പറവൂര്‍: ദേശീയപാത 66-ല്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു. പ്രതിദിനം കണ്ടെയ്നര്‍ ലോറികള്‍ അടക്കം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പാതയില്‍ വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയുമാണ് ഒരു പരിധി വരെ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. മാത്രമല്ല റോഡിന്റെ വീതി കുറവും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
മുപ്പത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡ് വികസനത്തിനായി മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ സ്ഥലം ഏറ്റെടുത്തെങ്കിലും യാതൊരു വിധ വികസന പ്രവര്‍ത്തനങ്ങളും ഇതുവരെ നടത്തിയിട്ടില്ല. അപകടങ്ങള്‍ നടന്നു കഴിഞ്ഞാല്‍ അധികൃതര്‍ അടിയന്തര യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുകയും ജനപ്രതിനിധികളടക്കുള്ളവര് നിരവധി തീരുമാനങ്ങള്‍ എടുക്കാറുണ്ടെങ്കിലും പിന്നീട് അടുത്തൊരു വലിയ അപകടംവരെ അത് മറക്കാറാണ് പതിവ്.
ദിവസങ്ങള്‍ക്ക് മുന്‍പ് കൂനമ്മാവ് മേസ്തിരിപ്പടിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടി ഇടിച്ച് മറിഞ്ഞ് ഇന്ധന ചോര്‍ച്ചയുണ്ടാക്കിയത് ജനങ്ങളിലും അധികൃതരിലും ഏറെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. അടുത്ത ദിവസം ഇരുചക്രവാഹനം ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ചേര്‍ത്തല പെരുമ്പളം സ്വദേശി മരമടഞ്ഞു. തിങ്കളാഴ്ച പറവൂര്‍ തെക്കെ നാലു വഴിയില്‍ നിയന്ത്രണം വിട്ട കാര്‍ സ്വകാര്യ ബസിന് പിന്നിലിടിച്ച് തകര്‍ന്നിരുന്നു.
ദേശീയപാത പതിനേഴ് അപ്ഗ്രേഡ് ചെയ്തു 66 ആക്കിയതോടെ തിരൂര്‍ മുതല്‍ കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം വരെ റോഡിന് വീതി കൂട്ടിയിരുന്നു. എന്നാല്‍ മൂത്തകുന്നം മുതല്‍ വരാപ്പുഴ ഷാപ്പുപടി വരെ യാതൊരുവിധ റോഡു വികസന പ്രവര്‍ത്തനങ്ങളും നടന്നില്ല. ഈ മേഖലയില്‍ പല റോഡുകളിലും ഒരു സമയത്ത് രണ്ട് വാഹനങ്ങള്‍ക്ക് കടന്നു പോകാനുള്ള സൗകര്യമില്ല. അമിത വേഗതയും അശ്രദ്ധയും മൂലം നിരവധി ജീവനുകള്‍ റോഡില്‍ പൊലിഞ്ഞെങ്കിലും റോഡ് വികസനത്തിന് മാത്രം ഇതുവരെ പരിഹാരമായില്ലെന്ന് ആളുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: