ടോക്കിയോ: ഒളിമ്പിക്സില്‍ മെഡല്‍ നേടി മടങ്ങിയെത്തിയാല്‍ ഇന്ത്യന്‍ കായിക താരങ്ങളെ കാത്തിരിക്കുന്നത് കോടികള്‍. വിദേശ രാജ്യങ്ങളെപ്പോലും കടത്തിവെട്ടുന്ന തുകയാണ് ചില സംസ്ഥാന സര്‍ക്കാരുകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ടോക്കിയോ ഒളിമ്പിക്സില്‍ 125 താരങ്ങളാണ് ഇന്ത്യക്കു വേണ്ടി 18 ഇനങ്ങളിലായി മല്‍സരിക്കുന്നത്. ഒളിമ്പിക്സിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ഇത്രയുമധികം ഇന്ത്യന്‍ അത്ലറ്റുകള് പങ്കെടുക്കുന്നതും ഇതാദ്യമായിട്ടാണ്.
25 ലക്ഷത്തില്‍ തുടങ്ങി ആറു കോടി വരെയാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ മെഡല്‍ വിജയികള്‍ക്കു നല്‍കുമെന്ന് അറിയിച്ചിരിക്കുന്നത്. ഹരിയാന, ഉത്തര്‍പ്രദേശ്, ഒഡീഷ സര്‍ക്കാരുകള്‍ സ്വര്‍ണ മെഡല്‍ നേടുന്ന തങ്ങളുടെ അത്ലറ്റുകള്‍ക്കു ആറു കോടി വീതം പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ 75 ലക്ഷത്തിന് പുറമെയാണിത്. കര്‍ണാടക, ഗുജറാത്ത് സംസ്ഥാനങ്ങളാണ് സമ്മാനത്തുകയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. അഞ്ചു കോടിയാണ് സ്വര്‍ണ മെഡല്‍ വിജയികള്‍ക്ക് ഓഫര്‍ ചെയ്തിരിക്കുന്നത്. മൂന്നു കോടി നല്‍കുമെന്ന് തമിഴ്നാട്, ദല്‍ഹി, രാജസ്ഥാന്, സിക്കിം സംസ്ഥാനങ്ങളും പഞ്ചാബ് 2.25 കോടിയും ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, തെലങ്കാന സംസ്ഥാന സര്‍ക്കാരുകള്‍ രണ്ടു കോടി വീതവും സ്വര്‍ണ മെഡല്‍ വിജയികള്‍ക്ക് നല്‍കും.
ഉത്തരാഖണ്ഡ്(1.5 കോടി), മണിപ്പൂര്‍(1.2 കോടി), മഹാരാഷ്ട്ര, ഗോവ (1 കോടി), മേഖാലയ (75 ലക്ഷം), ജമ്മു കശ്മീര്‍ (50 ലക്ഷം) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ വാഗ്ദാനങ്ങള്‍. കേരളം ഒരു കോടിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തങ്ങളുടെ സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് നല്കുന്ന തുകയിലും അധികമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: