ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ഇല്ലാതെ ആളുകള്‍ മരിച്ചെന്ന വാദം തള്ളി ബിജെപി വക്താവ് സമ്പിത് പത്ര. കോവിഡ് മൂലമുള്ള വിവിധ പാര്‍ട്ടികള്‍ രാഷ്‌ട്രീയം കളിക്കുന്നതിനെയും സമ്പിത് പത്ര അപലപിച്ചു.
ആരോഗ്യം എന്നത് കേന്ദ്രത്തിന്റെ മാത്രം വിഷയമല്ല, സംസ്ഥാനങ്ങളുടെ കൂടി വിഷയമാണ്. ഒരൊറ്റ സംസ്ഥാനം പോലും ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ച രോഗികളുടെ വിവരങ്ങള്‍ നല്‍കിയിട്ടില്ല. – സമ്പിത് പത്ര പറഞ്ഞു.
ദല്‍ഹിയില്‍ ഓക്‌സിജന്‍ പ്രതിസന്ധിയെന്ന് അറിഞ്ഞത് അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും വാര്‍ത്താസമ്മേളനം വിളിച്ചുകൂട്ടിയതിന് ശേഷമാണ്. പിറ്റേന്ന് മുതല്‍ അരവിന്ദ് കെജ്രിവാള്‍ രാഷ്‌ട്രീയം കളിക്കാന്‍ തുടങ്ങി. പ്രശ്‌നം ദല്‍ഹി ഹൈക്കോടതിയില്‍ എത്തി. ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലെ 21 പേരുടെ മരണം സംബന്ധിച്ച് പഠിക്കാന്‍ ഒരു നാലംഗ സമിതിയെ നിയോഗിക്കാന്‍ ഹൈക്കോടതി ദല്‍ഹി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. എന്നാല്‍ ഈ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഓക്‌സിജന്‍ ക്ഷാമം മൂലമാണ് രോഗികള്‍ മരിച്ചതെന്ന് പറഞ്ഞിട്ടില്ല. ഇതിനിടെ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയും അവരുടെ നിലപാടുകളില്‍ ആടിക്കളിച്ചതിനെയും സമ്പിത് പത്ര വിമര്‍ശിച്ചു.
കോണ്‍ഗ്രസും ശിവസേനയും ചേര്‍ന്ന് ഭരിക്കുന്ന മഹാരാഷ്‌ട്ര സര്‍ക്കാരും ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ഓക്‌സിജന്‍ ക്ഷാമം മൂലം ആരെങ്കിലും മരിച്ചതായി പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന ഛത്തീസ്ഗഢ് സര്‍ക്കാരും ഓക്‌സിജന്‍ കുറവ് മൂലം ആരെങ്കിലും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ വിഷയത്തില്‍ രാഹുല്‍ഗാന്ധി രാഷ്‌ട്രീയം കളിക്കുകയാണെന്നും സമ്പിത് പത്ര ആരോപിച്ചു.
രാഹുല്‍ഗാന്ധി രാഷ്‌ട്രത്തെ വഴിതെറ്റിക്കുകയാണ്. എന്തിനാണ് കോവിഡ് വിഷയത്തില്‍ രാഹുല്‍ഗാന്ധി രാഷ്‌ട്രീയം കളിക്കുന്നത്. ഇത്തരം വ്യക്തികളെ മാധ്യമങ്ങള്‍ തുറന്നുകാണിക്കുകയും ചോദ്യചെയ്യുകയും വേണം. – സമ്പിത് പത്ര പറഞ്ഞു.
മൂന്നാം തരംഗത്തെക്കുറിച്ച് കൂടിയാലോചനകള്‍ക്ക് പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാത്ത ആംആദ്മിയെ സമ്പിത് പത്ര വിമര്‍ശിച്ചു. ഇപ്പോള്‍ ഇത്തരം യോഗങ്ങളില്‍ പങ്കെടുക്കാത്ത ഇവര്‍ പിന്നീട് രാഷ്‌ട്രീയം കളിക്കാന്‍ വരുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: