Categories: Samskriti

ശബരിമലയിലെ ‘തത്വമസി’ക്കു പിന്നില്‍ ചിന്മയാനന്ദ സ്വാമി

Published by

തിരുവനന്തപുരം: പുണ്യപാപങ്ങളുടെ ഇരുമുടിക്കെട്ടുമേന്തി ശരണം വിളിച്ച്, ലൗകികതയുടെ പടവുകളായ പൊന്നുപതിനെട്ടാംപടി കയറി സാക്ഷാല്‍ ശബരീശന്റെ സന്നിധിയിലെത്തുന്ന ഭക്തനെ വരവേല്‍ക്കുന്നത് ‘തത്വമസി’ എന്ന വാക്യമാണ്. മലയാളത്തിലും സംസ്‌കൃതത്തിലും ശ്രീകോവിലിനു മുന്നില്‍ എഴുതിവെച്ചിരിക്കുന്ന വേദാന്തപ്പൊരുളായ മഹാവാക്യം.

‘ഈശ്വരന്‍ നീയാണ്’ എന്നു ശ്വേതകേതുകുമാരനെ അച്ഛനായ ആരുണി മഹര്‍ഷി ഉപദേശിക്കുന്ന തത്വമസി എന്ന മഹാവാക്യം ഛാന്ദോഗ്യോപനിഷത്തിലേതാണ്. അഹങ്കാരത്തിനും അറിവില്ലായ്മയ്‌ക്കും കാമം, ക്രോധം, ലോഭം, മോഹം മുതലായ അഷ്ടരാഗങ്ങള്‍ക്കുമപ്പുറം പരമാത്മചൈതന്യത്തിന്റെ വെളിച്ചമേകുന്നതാണു ‘തത്വമസി’. മാലയിട്ട്, വ്രതമെടുത്ത്, ശരണംവിളിച്ച് പതിനെട്ടു മലകളും താണ്ടി അയ്യപ്പസന്നിധിയിലെത്തുന്ന ഭക്തന്‍ തത്വമസിയെന്ന വാക്യം ഓര്‍മിപ്പിക്കുന്ന ഈശ്വരപദത്തിലേക്കാണ് എത്തുന്നത്.  

‘തത്വമസി’  ശബരിമല സന്നിധാനത്ത് എത്തിയിട്ട് അധിക നാളായില്ല. കൃത്യമായി പറഞ്ഞാല്‍ 1982 ഡിസംബര്‍ 8 നാണ് ക്ഷേത്ര മുഖപത്മത്തില്‍ ഈ വേദവാക്യം സ്ഥാപിച്ചത്. അതിനു പിന്നില്‍ സ്വാമി ചിന്മയാനന്ദനും.

സ്വാമി കേരളത്തില്‍ എത്തുമ്പോള്‍ സന്തതസഹചാരിയായി കൂടാറുള്ളത് പാലക്കാട് സ്വദേശിയും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനുമായ കാളിദാസന്‍  ആണ്.  ശബരിമലക്ക് പോകാനായി പുറപ്പെട്ട   കാളിദാസനും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സ്വാമിയും മുബൈയ് വിമാനത്തവളത്തില്‍ വെച്ച് കണ്ടുമുട്ടി. സംസാരത്തിനിടയില്‍ സ്വാമി പറഞ്ഞു ‘ അവിടെ എത്തുമ്പോള്‍ അധികാരികളോട്  ക്ഷേത്രത്തിലെത്തുന്നവര്‍ക്കെല്ലാം ദൃശ്യമാകുന്ന തരത്തില്‍ ‘തത്വമസി’ എന്ന് എഴുതിവെക്കണം എന്ന പറയണം’

ടി എന്‍ ഉപേന്ദ്രനാഥക്കുറുപ്പാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. സ്വാമി ചിന്മയാനന്ദനെ  ചെറുകോല്‍പുഴ ഹിന്ദുകണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കുന്നതിനായി അദ്ദേഹം പലതവണ   കാളിദാസനുമായി നേരത്തെ ബന്ധപ്പെട്ടിരുന്നു. സ്വാമി പറഞ്ഞ അഭിപ്രായം പ്രസിഡന്റിനോടു പറഞ്ഞു. പറ്റിയ സ്ഥലം എവിടെ എന്ന ചോദ്യം മാത്രമാണ് ഉണ്ടായത്. തന്ത്രി കണ്ടരരു നീലകണ്ഠര്‍ പതിനെട്ടാം പടിക്കുമുന്നില്‍ നിന്നുകൊണ്ട് സ്ഥലം ചൂണ്ടിക്കാണിച്ചു. 1982 ഡിസംബര്‍ 8 ന് മേല്‍ശാന്തി പൂന്തോട്ടം നാരായണന്‍ നമ്പൂതിരി ബോര്‍ഡ് സ്ഥാപനം നിര്‍വഹിച്ചു. 

സ്വാമി ചിന്മയാനന്ദന്‍ ആദ്യമായി ശബരിമല ചവുട്ടിയത് 1984 ഏപ്രില്‍ 14 ന് വിഷുദിനത്തിലാണ്. നിലയ്‌ക്കല്‍ വികസനസമിതിയുടെ ക്ഷണം സ്വീകരിച്ചായിരുന്നു യാത്ര.  കോട്ടയത്ത്  ഗീതാജ്ഞാനയജ്ഞത്തിനെത്തുമ്പോള്‍ നിലയ്‌ക്കല്‍ പള്ളിയറക്കാവ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണചടങ്ങ് ഉദാഘാടനം ചെയ്യാമെന്ന് സ്വാമി സമ്മതിച്ചിരുന്നു.  തലേന്നാണ് ശബരിമലയിലേ പോകുന്ന കാര്യം തീരുമാനിക്കപ്പെട്ടത്. സ്വാമി ചിന്മയാന്ദനെ സപ്തര്‍ഷി പദവി നല്‍കി തിരുവിതാംകൂര്‍ രാജകുടുംബം ആദരിച്ചിരുന്നു. അതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ എത്തുമ്പോള്‍ പൂര്‍ണ്ണകുംഭം നല്‍കി ആദരിക്കണമെന്ന നിര്‍ദ്ദേശവും ഉണ്ടായിരുന്നു. കുമ്മനം രാജശേഖരന്‍ ദേവസ്വം അധികൃതരുമായി സംസാരിച്ച് വേണ്ട വ്യവസ്ഥകള്‍ ചെയ്തു. കുമ്മനത്തിനും കാളിദാസിനും ഒപ്പം മല ചവുട്ടിയ സ്വാമി ചിന്മയാനന്ദനെ  ആചാര പൂര്‍വം ദേവസ്വം അധികൃതര്‍ സ്വീകരിച്ചു. പതിനെട്ടാം പടിയിലെത്തിയപ്പോള്‍ പ്രശ്‌നം. സ്വാമിക്ക് ഇരുമുടികെട്ടില്ല. സന്നിധാനത്തിലെ പവിത്രമായ പതിനെട്ട് പടി ചവിട്ടാന്‍ ഇരുമുടിക്കെട്ട് നിര്‍ബന്ധമാണ്. ഉരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടാന്‍ പാടില്ലന്ന് ദേവസ്വം കമ്മീഷണര്‍. സ്വാമിയോട് നേരിട്ടു പറയാന്‍ എല്ലാവര്‍ക്കും പ്രയാസം.

 കുമ്മനം രാജശേഖരന്‍  ഇടപെട്ട് പ്രശ്‌നം രമ്യമായി പരിഹരിച്ചു.   ‘പുണ്യപാപങ്ങളുടെ ചുമടാണ് ഇരുമുടിക്കെട്ട്. ലൗകിക ജീവിതം ഉപേക്ഷിച്ച സന്യാസിമാര്‍ക്ക്  നന്മയുടേയും തിന്മയുടേയും പ്രതീകമായും ഇരുമുടിക്കെട്ടിന്റെ ആവശ്യമില്ല’  എന്ന സ്വാമിയുടെ അഭിപ്രായം കുമ്മനം  അധികൃതരെ ബോധ്യപ്പെടുത്തിയതോടെ  പ്രശ്‌നത്തിന് പരിഹാരമായി. സ്വാമി ചിന്മയാനന്ദന്‍  ഇരുമുടിയില്ലാതെ പതിനെട്ടാം പടി ചവുട്ടി.

കേരളത്തിലെ ഹിന്ദു മുന്നേറ്റത്തിന്റേയും നവോതാത്ഥാനത്തിന്റേയും  ചരിത്രത്തിനിടയിലെ ഇത്തരം അറിയപ്പെടാത്ത വിവരങ്ങള്‍ ഇത്തവണത്തെ ജന്മഭൂമി ഓണപ്പതിപ്പില്‍ വായിക്കാം

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by