്റെ വീട്ടില്‍ വിസ്മയ തൂങ്ങിമരിച്ചിട്ട് ഇന്നലെ ഒരു മാസം പിന്നിട്ടു. സംഭവ ദിവസം തന്നെ ശൂരനാട് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ കിരണിനെ പ്രാഥമിക തെളിവെടുപ്പിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തത്. പിന്നീട് കഴിഞ്ഞ 23ന് മൂന്നുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. എന്നാല്‍ രണ്ടാം ദിവസം കിരണിന് കൊവിഡ് സ്ഥിരീകരിച്ചതോടെ തെളിവെടുപ്പ് മുടങ്ങി. അന്വേഷണ സംഘത്തിലുണ്ടായിരുന്ന ആറ് പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനിലുമായി.
ശാസ്താംകോട്ട ഡിവൈഎസ്പി പി.രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനാണ് വിസ്മയ കേസിന്റെ അന്വേഷണ ചുമതല. ഇതിനിടെ ഡിവൈഎസ്പിക്ക് സ്ഥലംമാറ്റം ഉണ്ടായെങ്കിലും ഈ കേസിന്റെ അന്വേഷണം കഴിയുന്നതു വരെ അദ്ദേഹത്തിന്റെ സ്ഥലം മാറ്റം ഡിജിപി താല്‍ക്കാലികമായി മരവിപ്പിച്ചു. ഐജി ഹര്‍ഷിത അട്ടല്ലൂരിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. കിരണിന്റെ ജാമ്യ അപേക്ഷ ഇന്ന് കൊല്ലം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതി പരിഗണിക്കും. പ്രതിക്ക് വേണ്ടി അഡ്വ. ബി.എ ആളൂര്‍ കോടതിയില്‍ ഹാജരാകും. ഇതോടൊപ്പം കിരണിനെതിരെയുള്ള എഫ്ഐആര്‍ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. കഴിഞ്ഞ ദിവസം ഈ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: