തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ ലോക്കറ്റ് വഴിപാട് പണം തട്ടിപ്പില്‍ ബാങ്ക് ജീവനക്കാരന് അറസ്റ്റില്‍. കോട്ടപ്പടി തമ്പുരാന്‍പടി സ്വദേശി നന്ദകുമാറാണ് അറസ്റ്റിലായത്. പഞ്ചാബ് നാഷണല്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയിലെ ക്ലര്‍ക്കാണ് നന്ദകുമാര്‍. ഗുരുവായൂര്‍ ദേവസ്വം ബാങ്കില്‍ നിക്ഷേപിച്ച 27.5 ലക്ഷം കാണാതായ സംഭവത്തിലാണ് പോലീസ് ബാങ്ക് ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. ഗുരുവായൂരിലെ പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിക്ഷേപിച്ച തുകയായിരുന്നു കാണാതായത്. ദേവസ്വം ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
നഷ്ടപ്പെട്ട പണത്തില്‍ നിന്നും 16.16 ലക്ഷം രൂപ കഴിഞ്ഞ വെള്ളിയാഴ്ച്ച ബാങ്ക് ദേവസ്വം അക്കൗണ്ടില്‍ അടച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥ നഷ്ടം 27.50 ലക്ഷം രൂപയും പലിശയുമാണെന്ന് ദേവസ്വം തിങ്കളാഴ്ച ബാങ്കിനെ അറിയിച്ചു. ബാക്കിയുള്ള 11 ലക്ഷത്തിലേറെ രൂപയും പലിശയും ബാങ്ക് ദേവസ്വം അക്കൗണ്ടില്‍ അടക്കേണ്ടതുണ്ട്.
ഗുരുവായൂര്‍ ദേവസ്വം സ്വര്‍ണ ലോക്കറ്റ് വിറ്റ തുക ബാങ്കിലെ ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിലെത്തി ശേഖരിച്ച് ബാങ്കില്‍ അടക്കുകയാണ് പതിവ്. പണം വാങ്ങുമ്പോള്‍ ദേവസ്വത്തിന് രസീത് നല്‍കും .2019- 20 സാമ്പത്തിക വര്‍ഷം മുതല്‍ രസീതിലുള്ള തുകയേക്കാള്‍ 27.50ലക്ഷം രൂപ കുറവാണ് അക്കൗണ്ടിലെന്ന് ദേവസ്വം ഇന്റേണ്‍ ഓഡിറ്റ് വിഭാഗം കണ്ടെത്തിയതോടെയാണ് പണം നഷ്ടപ്പെട്ട വിവരം പുറം ലോകമറിഞ്ഞത്. പണം നഷ്ട്ടപ്പെട്ട വിവരം അറിഞ്ഞതോടെ ബിജെപി അടക്കമുള്ള സംഘടനകള്‍ ദേവസ്വം ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: