ന്യൂദല്‍ഹി: ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് പിന്തുണയറിയിക്കാന് പാര്‍ലമെന്റിന് പുറത്ത് എംപിമാര്‍ക്കൊപ്പം മുദ്രാവാക്യം മുഴക്കി കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂര്‍. ഒളിംപിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യയില്‍നിന്നുള്ള അത്ലറ്റുകള്‍ക്കും കായികതാരങ്ങള്‍ക്കും പിന്തുണ നല്കാന് രാജ്യത്തെ ജനങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചു. ടോക്കിയോ ഒളിംപിക്സിന് വെള്ളിയാഴ്ച തുടക്കമാകും. കഴിഞ്ഞകൊല്ലം നടക്കേണ്ടിയിരുന്ന മത്സരങ്ങള്‍ കോവിഡ്മൂലം നീട്ടിവയ്ക്കുകയായിരുന്നു.
‘വിക്ടറി പഞ്ച്’, ‘ജയ് ഹിന്ദ്’ എന്നീ മുദ്രാവാക്യങ്ങളാണ് മറ്റ് എംപിമാര്‍ക്കൊപ്പം അനുരാഗ് താക്കൂര്‍ മുഴക്കിയത്. ‘ടോക്കിയോ ഒളിംപിക്സില്‍ പങ്കെടുക്കുന്ന നമ്മുടെ കളിക്കാരുടെ ആത്മവീര്യം വര്‍ധിപ്പിക്കാനാണ് ഞങ്ങള്‍ ഇന്നിവിടെ കൂടിയിരിക്കുന്നത്. ഞങ്ങളുടെ ‘വിക്ടറി പഞ്ച്’ ഇതാ’- അനുരാഗ് താക്കൂര്‍ പറഞ്ഞു. ഇന്ത്യന്‍ അത്ലറ്റുകള്‍ക്ക് പിന്തുണ നല്‍കാനും താക്കൂര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.
‘അഞ്ചു അംഗങ്ങളെക്കൂട്ടി വീട്ടിലോ, ജോലി സ്ഥലത്തോ നിങ്ങള്‍ സ്വന്തമായി വീഡിയോ ചിത്രീകരിച്ച് അഞ്ച് പേര്‍ക്ക് ടാഗ് ചെയ്യൂ. ഇന്ത്യന്‍ കളിക്കാരുടെ ആത്മവീര്യം ഉയര്‍ത്താന്‍ മുന്നോട്ടുവരൂ. അതുമൂലം നിങ്ങളുടെ കളിക്കാര്‍ക്ക് ടോക്കിയോ ഒളിംപിക്സില്‍ മികച്ച പ്രകടനം നടത്താനാകും.ചിയര്‍ ഫോര്‍ ഇന്ത്യ. ജയ് ഹിന്ദ്’ – കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ടോക്കിയോ ഒളിംപിക്സിനുള്ള കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. 126 പേര് അടങ്ങുന്ന ഇന്ത്യന്‍ സംഘമാണ് ടോക്കിയോയില്‍ എത്തിയിരിക്കുന്നത്. 18 കായിക ഇനങ്ങളിലായി 69 വിഭാഗങ്ങളില്‍ ഇവര്‍ മാറ്റുരയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: