കൊല്ലം: കൊവിഡ് മഹാമാരിക്കിടയില്‍ ഒളിമ്പിക്‌സ് ആരവത്തിന് ചൂടേറുമ്പോള്‍ കൊല്ലത്തിനും പറയാനുണ്ട് അല്‍പ്പം ഒളിമ്പിക്‌സ് ചരിത്രം. ലോങ്ങ് ജമ്പില്‍ ഇതിഹാസമായി മാറിയ ടി.സി. യോഹന്നാനും സുരേഷ് ബാബുവും കൊല്ലം ജില്ലയുടെ ഒളിമ്പിക്‌സ് ചരിത്രം വര്‍ഷങ്ങള്‍ക്ക് മുന്നേ തങ്കലിപികളാല്‍ എഴുതപ്പെട്ടു.
കൊല്ലം എഴുകോണ്‍ മാരനാട് സ്വദേശിയായ ടി.സി. യോഹന്നാനും പട്ടത്താനം സ്വദേശി സുരേഷ് ബാബുവിനും ശേഷം രണ്ടാം ഒളിമ്പിക്സിന്റെ ത്രില്ലില്‍ ഇക്കൊല്ലം 400 മീറ്റര്‍ ഓട്ടത്തില്‍ അനസ് നിലമേല്‍ എന്ന 26കാരനാണ് കൊല്ലത്തിന്റെയും ഒപ്പം ഇന്ത്യയുടേയും പ്രതീക്ഷയാകുന്നത്. ജപ്പാനിലെ ടോക്കിയോയില്‍ നാളെ ആരംഭിക്കുന്ന ഒളിമ്പിക്‌സില്‍ കൊല്ലത്തിന്റെ പ്രിയതാരം മെഡല്‍ ജേതാവായി തിരികെയെത്തുന്നത് കാത്തിരിക്കുകയാണ് ജില്ല ഒന്നാകെ.
രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഒറ്റ ലാപ്പ് ഓട്ടക്കാരനായ മുഹമ്മദ് അനസ് യഹിയ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്. പുരുഷന്മാരുടെ 4-400 മീറ്റര്‍ റിലേയിലാണ് അനസ് ഇന്ത്യന്‍ ജേഴ്സി അണിയുന്നത്. കൊല്ലം നിലമേല്‍ സ്വദേശിയായ അനസ് കഴിഞ്ഞ റിയോ ഒളിമ്പിക്സില്‍ 400 മീറ്ററിലും 4-400 മീറ്റര്‍ റിലേയിലും ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് മുന്നേറിയിരുന്നു.
പരേതനായ യഹിയയും സീനയുമാണ് മാതാപിതാക്കള്‍. ലോങ്ജമ്പ് താരം മുഹമ്മദ് അനീസ് ഏകസഹോദരനാണ്. അനസിന് മുന്‍പ് ലോങ്ങ് ജമ്പില്‍ ജില്ലയുടെ കരുത്തു തെളിയിച്ച ടി.സി. യോഹന്നാനും സുരേഷ് ബാബുവുമാണ് പിന്നീട് ഇന്ത്യയുടെ മിന്നും താരങ്ങളായി മാറിയത്.
സുരേഷ് ബാബുവും ടിസിയും
ലോംഗ് ജമ്പ്, ട്രിപ്പിള്‍ ജംബ്, ഹൈ ജമ്പ് എന്നീ മത്സര ഇനങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഒളിമ്പ്യന്‍ സുരേഷ് ബാബു 1974 ല്‍ നടന്ന ടെഹ്റാന്‍ ഏഷ്യന്‍ ഗെയിംസിലും, 1978 ല്‍ നടന്ന ബാംഗോക് ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേടി ശ്രദ്ധേയനായി. 1972ലെ മ്യൂണിക് ഒളിംപിക്സില്‍ പങ്കെടുത്ത സുരേഷ്ബാബു 1979 വരെ ദേശീയ അത് ലെറ്റ്‌സില്‍ സജീവ സാന്നിധ്യമായിരുന്നു. 2011ലെ ദേശീയ ഗെയിംസില്‍ പങ്കെടുക്കവേയായിരുന്നു അന്ത്യം.
സുരേഷ് ബാബുവിനൊപ്പം 1974 ലെ തെഹ്‌റാന്‍ ഏഷ്യന്‍ ഗെയിംസില്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ജപ്പാന്റെ ഹോഷിത ഉള്‍പ്പെടെയുള്ള അത്‌ലെറ്റുകളെ പിന്തള്ളിയാണ് ലോംഗ് ജംപില്‍ 8.07 മീറ്റര്‍ താണ്ടി ടി.സി. യോഹന്നാന്‍ റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കിയത്. ഇന്ത്യന്‍ അത് ലറ്റിക്ക് ചരിത്രത്തിലെ സുവര്‍ണ നിമിഷങ്ങളിലൊന്നായാണ് ഇത് പിന്നീട് വിശേഷിപ്പിക്കപ്പെട്ടത്. യോഹന്നാന്റെ റെക്കോര്‍ഡ് ദേശീയ തലത്തില്‍ മൂന്നു പതിറ്റാണ്ടു കാലം അഭേദ്യമായി നിലനിന്നു.
1976ലെ മോണ്‍ട്രിയോള്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ടി.സി. യോഹന്നാന്‍. ടെഹ്‌റാന്‍ ഏഷ്യാഡില്‍ ലോംഗ് ജമ്പില്‍ എട്ട് മീറ്റര്‍ ദൂരം മറികടക്കുന്ന ആദ്യ ഏഷ്യക്കാരന്‍ എന്ന സുവര്‍ണ നേട്ടം സ്വന്തമാക്കിയതാണ് യോഹന്നാനെ ശ്രദ്ധാകേന്ദ്രമാക്കിയത്. എന്നാല്‍ യോഹന്നാന്‍ മോണ്‍ട്രിയോളില്‍ ഇന്ത്യയുടെ നഷ്ടസ്വപ്നവും വേദനയുമായി മാറി. പരിക്കും പരിശീലനക്കുറവുമാണ് അന്ന് തനിക്ക് തിരിച്ചടിയായതെന്ന് പിന്നീട് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ എത്തിയ പരിക്ക് യോഹന്നാനെ സ്പോര്‍ട്‌സിനോട് വിടപറയാന്‍ നിര്‍ബന്ധിതനാക്കി.
ശ്യാം കാങ്കാലില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക